Sections

എംജി സർവകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്‌സും ധാരണാപത്രം ഒപ്പിട്ടു

Thursday, Jan 08, 2026
Reported By Admin
MG University, Musiris Heritage Project Sign MoU on Heritage Research

  • പൈതൃക സംരക്ഷണ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം

കൊച്ചി: പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും അക്കാദമിക് പരിപാടികൾ, ഗവേഷണം, ഗവേഷണാനുബന്ധ തുടർസംരംഭങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ മഹാത്മാഗാന്ധി സർവകലാശാലയും (എംജിയു) മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡും (എംപിഎൽ) ഒപ്പുവച്ചു.

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എംജിയു വൈസ് ചാൻസലർ ഡോ. സി. ടി അരവിന്ദകുമാറും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വി യും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

കരാർ പ്രകാരം പൈതൃക സംരക്ഷണം, സാംസ്കാരിക ചരിത്രം, പൈതൃക ഇടപെടൽ എന്നിവയിലെ ഗവേഷണവിഷയങ്ങൾ, പ്രശ്നങ്ങൾ, ശ്രദ്ധാകേന്ദ്രങ്ങൾ എന്നിവ എംജിയുവും എംപിഎല്ലും സംയുക്തമായി തിരിച്ചറിയും.

മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് നടത്തുന്ന ഹെറിറ്റേജ് ഇൻറർപ്രെട്ടേഷൻ, മ്യൂസിയം മാനേജ്മെൻറ്, ആർട്ട് ആൻറ് കമ്മ്യൂണിറ്റി-ഓറിയൻറഡ് ടൂറിസം, സസ്റ്റെയ്നബിലിറ്റി ആൻറ് ഹെറിറ്റേജ് സ്റ്റഡീസ് എന്നിവയിൽ എംജി സർവകലാശാലയുടെ സർട്ടിഫൈഡ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ധാരണാപത്രം വഴിയൊരുക്കുന്നു.

പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ആർക്കൈവുകൾ, പ്രാദേശിക സമൂഹങ്ങൾ, സംയുക്ത ഗവേഷണത്തിനുള്ള മേഖലകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം ഇക്കാര്യത്തിൽ സ്ഥാപനങ്ങൾക്കിടയിലെ പങ്കാളിത്തം സുഗമമാക്കുന്നതും സഹകരണം ഉറപ്പുവരുത്തും.

എംപിഎല്ലിൻറെ ഗവേഷണ കണ്ടെത്തലുകൾ, നൂതനാശയങ്ങൾ, അനുഭവജ്ഞാനം എന്നിവ പൈതൃക വ്യാഖ്യാനം, മ്യൂസിയം പ്രോഗ്രാമിംഗ്, പൊതുജന സമ്പർക്കം തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. പാഠ്യപദ്ധതി വികസനം, ഗവേഷണ രൂപകൽപ്പന, മറ്റ് അക്കാദമിക് വിവരങ്ങൾ ലഭ്യമാക്കൽ എന്നിവയിൽ എംജിയു അക്കാദമിക് പിന്തുണ നൽകും.

സംയുക്ത സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് (എസ്ജിറ്റിഡിഎസ്) പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട് മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ഒരു ഉപകേന്ദ്രവും സ്ഥാപിക്കും.

വിദ്യാഭ്യാസ ടൂറിസത്തിൻറെ ഒരു ഹബ്ബായി കേരളത്തെ വികസിപ്പിക്കുക എന്ന മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിൻറെ ലക്ഷ്യത്തിൻറെ ഭാഗമായാണ് എംജി സർവകലാശാലയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത്. ചരിത്രം, സംസ്കാരം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന അതുല്യമായ പഠന കേന്ദ്രമായി മുസിരിസിനെ വികസിപ്പിക്കുക, അറിവും സൃഷ്ടിപരവുമായ സമ്പദ് വ്യവസ്ഥയായി മാറുക തുടങ്ങിയ കേരളത്തിൻറെ കാഴ്ചപ്പാടുകളെ ശക്തിപ്പെടുത്താനും എംജി സർവകലാശാലയുമായുള്ള ധാരണാപത്രം സഹായകമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.