Sections

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും ഇന്റര്‍നെറ്റ് സ്വാധീനവും

Monday, Jul 12, 2021
Reported By GOPIKA G.S.
online classes

കുട്ടികളിലെ ഇന്റര്‍നെറ്റ് സ്വാധീനം

      

കോവിഡ് മഹാമാരി സകല മേഖലകളിലും അടിമുടി മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പല മേഖലകളും ഉടച്ചു വാര്‍ക്കേണ്ട ഘട്ടത്തിലുമാണ്. മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്ത് വിദ്യാര്‍ത്ഥികളെക്കാളും ആശങ്ക മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ്. എന്തെന്നാല്‍ മുന്‍പ് എന്ത് ഉപയോഗിക്കരുതെന്നു പറഞ്ഞു കുട്ടികളെ വിലക്കിയിരുന്നുവോ അതാണ് ഇന്ന് കുട്ടികളുടെ ദിശാസൂചിക. 

മുന്‍പ് മൊബൈലോ ലാപ്‌ടോപ്പോ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ നല്ല വഴക്കും ശിക്ഷയും കിട്ടിയിരുന്നിടത്ത് നിന്ന് ഇന്ന് ഇവയെല്ലെങ്കിലാണ് വഴക്ക് കിട്ടുക. കൊറോണ വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിയിരിക്കുന്നു. വിളിക്കാന്‍ ബേസിക് ഫോണ്‍ മാത്രം ഉപയോഗിക്കാന്‍ അറിയാവുന്ന പ്രായമായ അദ്ധ്യാപകര്‍ പോലും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നു. സ്‌കൂളിന്റെയോ കോളേജിന്റെയോ അന്തരീക്ഷം ഇല്ലെങ്കിലും ക്ലാസുകള്‍ മുടങ്ങാതെ നടക്കുന്നു. പക്ഷേ അത് എത്രത്തോളം ഫലപ്രദമാണ്? ഇന്റ്ര്‍നെറ്റിന്റെ സ്വാധീനം കുട്ടികളില്‍ എത്രത്തോളമാണ്? രക്ഷിതാക്കള്‍ കുട്ടികളുടെ പഠനത്തെപ്പറ്റി എത്രത്തോളം ബോധവാന്മാരാണ്?

സ്‌കൂളുകള്‍ അടച്ചിട്ടതും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതും ഗുണകരമാണ് എന്ന നമുക്ക് തോന്നാം. പക്ഷെ എലിക്കെണിയില്‍ അകപ്പെട്ട എലിയുടെ അവസ്ഥയിലാണ് പല കുട്ടികളും. പഠനവും കളിയും കൂട്ടുകാരുമൊക്കെയായി നടന്നിരുന്ന അവര്‍ക്ക് സ്ഥിരമായുള്ള ഈ വീട്ടിലിരിപ്പ് ഒരു തടവറയാണ്. അവധിക്കാലമായാല്‍ പുറത്ത് പോയി രാവും പകലുമെന്നില്ലാതെ കളിച്ചിരുന്ന കുട്ടികള്‍ക്ക് സ്വന്തം വീടിന്റെ പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ അവരെ മാനസികമായി എത്രമാത്രം ബാധിച്ചിട്ടുണ്ട്. 

 കൂട്ടുകാരോട് മനസ്സു തുറന്ന് സംസാരിക്കാന്‍ സാധിക്കാതെ, കളിചിരികളില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ പുറത്തേക്കൊന്നിറങ്ങാന്‍ സാധിക്കാതെ അവര്‍ വലയുമ്പോള്‍ മുതിര്‍ന്നവരോടെന്നവണ്ണം രക്ഷിതാക്കള്‍ ഇടപഴകുന്നത് വലിയ സമ്മര്‍ദ്ദങ്ങളിലേക്കാണ് കുട്ടികളെ ചെന്നെത്തിക്കുക. ജോലിയും വീട്ടുജോലിയും കുട്ടികളെ നോക്കുന്നതും എല്ലാം കൂടി ആകുമ്പോള്‍ രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദമേറും. പല രക്ഷിതാക്കള്‍ക്കും വീട്ടിലിരുന്ന് തന്നെയാണ് ഇപ്പോള്‍ ജോലി. അതിന്റെ കൂടെ കുട്ടികള്‍ പല കാര്യത്തിനും വരുന്നത് രക്ഷിതാവിനെയും വലയ്ക്കും. തങ്ങളുടെ ജോലി എളുപ്പമാക്കാനും കുട്ടികളെ ഒരു സ്ഥലത്ത് അടക്കി ഇരുത്തുന്നതിനും പല രക്ഷിതാക്കളും ചെയ്യുന്നത് ഒന്നെങ്കില്‍ ടിവി അല്ലെങ്കില്‍ മൊബൈല്‍ കുട്ടികള്‍ക്ക് നല്‍കും. ഇപ്പോള്‍ പഠനവും ഓണ്‍ലൈന്‍ ആയത് കൊണ്ട് മൊബൈല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കൊണ്ട് വലിയ തെറ്റില്ല എന്നാണ് പല രക്ഷിതാക്കളുടെയും സമീപനം. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ എന്ത് ചെയ്യുന്നുവെന്ന് ഈ രക്ഷിതാക്കള്‍ നോക്കാറുണ്ടോ? 

