- Trending Now:
സംസ്ഥാനത്ത് പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാകുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍. പാലുല്‍പാദനം ഗണ്യമായി കുറയുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പശുക്കളിലാണ് ഇപ്പോള്‍ രോഗം കൂടുതലായി കാണുന്നത്. ലംപിസ്‌കിന്‍ വൈറസുകളാണ് രോഗത്തിന് ഇടയാക്കുന്നതെന്നാണ് കേരള വെറ്ററിനറി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. രോഗത്തിന്റെ വ്യാപന നിരക്ക് 2 മുതല്‍ 45 ശതമാനവും മരണനിരക്ക് 10 ശതമാനത്തില്‍ താഴെയുമാണ്.
അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം പശുക്കള്‍, കിടാരികള്‍ എന്നിവയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ഈച്ചകളും കൊതുകുകളും വഴിയാണ് വൈറസ് പശുക്കളിലെത്തുക.
അഭിമുഖം: ഐടി ജോലി വിട്ട് ഡയറി ഫാം തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ലക്ഷ്മണന് ... Read More
പശുക്കളുടെ പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്‍മമുഴ രോഗത്തിന് (എല്‍എസ്ഡി) കാരണം കാപ്രിപോക്‌സ് വൈറസ് ഇനത്തിലെ എല്‍എസ്ഡി വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ദീര്‍ഘനാളത്തെ ഉല്‍പാദന-പ്രത്യുല്‍പാദന നഷ്ടമാണ് സാംക്രമിക ചര്‍മമുഴ രോഗം വരുത്തിവയ്ക്കുന്ന പ്രധാന ആഘാതം.
ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 4 ദിവസം മുതല്‍ 5 ആഴ്ച വരെയുള്ള സമയത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊഴുകുക, ഗ്രന്ഥികളിലെ വീക്കം, വിശപ്പില്ലായ്മ, ഒരാഴ്ച നീളുന്ന പനി, പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് എന്നിവയാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ കട്ടിയുള്ള മുഴകള്‍ കണ്ടു തുടങ്ങും. ഇവ പൊട്ടി രക്തസ്രാവമുണ്ടാവുകയും മുറിവുകളായി മാറുകയും ചെയ്യും.
അഭിമുഖം:വിശ്രമ ജീവിതം പശു വളര്‍ത്തലിലൂടെ ആസ്വദിക്കുന്ന അധ്യാപക ദമ്പതികള്‍ ... Read More
പ്രതിവിധി
വൈറസ് രോഗബാധയായതിനാല്‍ ഫലപ്രദമായ മരുന്നില്ല. രോഗം ബാധിച്ച പശുക്കളെ മാറ്റിപ്പാര്‍പ്പിച്ച് ശരിയായ ചികിത്സയും പരിചരണവും നല്‍കണം. ശുചിത്വം രോഗനിയന്തണത്തിന് പ്രധാന ഘടകമാണ്. രോഗം ബാധിച്ച പശുവിന്റെ പാല്‍ നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.
രോഗ ഉത്ഭവം
സാംബിയ എന്ന ആഫ്രിക്കന്‍ രാജ്യത്ത് 1929കളുടെ തുടക്കത്തില്‍ പശുക്കളില്‍ വ്യാപകമായി ചര്‍മം നിറയെ വീക്കവും തടിപ്പും ചെറിയ മുഴകളും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ നാട്ടിലെ സാധാരണക്കാരായ കര്‍ഷകര്‍ അതത്ര കാര്യമാക്കിയില്ല. മേയുന്നതിനിടെ വല്ല വിഷച്ചെടികള്‍ കഴിച്ചതുകൊണ്ടോ കടന്നലുകളുടെ കുത്തേറ്റതുകൊണ്ടോ ആവാം തങ്ങളുടെ പശുക്കളുടെ ശരീരത്തില്‍ ഇത്തരം ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് അവര്‍ ധരിച്ചത്. എന്നാല്‍, സാംബിയയിലെ കര്‍ഷകരുടെ ആ ധാരണയ്ക്ക് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉല്‍പാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ക്രമേണ മറ്റു സ്ഥലങ്ങളിലേക്കെല്ലാം വ്യാപിച്ച് തുടങ്ങി. അതോടെ ഇതൊരു പുതിയ സാംക്രമികരോഗമാണെന്ന് കര്‍ഷകരും അധികൃതരുമെല്ലാം തിരിച്ചറിഞ്ഞു.
1949ല്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 80 ലക്ഷത്തിലധികം കന്നുകാലികളെയാണ് ഈ സാംക്രമിക രോഗം പിടികൂടിയത്. അതു വരുത്തിവച്ച സാമ്പത്തിക ഉല്‍പാദന നഷ്ടങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. 1989ല്‍ ഇസ്രയേലില്‍ ഈ രോഗം വലിയ തോതില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ആഫ്രിക്കന്‍ രാഷ്ട്രമായ ഈജിപ്തില്‍നിന്ന് ആഞ്ഞുവീശിയ മരുക്കാറ്റിനൊപ്പം പറന്നെത്തിയ കുതിരയീച്ചകളായിരുന്നു രോഗാണുവിനെ ഇസ്രയേലിലെ പശുക്കളിലേക്ക് പടര്‍ത്തിയത്. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പല രാജ്യങ്ങളിലും കന്നുകാലികളില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന പുതിയ (emerging) രോഗങ്ങളില്‍ ഒന്നായ ലംപി സ്‌കിന്‍ ഡിസീസ് (എല്‍എസ്ഡി) അഥവാ സാംക്രമിക ചര്‍മമുഴ രോഗത്തിന്റെ പിന്നിട്ട ചരിത്രമാണ് ഇത്.
ഇന്ത്യയില്‍ സാംക്രമിക ചര്‍മമുഴ രോഗം ആദ്യമായി കണ്ടെത്തിയതും സ്ഥിരീകരിച്ചതും 2019 ഓഗസ്റ്റ് മാസത്തില്‍ ഒഡീഷയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തിഗ്രാമങ്ങളിലും പശുക്കളില്‍ സാംക്രമിക ചര്‍മമുഴ രോഗവുമായി സമാനത പുലര്‍ത്തുന്ന ചില ലക്ഷണങ്ങള്‍ കണ്ടെത്തിയത് ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയിലെ രോഗപ്രതിരോധ വിഭാഗം പശുക്കളില്‍നിന്നു കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഈ സാംപിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനകളിലാണ് ഇത് സാംക്രമിക ചര്‍മമുഴ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രോഗബാധ കണ്ടെത്തുന്ന പക്ഷം ലോകമൃഗാരോഗ്യ സംഘടനയ്ക്ക് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട 'നോട്ടിഫയബിള്‍ ഡിസീസ്' പട്ടികയില്‍പെട്ടതാണ് ചര്‍മമുഴ രോഗമെന്നതും ഇതിന്റെ ഗൗരവമുയര്‍ത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.