Sections

സംരംഭത്തിലെ സംശയങ്ങള്‍ അകറ്റാന്‍ എംഎസ്എംഇ ക്ലിനിക്കുകള്‍

Friday, Apr 08, 2022
Reported By admin
msme

സംസ്ഥാനത്തുട നീളം സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി 168 പേരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പാനലില്‍  ജില്ലാ തലത്തിലാണ് തയാറാക്കിയിരിക്കുന്നത്.


ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത നവീന ആശയവുമായി  വ്യവസായ വകുപ്പ്. സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി എല്ലാ ജില്ലകളിലും സംസ്ഥാന സര്‍ക്കാരിന്റെ എംഎസ്എംഇ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഓരോ ജില്ലകളിലും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുന്നവരുമായ വിദഗ്ധരുടെ ഒരു പാനല്‍ ക്രമീകരിച്ചിട്ടുണ്ട്. 

നിരവധി സംരംഭകര്‍ക്ക് സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. ചിലത് സാങ്കേതികമാണ്, ചിലത് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതാണ്, സംരംഭം തുടങ്ങിയാല്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാലോചിച്ച് ഇരിക്കുന്നവരുമുണ്ട്. ഇവര്‍ക്കൊക്കെ എങ്ങനെ സഹായമെത്തിക്കാമെന്ന ചോദ്യത്തിനുളള മറുപടിയാണ് എംഎസ്എംഇ ക്ലിനിക്കുകള്‍. 14 ജില്ലകളിലും എംഎസ്എംഇ ക്ലിനിക്ക് ഏപ്രില്‍ ഒന്നു മുതല്‍ വിദഗ്ധരുടെ സേവനത്തോടെ ആരംഭിച്ചിട്ടുണ്ട്. സംശയങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന സംരംഭകര്‍ക്ക് ഏറ്റവും അനുയോജ്യനായ വിദഗ്ധനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും.  

സംസ്ഥാനത്തുട നീളം സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി 168 പേരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പാനലില്‍  ജില്ലാ തലത്തിലാണ് തയാറാക്കിയിരിക്കുന്നത്.  ബാങ്കിങ്ങ്, ലൈസന്‍സുകളും അനുമതികളും, വിശദ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കയറ്റുമതി, ജിഎസ്ടി, നിയമം, മാര്‍ക്കറ്റിങ്ങ്, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ് നിലവില്‍ പാനല്‍ രൂപീകരിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ എംഎസ്എംഇ ക്ലിനിക്കുകള്‍ പുതു സംരംഭകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 2022 വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തില്‍ ക്ലിനിക്കുകളുടെ സേവനം ഏറെ പ്രയോജനപ്രദമാകും. സംരംഭങ്ങളുടെ വികസന ഘട്ടത്തിലും ക്ലിനിക്കുകള്‍ക്ക് ഉപദേശം നല്‍കാന്‍ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.