- Trending Now:
തിരുവനന്തപുരം: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ 'റിഫ്ളെക്ടോ' ടെക്നോപാർക്കിലെ പ്രമുഖ ഇന്നൊവേഷൻ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് പുറത്തിറക്കി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം വെബ് ആപ്ലിക്കേഷനുകളാണ് 'റിഫ്ളെക്ടോ'. ജീവനക്കാർക്കിടയിലെ ആശയവിനിമയവും പരസ്പര സഹകരണവും സുഗമമാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
ധാരാളം സമയവും ഡിസൈൻ വൈദഗ്ധ്യവും ആവശ്യമായിരുന്ന സർഗാത്മകമായ ജോലികൾ കാര്യക്ഷമമായി ചെയ്യാൻ 'റിഫ്ളെക്ടോ' ആപ്ലിക്കേഷൻ സഹായിക്കും. ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുൻപരിചയം ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാം. മുൻപ് കമ്പനിക്കുള്ളിൽ ആശയവിനിമയം നടത്താൻ വേണ്ട പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ മണിക്കൂറുകൾ ചിലവഴിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി ഒറ്റ ക്ലിക്കിൽ പോസ്റ്ററുകൾ ഉണ്ടാക്കാൻ 'റിഫ്ളെക്ടോ' യ്ക്ക് കഴിയുന്നു.
റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിലെ ജീവനക്കാർക്കിടയിൽ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കുള്ള പോസ്റ്ററുകൾ, ജന്മദിനാശംസകൾ എന്നിവ ഒറ്റ ക്ലിക്കിൽ ഇത് തനിയെ തയാറാക്കി നൽകും. കമ്പനിയിലെ ലീഡർമാർക്ക് അവരുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ ബിസിനസ് കാർഡുകൾ ഉടനടി നിർമ്മിക്കാനും സഹായകമാകും. ഷൗട്ട് ഔട്ട്, സ്പോട്ട് അവാർഡ് എന്നീ ഫീച്ചറുകളിലൂടെ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളെ നിമിഷങ്ങൾക്കകം മനോഹരമായ അഭിനന്ദന പോസ്റ്ററുകളാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.
ജീവനക്കാർക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബ്രാൻഡ് ഐഡൻറിറ്റി ശക്തിപ്പെടുത്തുന്നതിനും പരസ്പരം അംഗീകരിക്കുന്ന സംസ്കാരം വളർത്തുന്നതിനുമായി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് ചെയ്യുന്ന പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് 'റിഫ്ളെക്ടോ' റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടർ (മാർക്കറ്റിംഗ്) ഹരിനാരായണൻ പിള്ള പറഞ്ഞു. തൊഴിലിടങ്ങളിലെ ഫലപ്രദമായ എഐ ഉപയോഗവും കാര്യക്ഷമതയും വർദ്ധിപ്പിക്കൽ, ടീമുകളെ ശാക്തീകരിക്കൽ എന്നിവയ്ക്കുള്ള റിഫ്ളക്ഷൻസിൻറെ പ്രതിബദ്ധത ഇതിലൂടെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്.
ലോകത്തിലെ മുൻനിര ബ്രാൻഡുകളുടെ ടെക്നോളജി ട്രാൻസ്ഫർമേഷൻ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആർഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകൾ തുറക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
2008 ൽ സ്ഥാപിതമായ റിഫ്ളക്ഷൻസ് ഇപ്പോൾ യുഎസ്, ബഹ്റൈൻ, ഖത്തർ, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവർത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.