- Trending Now:
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ് യുഎം) കീഴിലുള്ള അഗ്രി-ടെക് സ്റ്റാർട്ടപ്പായ ഫ്യൂസ് ലേജ് ഇന്നൊവേഷൻസിന് നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ്സ് 5.0 (എൻഎസ്എ 5.0) ലെ ആസ്പയർ അവാർഡ് ലഭിച്ചു.
ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു. ഫ്യൂസ് ലേജ് ഇന്നൊവേഷൻസ് ഡയറക്ടർ ദേവിക ചന്ദ്രശേഖരൻ, എംഡി ദേവൻ ചന്ദ്രശേഖരൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാർട്ടപ്പ് നേതാക്കളുമായും സംരംഭകരുമായും സംവദിച്ചു.
ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള നൂതന സ്റ്റാർട്ടപ്പുകളെയാണ് ആസ്പയർ അവാർഡിനായി പരിഗണിക്കുന്നത്. നൂതനവും സമൂഹത്തിന് ഗുണകരവുമായ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്ത മികച്ച സ്റ്റാർട്ടപ്പുകളെ അംഗീകരിക്കുക, ഇത്തരം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകളുടെ പുതുമകളെയും പ്രാദേശിക വളർച്ചയിലുള്ള സംഭാവനകളെയും അംഗീകരിക്കുക, പ്രധാന മെട്രോകൾക്കപ്പുറമുള്ള സംരംഭകത്വ മനോഭാവത്തെ വളർത്തുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു. 20 വിഭാഗങ്ങളിലായാണ് എൻഎസ്എ 5.0 അവാർഡുകൾ നൽകുന്നത്.
കേരളത്തിൻറെ ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഇതൊരു സുപ്രധാന നേട്ടമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നവീകരണവും സംരംഭകത്വവും പരിപോഷിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻറെ അചഞ്ചലമായ സമർപ്പണത്തിന് ഇത് തെളിവാണ്. മറ്റു സ്റ്റാർട്ടപ്പുകൾക്ക് മാതൃകയാക്കാവുന്ന ഉന്നത നിലവാരം ഫ്യൂസ് ലേജ് ഇന്നൊവേഷൻസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ആസ്ഥാനമായി 2020 ൽ സ്ഥാപിതമായ ഫ്യൂസ് ലേജ് ഇന്നൊവേഷൻസിൻറെ പ്രധാന ഉത്പന്നങ്ങൾ കാർഷിക ടെക്നോളജി, ഡിജിസിഐ സാക്ഷ്യപ്പെടുത്തിയ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.