Sections

വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീന സാധ്യതകൾ മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി

Tuesday, Oct 28, 2025
Reported By Admin
Muziris Project to Boost Educational Tourism in Kerala

കൊച്ചി: ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക, സാംസ്കാരിക സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീന സാധ്യതകൾ മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി. മുസിരിസിനെക്കുറിച്ചുള്ള കേരള ടൂറിസത്തിന്റെ പദ്ധതി രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുതിയ നാഴികക്കല്ലാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും യുനെസ്കോയുടെയും പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ സംരംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മുസിരിസ് പൈതൃക പദ്ധതി ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കുന്നതിനായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. മഹാത്മാഗാന്ധി സർവകലാശാലയുമായുള്ള മറ്റൊരു ധാരണാപത്രം അവസാന ഘട്ടത്തിലാണ്. പൈതൃക വ്യാഖ്യാനം, മ്യൂസിയം മാനേജ്മെന്റ്, കല, സാമൂഹികാധിഷ്ഠിത ടൂറിസം, സുസ്ഥിരത, പൈതൃക പഠനങ്ങൾ എന്നിവയിലെ പ്രത്യേക പദ്ധതികൾക്ക് ധാരണാപത്രം വഴിയൊരുക്കും.

പദ്ധതിയിലൂടെ അന്താരാഷ്ട്ര സർവകലാശാലകളുമായും സാംസ്കാരിക സ്ഥാപനങ്ങളുമായും സഹകരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഗവേഷണ അവസരങ്ങൾ സുഗമമാക്കാനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച പ്രോഗ്രാമിന്റെ നാലാമത്തെ ബാച്ചും ഇതിനോടകം പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു.

ജനുവരിയിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ സ്പൈസ് റൂട്ട് ഹെറിറ്റേജ് സിമ്പോസിയമാണ് ഇതിലെ മറ്റൊരു പ്രധാന പരിപാടി. പുരാതന സമുദ്ര സുഗന്ധവ്യഞ്ജന ശൃംഖലയിൽ മുസിരിസിന്റെ നിർണായക പങ്കിനെക്കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധ പതിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് കീഴിൽ പൈതൃക കെട്ടിട പുനരുദ്ധാരണം മുതൽ ആധുനിക അടിസ്ഥാനസൗകര്യ വികസനം വരെയുള്ള 108 പദ്ധതികൾ ഇതിനകം പൂർത്തിയായി. മുസിരിസിനെ ലോകമെമ്പാടുമുള്ള നാഗരികതകളുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ തെളിവുകൾ ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, വാസ്തുവിദ്യാ പ്രൊഫഷണലുകൾ, ഗവേഷണ പണ്ഡിതന്മാർ, ചരിത്ര പഠിതാക്കൾ എന്നിവർക്കായുള്ള പരിപാടികളും തയ്യാറാക്കി. കേരളത്തിലെ പുരാതന വ്യവസായങ്ങൾ, ചുമർ ചിത്രകല, കരകൗശല വിദഗ്ധരുടെ വാസ്തുവിദ്യാ ജ്ഞാനം, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പാചക- കാർഷിക അറിവുകൾ എന്നിവയിലേക്കുള്ള ആഴത്തിലുള്ള പ്രവേശനം ഇത് സാധ്യമാക്കുന്നു.

ഒരു ദിവസം മുതൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന ഫാം ടൂറുകൾ, ബോട്ടിംഗ്, ഹെറിറ്റേജ് വാക്ക്, വർക്ക്ഷോപ്പുകൾ, പുരാവസ്തുശാസ്ത്രത്തിലെയും കലകളിലെയും വിദഗ്ധ സെഷനുകൾ എന്നിവയിൽ പങ്കെടുക്കാൻ പദ്ധതിയിലൂടെ അവസരമുണ്ടാകും. ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ഔദ്യോഗിക മുസിരിസ് പ്രോജക്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇത് അവരുടെ പഠനത്തിന് അക്കാദമിക് മൂല്യം വർധിപ്പിക്കാൻ ഉപകരിക്കും.

മുസിരിസ് പദ്ധതി പൈതൃക സംരക്ഷണം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും സർഗാത്മകതയുടെയും കലയുടെയും സാംസ്കാരിക പഠനത്തിലെ മികവിന്റെയും കേന്ദ്രമാക്കി മുസിരിസിനെ മാറ്റുക എന്നതു കൂടിയാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിപുലമായ ഹെറിറ്റേജ് ഇടനാഴികളിലൂടെ പൈതൃക സംരക്ഷണത്തിന്റെ പുതിയ മാതൃകകൾ തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസിരിസിന്റെ വർധിച്ചുവരുന്ന ആഗോള അംഗീകാരം അറിവും സൃഷ്ടിപരവുമായ സമ്പദ്വ്യവസ്ഥയാകുക എന്ന കേരളത്തിന്റെ ദർശനത്തിന്റെ സ്ഥിരീകരണമാണ്. കൊച്ചി നഗരത്തിൽ നിന്നും വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂർ മാത്രം അകലെയുള്ള വൈപ്പിൻ, പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം ഒരു പ്രധാന ടൂറിസം ലക്ഷ്യസ്ഥാനമായും പൈതൃക പഠനത്തിനുള്ള കേന്ദ്രമായും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

പ്രോഗ്രാം, ഇന്റേൺഷിപ്പ് അന്വേഷണങ്ങൾക്കായി ബന്ധപ്പെടുക: റീമ എം.എസ്, റിസർച്ച് അസിസ്റ്റന്റ്, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് ഇമെയിൽ: muzirisinternship@gmail.com | muziris@keralatourism.org ഫോൺ: ‪+91 7902262781‬.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.