കുട്ടികള്‍ ഭൂരിഭാഗം സമയങ്ങളിലും സോഷ്യല്‍ മീഡിയകളെയും ഗെയിമുകളെയുമാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സമയത്ത് പോലും പല കുട്ടികളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. മാതാപിതാക്കള്‍ കൂടെയിരുന്നാല്‍ മാത്രമേ നല്ലൊരു ശതമാനം കുട്ടികളും കൃത്യമായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാലും കുട്ടികള്‍ ഗെയിമും സോഷ്യല്‍ മീഡിയയുമായി ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇത് എത്ര ദോഷകരമാണെന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? 

ഒരു ദിവസം 30 മിനുട്ടില്‍ താഴെ മാത്രമേ കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം അനുവദിക്കാവൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മുന്‍പ് ഒമ്പത്, പത്ത് വയസുള്ള 11000 കുട്ടികളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് തെളിഞ്ഞത്.

 ദിവസം ഏഴുമണിക്കൂറിലേറെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, വിഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് എം.ആര്‍.ഐ സ്‌കാനിങ്ങ് എടുത്തപ്പോള്‍ തലച്ചോറില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.ദിവസം രണ്ടു മണിക്കൂറിലേറെ ഇത്തരം ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ചിന്താശേഷിയിലും ഭാഷാശേഷിയിലും പിറകിലാണെന്നും തെളിഞ്ഞു.കൂടുതല്‍ സമയം സ്‌ക്രീനില്‍ ചെലവിടുന്നതുകൊണ്ട് പഠന നിലവാരത്തില്‍ കുറവുണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. സ്‌ക്രീന്‍ ടൈം കൂടുന്നത് കുട്ടികളില്‍ അമിത വണ്ണത്തിനും ഉറക്കക്കുറവിനും ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കുട്ടികള്‍ എത്രസമയം സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നുവെന്ന് രക്ഷിതാക്കള്‍ അറിയണം. നിലവിലെ ഓണ്‍ലൈന്‍ പഠന സാഹചര്യത്തില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ അവര്‍ക്ക് ഫോണോ കമ്പ്യൂട്ടറോ അനുവദിക്കരുത്. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ ഫോണിലോ കമ്പ്യൂട്ടറിലോ എന്ത് ചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ കൃത്യമായി അറിഞ്ഞിരിക്കണം. കാരണം അപകടവും ആസക്തിയുളവാക്കുന്ന നിരവധി ഗെയിമുകളുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം മാത്രമല്ല ഫോണിലുള്ള നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തി, നമ്മളെ സാമ്പത്തിക ചൂഷണത്തിനും ഇരയാകാന്‍ കഴിയുന്ന തട്ടിപ്പുകാര്‍ ഇത്തരം ഗെയിമിനു പിന്നില്‍ പ്രവൃത്തിക്കുന്നുണ്ട്. അവയില്‍ കുട്ടികള്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെയ്ക്കണം.

ഓണ്‍ലൈന്‍ പഠന സംവിധാനത്തിന്റെ ഗുണങ്ങളും പോരായ്മകളും പഠിക്കുന്നതിനും അതിനെ കുറിച്ചുളള കുട്ടികളുടെ കാഴ്ചപ്പാടും അഭിപ്രായവും അറിയുന്നതിനും കനല്‍ എന്ന എന്‍ ജി ഒ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വന്നിരുന്നു. കുട്ടികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനയാണ് കനല്‍.

