- Trending Now:
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളും മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗവുമായ മഹീന്ദ്ര ഫാം എക്യുപ്മെൻറ് ബിസിനസ്സ് ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ പ്ലാൻറുകളിൽ നിന്നുള്ള ആകെ ട്രാക്ടർ ഉത്പാദനം ബിസിനസ്സ് ചരിത്രത്തിൽ ആദ്യമായി 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും യന്ത്രവത്കരണവും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് കൈവരിച്ച മുന്നേറ്റത്തിൻറെ തെളിവാണ് ഈ നേട്ടം.
ട്രാക്സ്റ്റാർ, ഹിന്ദുസ്ഥാൻ ട്രാക്ടറുകളുടെ നിർമ്മാതാക്കളായ ഗ്രോമാക്സ്, മഹീന്ദ്ര ട്രാക്ടേഴ്സ്, സ്വരാജ് ട്രാക്ടേഴ്സ് എന്നീ മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് കീഴിലാണ് മഹീന്ദ്ര ഫാം എക്യുപ്മെൻറ് ബിസിനസിൻറെ ഉൽപ്പന്നങ്ങൾ പ്രധാനമായും വിപണിയിലെത്തിക്കുന്നത്. 350ലധികം വൈവിധ്യമാർന്ന ട്രാക്ടർ മോഡലുകളും കാർഷികാവശ്യങ്ങൾക്കുള്ള സ്വയം നിയന്ത്രിത യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്.
1963ൽ പ്രവർത്തനം ആരംഭിച്ച മഹീന്ദ്ര ട്രാക്ടേഴ്സ് നിലവിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ട്രാക്ടർ ബ്രാൻഡാണ്. മുംബൈ, നാഗ്പൂർ, സഹീറാബാദ്, രുദ്രാപൂർ, ജയ്പൂർ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് പ്രധാന നിർമ്മാണ പ്ലാൻറുകൾ പ്രവർത്തിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണ് അത്യാധുനിക ഗവേഷണ വികസന വിഭാഗം.
നേരത്തെ പഞ്ചാബ് ട്രാക്ടേഴ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്വരാജ് ട്രാക്ടേഴ്സ് നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ട്രാക്ടർ ബ്രാൻഡും കർഷകർക്കിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡുകളിലൊന്നുമാണ്. 1974ൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ട്രാക്ടർ വികസിപ്പിച്ചെടുത്ത ബഹുമതിയും ഇവർക്കാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഗുജറാത്ത് സർക്കാരും തമ്മിലുള്ള 60:40 അനുപാതത്തിലുള്ള സംയുക്ത സംരംഭമാണ് ഗ്രോമാക്സ് അഗ്രി എക്യുപ്മെൻറ് ലിമിറ്റഡ്. വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യയിലെ മുൻനിര റീജിയണൽ ട്രാക്ടർ ബ്രാൻഡാണ്.
2026 സാമ്പത്തിക വർഷത്തിൽ മാത്രം 5,26,000ലധികം ട്രാക്ടറുകൾ വിറ്റഴിച്ച് കമ്പനി പുതിയ വാർഷിക വിൽപന റെക്കോർഡ് സ്ഥാപിച്ചു. മഹീന്ദ്ര 585 യുവോ ടെക്+ വി1, മഹീന്ദ്ര നോവോ പ്രീമിയം എഡിഷൻ, സ്വരാജ് പ്രൊടെക് എന്നീ പുതിയ മോഡലുകൾ വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ മഹീന്ദ്രയുടെ ഓജ മോഡലുകൾക്കും മികച്ച സ്വീകാര്യതയാണ്. 2027 സാമ്പത്തിക വർഷം പുതിയ ശ്രേണിയിലുള്ള 7 പുതിയ ട്രാക്ടറുകളും കൂടുതൽ ഉപയോഗപ്രദമായ 12 പുതിയ അത്യാധുനിക ഫീച്ചറുകളും വിപണിയിൽ എത്തിക്കാനാണ് മഹീന്ദ്ര ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
വികസിത് ഭാരത് എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ കാർഷിക മേഖലയുടെ നവീകരണം രാജ്യപുരോഗതിയുടെ പ്രധാന ശക്തിയായി തുടരുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ ആൻഡ് ഫാം എക്യുപ്മെൻറ് ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറഞ്ഞു.
70 ലക്ഷം എന്ന ഉത്പാദന നേട്ടം കേവലം ഒരു വലിയ സംഖ്യ മാത്രമല്ലെന്നും അത് പതിറ്റാണ്ടുകളായി ഇന്ത്യൻ കർഷകർ തങ്ങളുടെ ബ്രാൻഡുകളിൽ അർപ്പിച്ചിരിക്കുന്ന വിശ്വസ്തതയുടെ അടയാളമാണെന്നും ഫാം എക്യുപ്മെൻറ് ബിസിനസ് പ്രസിഡൻറ് വിജയ് നക്ര പറഞ്ഞു.
മഹീന്ദ്രയ്ക്ക് ലോകമെമ്പാടുമുള്ള 50ലധികം ആഗോള വിപണികളിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യ കഴിഞ്ഞാൽ കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി അമേരിക്കയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ പ്രവർത്തിക്കുന്ന കമ്പനിക്ക് രണ്ട് അത്യാധുനിക അസംബ്ലി പ്ലാൻറുകളും സ്വന്തമായുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.