Sections

തത്വദീക്ഷയില്ലാത്ത വികസനത്തിന്റെ വില സർവ്വനാശം: ബിനാലെ പ്രഭാഷണ പരമ്പര

Saturday, Jan 17, 2026
Reported By Admin
Kochi-Muziris Biennale hosts ‘Alibi in North Sikkim’ lecture series

കൊച്ചി: വികസനത്തിന്റെ പേരിൽ പ്രകൃതിക്ക് മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വേദിയായി കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടത്തുന്ന 'അലിബൈ ഇൻ നോർത്ത് സിക്കിം' പ്രഭാഷണ പരമ്പര. 2023 ഒക്ടോബറിൽ വടക്കൻ സിക്കിമിലെ ടീസ്റ്റാ ഡാം തകർന്ന് പ്രളയമുണ്ടാകുന്നതിന് എത്രയോ മുൻപ് തന്നെ ആ പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതി മനുഷ്യ ഇടപെടലുകളാൽ അസ്വസ്ഥമായിരുന്നു എന്ന് ചലച്ചിത്ര പ്രവർത്തകരായ രുചിക നേഗിയും അമിത് മഹന്തിയും ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിൽ ആയിരുന്നു പരിപാടി നടന്നത്.

പർവ്വതങ്ങൾ തുരന്നും പുഴകളെ തുരങ്കങ്ങളിലേക്ക് വഴിതിരിച്ചുവിട്ടും നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ വടക്കൻ സിക്കിമിലെ ഗ്രാമങ്ങളുടെ സ്വസ്ഥതയും കാലാവസ്ഥാ ക്രമവും എങ്ങനെയെല്ലാം തകിടം മറിച്ചു എന്ന് ''അലിബി ഇൻ നോർത്ത് സിക്കിം'' (Alibi in North Sikkim) എന്ന സെഷനിലൂടെ ഇവർ വ്യക്തമാക്കി.

സിക്കിമിൽ ആസൂത്രണം ചെയ്ത നിരവധി ജലവൈദ്യുത പദ്ധതികൾ പാരിസ്ഥിതിക വ്യവസ്ഥയെ മാത്രമല്ല, സാമൂഹിക സന്തുലനത്തെയും മാറ്റിമറിച്ചു. അണക്കെട്ടിന്റെ വരവോടെ പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിക്കപ്പെടുകയും ജനങ്ങൾ കരാർ ജോലികളെയും കൂലിപ്പണികളെയും ആശ്രയിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് അവർ ഡോക്യുമെൻറുകളുടെ ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ പ്രതീക്ഷകളെയും ഒപ്പം വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളെ കുറിച്ചുള്ള ആശങ്കകളെയും ചുംഗ്താങ് പോലുള്ള നഗരങ്ങൾ ഒരുപോലെ പ്രതീക്ഷിക്കുകയായിരുന്നു. പുരോഗതിയുടെയും സൗജന്യ വൈദ്യുതിയുടെയും വാഗ്ദാനങ്ങൾക്കിടയിലായിരുന്നു ഇത്.

പർവ്വതങ്ങളുടെ ഘടന തകർക്കുന്ന ഡ്രില്ലിംഗ് പ്രവർത്തനങ്ങളും പുഴകളുടെ തിരോധനവും വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനകളായിരുന്നു എന്ന് ഇവർ ഓർമ്മിപ്പിച്ചു. 2023 ഒക്ടോബർ 4-ന് തെക്കൻ ലോനാക് തടാകം കരകവിഞ്ഞൊഴുകി ടീസ്റ്റാ ഡാം തകർന്നത് വലിയ അപകടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലമായിരുന്നു. കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്തെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന രുചികയും അമിതും ഈ പ്രളയത്തെ കാണുന്നത് അപ്രതീക്ഷിതമായ സംഭവമായല്ല, മറിച്ച് പ്രകൃതി നൽകിയ കടുത്ത മുന്നറിയിപ്പിന്റെ നേർക്കാഴ്ചയായാണ്.

എന്നാൽ ഇത്തരം പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് പകരം, തകർന്ന അണക്കെട്ടുകൾക്ക് പകരം 'കൂടുതൽ മികച്ച അണക്കെട്ടുകൾ' പണിയാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുഴകളെയും മലകളെയും ജീവനുള്ള വ്യവസ്ഥകളായി കാണുന്നതിന് പകരം നിയന്ത്രിക്കാവുന്ന വസ്തുക്കളായി കാണുന്ന വികസന യുക്തിയെ ഇരുവരും ചോദ്യം ചെയ്യുന്നു.

ഒരു വശത്ത് പുതിയ അവസരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും മറുവശത്ത് തിരിച്ചുപിടിക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ചുള്ള ദുഃഖവും സിക്കിമിലെ ജനതയെ വേട്ടയാടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുന്ന ഹിമാലയൻ മേഖലകളിൽ വികസനത്തിന്റെ പേരിൽ എടുക്കുന്ന ഓരോ തീരുമാനവും വരുംതലമുറയുടെ ജീവിതത്തെയും ഭൂപ്രകൃതിയെയും എങ്ങനെ ബാധിക്കുമെന്ന ആകുലതയോടെയാണ് ''അലിബി ഇൻ നോർത്ത് സിക്കിം'' അവസാനിക്കുന്നത്.

നരവംശശാസ്ത്രജ്ഞയായ സാറാ സ്നൈഡർമാൻ അവതരിപ്പിച്ച 'ഹിമാലയത്തിലുടനീളമുള്ള കഥപറച്ചിൽ: നേപ്പാളി, ഇന്ത്യൻ, ടിബറ്റൻ ലോകങ്ങൾക്കിടയിലെ ചലനം, ഓർമ്മ, പൊരുത്തപ്പെടൽ' (Storytelling Across the Himalaya: Movement, Memory and Adaptation Between Nepali, Indian and Tibetan Worlds) എന്ന പ്രഭാഷണവും, അങ്ക ആർട്ട് കളക്ടീവിലെ ധ്രുഭജിത് ശർമ്മയുടെ പ്രഭാഷണവും ഇതോടൊപ്പം നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.