പഠന പ്രവര്‍ത്തനങ്ങള്‍ അല്ലാതെയുളള ഒരു പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ക്ലാസിലൂടെ നടക്കുന്നില്ല. അതുപോലെ അദ്ധ്യാപകരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുറന്നു പറയുന്നതിനും കഴിയുന്നില്ല. ഓണ്‍ലൈന്‍ പരീക്ഷകള്‍ തികച്ചും ഫലപ്രദമല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്. അതിന്റെ കാരണങ്ങളില്‍ ഒന്നായി ചൂണ്ടി കാണിച്ചത് ടൈപ്പിംഗ് സ്പീഡ് കുറഞ്ഞ കുട്ടികള്‍ നേരിടുന്ന പ്രശ്നമാണ്.

ഒരു വീട്ടിലെ രണ്ടോ അതിലധികമോ കുട്ടികള്‍ ഒരു ഗാഡ്‌ജെറ്റ് ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടും കുട്ടികള്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ നടത്തുന്ന എക്‌സ്ട്രാ ക്ലാസുകളും കുറഞ്ഞ സമയത്തിനുളളില്‍ തീര്‍ക്കുന്ന വലിയ സിലബസും അതിന്റെ ഭാഗമായി നല്‍കുന്ന ഗൃഹപാഠങ്ങളും അതിനു വേണ്ടി വീണ്ടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതായി വരുന്നതും പലരുടെയും സ്‌ക്രീന്‍ ടൈം ക്രമാതീതമായി കൂട്ടി. കൃത്യമായ മേല്‍നോട്ടം ലഭിക്കാത്ത കുട്ടികളും, പഠനത്തില്‍ താത്പര്യമില്ലാത്ത കുട്ടികളും ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി ഉപയോഗിക്കുന്നില്ല.

പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗുരുതരമാണ്. പലരും അദ്ധ്യാപകരെയോ, സഹപാഠികളെയോ നേരില്‍ കണ്ടിട്ടില്ല. അദ്ധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയാത്തതു മൂലം പാഠഭാഗങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂടുതല്‍ കുട്ടികളും ലൈവ് ക്ലാസുകളെക്കാള്‍ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും റെക്കോര്‍ഡഡ് വീഡിയോകളുമാണ്.ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യക്ഷമത കൃത്യമായി മനസിലാകുന്നതിനായുളള സംവിധാനം ഇല്ല എന്നതാണ് കനല്‍ നടത്തിയ സര്‍വേയില്‍ നിന്നും പ്രധാനമായും വെളിവാകുന്നത്. പാഠ ഭാഗങ്ങള്‍ തീര്‍ക്കുക എന്നതിലേക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ ലക്ഷ്യം ചുരുങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാകുന്നതെന്ന് കനലിന്റെ ഡയറക്ടര്‍ ആന്‍സണ്‍ പി അലക്സാണ്ടര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്തെ മികച്ച വിദ്യാഭ്യാസ ശീലങ്ങളുടെ യുനെസ്‌കോ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട രാജ്യങ്ങളുടെ പൊതു സ്വഭാവം അവ കൊടുക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മനസിലാക്കാനായുളള സമ്പ്രദായങ്ങള്‍ കൂടെ കൃത്യമായി നടത്തുന്നു എന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഈ ഒരു പോരായ്മ നമുക്ക് കാണാന്‍ കഴിയും. അതോടൊപ്പം പരീക്ഷയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് സിലബസ് തീര്‍ക്കുക എന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ പാഠഭാഗങ്ങളിലേക്ക് മാത്രം ചുരുക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ആന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.കുട്ടിയുടെ മാനസികവും ജീവിത നൈപുണ്യപരവുമായ (ലൈഫ് സ്‌കില്‍) വളര്‍ച്ചക്കും കൂടി പ്രാധാന്യം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ അസെസ്മെന്റിന്റെ മാതൃകയില്‍ കേരളം സ്വന്തം നിലയില്‍ ഒരു പരീക്ഷ നടത്തി ഓണ്‍ലൈന്‍ ക്ലാസിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ഗുണകരമാകുമെന്ന് സര്‍വേ അടിവരയിടുന്നു.
 
