Sections

രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുൻനിരയിലേക്ക് കോഴിക്കോടിനെ എത്തിക്കണം- സുശാന്ത് കുറുന്തിൽ

Thursday, Nov 06, 2025
Reported By Admin
Kozhikode Eyes Major IT Growth with Vision 2030

അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി വരുമാനവും 50,000 തൊഴിലവസരവും ലക്ഷ്യം- കാഫിറ്റ് സെമിനാർ

കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുൻനിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തിൽ ഏറെ പ്രധാനമാണെന്ന് ഇൻഫോപാർക്ക്-ഗവ. സൈബർ പാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. കാലിക്കറ്റ് ഫോറം ഫോർ ഐടി(കാഫിറ്റ്) ഭരണസമിതി ചുമതലയേറ്റെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിഷൻ 2030 സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോടിനെ മുൻനിരയിലെത്തിക്കാൻ ഐടി-പൊതു-സാമൂഹ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വേണം. ഐഐഎം, എൻഐടി പോലുള്ള രണ്ട് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കോഴിക്കോടിന് പ്രതിഭകളുടെ കുറവില്ല. ഈ പ്രതിഭകളെ നിലനിറുത്താനുള്ള നടപടികൾ വേണം.

ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി സംസ്ഥാന സർക്കാർ നയരൂപീകരണമുൾപ്പെടെ പല ഉദ്യമങ്ങളും നടത്തുന്നുണ്ട്. ഈ അവസരങ്ങൾ വളരെ പെട്ടന്ന് ഉപയോഗപ്പെടുത്താൻ സാധിക്കണം. മികച്ച ധനശേഷിയുള്ള കോഴിക്കോടിന്റെ പൊതുസമൂഹത്തെ ഈ നഗരത്തിന്റെ സമഗ്രവികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐടി സേവനങ്ങൾക്ക് പുറമെ ഐടി ഉത്പന്നങ്ങളിലേക്ക് ഇവിടുത്തെ വ്യവസായങ്ങൾ മാറുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാൻ, യുഎൽ സൈബർപാർക്ക് സിഒഒ കിഷോർ കുമാർ, കെഎസ് യുഎം സീനിയർ ടെക് ഫെലോ റോണി കെ റോയ്, കാഫിറ്റ് സ്ഥാപക പ്രസിഡന്റ് ദുലീപ് സഹദേവൻ എന്നിവരാണ് സെമിനാറിൽ സംസാരിച്ചത്. സിഐഐ നോർത്ത് വൈസ് ചെയർ അനിൽ ബാലൻ മോഡറേറ്ററായി.

കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാൻ, സെക്രട്ടറി പ്രജീഷ് കെ. കെ, ട്രഷറർ നിധിൻ വൈസ് പ്രസിഡന്റ് കളത്തിൽ കാർത്തിക്, ജോയിൻറ് സെക്രട്ടറി മുജ്തബ, ജോയിൻറ് ട്രഷറർ ഷിയാസ് മുഹമ്മദ്, എന്നിവർക്ക് പുറമെ കോർ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ഗഫൂർ കെ. വി, ആനന്ദ് ആർ. കൃഷ്ണൻ, അഖിൽ കൃഷ്ണ, വിജിത ടി, ഫസ്ന കെ. കെ, അബ്ദുൾ മജീദ് പി, അജയ് എം. എ, അസ്ലം ബുഖാരി, മുഹമ്മദ് നിയാസ് സി, അർജുൻ, അംജദ് അലി ഇ. എം തുടങ്ങിയവരും ചുമതലയേറ്റെടുത്തു.

മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് അബ്ദുള്ളക്കുട്ടി, ബിഎൻഐ നോർത്ത് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ എ എൻ ഷെരീഫ്, മെഹ്റൂഫ്, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.