Sections

എൻഎസ്ഇ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻറെ ബോധവൽക്കരണ ശിൽപശാല കൊച്ചിയിൽ സംഘടിപ്പിച്ചു

Saturday, Oct 12, 2024
Reported By Admin
NSE Social Stock Exchange workshop in Kochi for non-profits and investors.

കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻറെ ബോധവൽക്കരണ ശിൽപശാല കൊച്ചിയിൽ സംഘടിപ്പിച്ചു. സോഷ്യൽ സ്റ്റോക്ക് എസ്ക്ചേഞ്ച് വഴി സാമൂഹിക പ്രതിഫലനം വേഗത്തിലാക്കുക എന്ന ആശയവുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. നവീനമായ ഇലക്ട്രോണിക് രീതിയിലുള്ള ഈ ധനസമാഹരണ സംവിധാനം സംബന്ധിച്ച അവബോധം വർധിപ്പിക്കാൻ സെബിയുടെ നിർദ്ദേശമനുസരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഡോണർമാർ, നിക്ഷേപകർ തുടങ്ങിയവർക്കായി എൻഎസ്ഇ-എസ്എസ്ഇ രാജ്യവ്യാപകമായി ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. 2024 മെയ് ഏഴിന് ബെംഗലൂരുവിലും ജൂൺ 14-ന് ഡെൽഹിയിലും ആഗസ്റ്റ് 31-ന് വാരാണസിയിലും ഇതിനു മുൻപ് ശിൽപശാലകൾ നടത്തിയിരുന്നു. കൊച്ചിയിലേത് ഈ പരമ്പരയിലെ നാലാമത്തേതാണ്.

കൊച്ചിയിലെ ശിൽപശാലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 60 സ്ഥാപനങ്ങൾ, മുഖ്യ നിക്ഷേപകർ, ഡോണർമാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സെബി സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഉപദേശക സമിതി ചെയർ പേഴ്സൺ ഡോ. ആർ ബാലസുബ്രഹ്മണ്യം, സെബി മുഴുവൻ സമയ അംഗം അമർജീത് സിങ്, എൻഎസ്സി നിക്ഷേപക ബോധവൽക്കരണ, സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് വൈസ് പ്രസിഡൻറ് വിവേക് ഹരിഅൽക തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സാമൂഹിക അവബോധമുള്ള സ്ഥാപനങ്ങൾക്കായുള്ള സവിശേഷവും നവീനവുമായ സംവിധാനമാണ് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചെന്ന് പരിപാടിയിൽ സംസാരിക്കവെ ഡോ. ആർ. ബാലസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലാഭേച്ഛയോടു കൂടിയും അല്ലാതെയും പ്രവർത്തിക്കുന്ന സാമൂഹിക അവബോധമുള്ള സ്ഥാപനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിനുള്ള വിശ്വാസ്യയോഗ്യമായ ബദൽ മാർഗമാണിത്. പൊതുജനങ്ങളുടെ പരിശോധനയ്ക്ക് ഇതു വിധേയമാണ്. പ്രൊഫഷണലിസവും വസ്തുനിഷ്ഠതയും വളർത്തിയെടുക്കുന്നതിനും ഈ സ്ഥാപനങ്ങൾ സൃഷ്ടിച്ച സാമൂഹിക ആഘാതം നിരീക്ഷിക്കുക, അളക്കുക, രേഖപ്പെടുത്തുക, റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെയുള്ള ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിനും എസ്എസ്ഇക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും. ഇതിൻറെ സുതാര്യതയും സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള അവസരവും ഈ സംവിധാനത്തിലെ എല്ലാവർക്കും നേട്ടമുണ്ടാക്കാനുള്ള അവസരമാണു പ്രദാനം ചെയ്യുന്നതെന്നും ആർ. ബാലസുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളെ ശാക്തീകരിക്കാനും സാമൂഹിക പ്രതിഫലനത്തിനായി പങ്കാളിത്തങ്ങൾ ശക്തമാക്കാനും ചെയ്യാനാവുന്ന നടപടികളെകുറിച്ചുള്ള പാനൽ ചർച്ച സംഘടിപ്പിച്ചത് ഈ രംഗത്തുള്ളവർക്ക് ആശയങ്ങൾ പങ്കുവെക്കാൻ വഴിയൊരുക്കി. ഈ മേഖലയിലെ വിദഗ്ദ്ധർ തങ്ങളുടെ കാഴ്ചപ്പാടുകൾ, മികച്ച നടപടിക്രമങ്ങൾ, വിജയകഥകൾ തുടങ്ങിയവ വിശദീകരിച്ചു.

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് വിജയകരമാക്കുന്നതിൽ സജീവമായ പങ്കാണ് എൻഎസ്ഇ വഹിക്കുന്നത്. ഈ സംവിധാനത്തിലൂടെ 22 കോടിയിലേറെ സമാഹരിക്കാനായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പത്തു പദ്ധതികൾക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. വിവിധ യുഎൻ സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണക്കുന്നവയാണ് ഇവയിൽ പലതും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.