Sections

ആനവണ്ടിയില്‍ ഇനി 25 ശതമാനം ഇലക്ട്രിക് ബസുകള്‍

Thursday, Sep 15, 2022
Reported By admin
ksrtc

ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ ഉതകുംവിധം 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്

 

വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സിയും വൈദ്യുത രംഗത്തേക്ക് നീങ്ങുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.പുതുതായി വാങ്ങുന്ന ബസുകളില്‍ 25 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കുമെന്നും ഇതില്‍ 25 ശതമാനം തുക വൈദ്യുത ബസ്സുകള്‍ വങ്ങാനാണെന്നും മന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് കെ.എസ്.ഇ.ബിക്ക് 8 കോടി രൂപ നല്‍കി. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ്, ഒറ്റ ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരത്തിലെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ വളരെ വേഗം വൈദ്യുത വാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ ഉതകുംവിധം 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 141 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനോടനുബന്ധിച്ച് പട്ടം വൈദ്യുതി ഭവനിലെ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ നാടമുറിച്ച് മന്ത്രി ഉദ്ഘാടനം ചെയതു. തുടർന്ന് മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 15 ചാര്‍ജിംഗ് സ്റ്റേഷനുകളെങ്കിലും സ്ഥാപിക്കപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജി. സ്റ്റീഫന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.