65.5 % കുട്ടികളുടെയും പഠനത്തെയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ സാരമായി ബാധിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് 82.3 % കുട്ടികളുടെയും മൊബൈല്‍ - ഇന്റര്‍നെറ്റ് ഉപയോഗം കൂടി. 21 % കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് പൂര്‍ണ ഫലപ്രദമാണെന്നും 62.3 % കുട്ടികള്‍ മിതമായി ഫലപ്രദമാണെന്നും 16.8 % കുട്ടികള്‍ തീരെ ഫലപ്രദമല്ല എന്നും അഭിപ്രായപ്പെട്ടു.25.5 % കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മനസിലാകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും 35.2 % കുട്ടികള്‍ക്ക് ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും രേഖപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 74.2 % പേര്‍ക്ക് സ്‌ക്രീന്‍ സമയം കൂടിയത് മൂലം കണ്ണിന് ബുദ്ധിമുട്ട് ഉളളതായും 45.8% പേര്‍ക്ക് തലവേദനയും 18.4 % പേര്‍ക്ക് ഉറക്ക കുറവ് ഉളളതായും പറഞ്ഞു. 

സുഹൃത്തുക്കളുമായി തൃപ്തികരമായ ബന്ധം പുലര്‍ത്താന്‍ 52 .6 % കുട്ടികള്‍ക്കും കഴിയുന്നില്ല. അതേസമയം, 47.4 % സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ബന്ധം നിലനിര്‍ത്തുന്നുണ്ട്. 34.2 % കുട്ടികള്‍ സൗഹൃദങ്ങള്‍ നഷ്ടപെട്ടതിന്റെ ഏകാന്തത അനുഭവിക്കുന്നവരാണ്. സൗഹൃദങ്ങള്‍ നഷ്ടപെട്ടത് തങ്ങള്‍ക്ക് ഒരു ദുഃഖവും ഉണ്ടാക്കിയിട്ടില്ല എന്ന അഭിപ്രായം പറഞ്ഞത് 6.1 % മാണ്.

ഓണ്‍ലൈന്‍ ഗൃഹപാഠങ്ങള്‍ കൃത്യസമയത്ത് തീര്‍ക്കുന്നവര്‍ 35.2 % ആണ്. 8.1 % മിക്കപ്പോഴും ഗൃഹപാഠങ്ങള്‍ ചെയ്യാറില്ല. അദ്ധ്യാപകരുമായി കൃത്യമായി ബന്ധം പുലര്‍ത്തുന്നവര്‍ 46.5 % ആണ്. 37.1 % വല്ലപ്പോഴും ബന്ധം പുലര്‍ത്തുന്നവരും 18 .6 % തീരെ ബന്ധം പുലര്‍ത്താതവരുമാണ്. 73.9 % കുട്ടികളും സ്‌കൂളില്‍ പോയി പഠിക്കുന്നതാണ് ഇഷ്ടപെടുന്നത്. ഓണ്‍ലൈന്‍ ക്ലാസിനെ ഇഷ്ടപെടുന്നവര്‍ 7.1 % മാത്രമാണ്. 18 .7 % കുട്ടികള്‍ രണ്ടു രീതിയും ഒരുപോലെ ആണ് എന്ന അഭിപ്രായക്കാരാണ്.

വിദ്യാര്‍ത്ഥികള്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് കണ്ടുപിടിക്കുന്നതിനുളള സാങ്കേതിക ജ്ഞാനം പല രക്ഷകര്‍ത്താക്കള്‍ക്കുമില്ല. വിദ്യാര്‍ത്ഥികള്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് ഓണ്‍ലൈന്‍ ക്ലാസിന്റെ മറവിലാണ്. ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇത്തരം സംഭവങ്ങള്‍ വിവിധയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. എങ്ങനെയാണ് അതിനെ തടയേണ്ടതെന്ന് രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അറിയില്ല. ഉത്തരവാദിത്തപ്പെട്ട ഫോണ്‍ ഉപയോഗത്തെപ്പറ്റി വ്യക്തമായ ധാരണ എല്ലാ സ്‌കൂളുകളും മുന്‍കൈയെടുത്ത് രക്ഷകര്‍ത്താക്കള്‍ക്കിടയില്‍ നടത്തേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുകയാണ്.

നിലവിലെ സാഹചര്യം അനുസരിച്ച് തുടര്‍ന്നങ്ങോട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയാകും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫോണ്‍ അല്ലെങ്കില്‍ ലാപ്‌ടോപ് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിരീക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. അത് പോലെ തന്നെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പഠിക്കാനും പരിഹരിക്കാനും വിദഗ്ദ്ധരടങ്ങിയ സമിതി രൂപീകരിക്കുന്നതും നല്ലതാവും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.