- Trending Now:
ഡൽഹി: സാഹിത്യലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമർ ഉജാലയുടെ 2025-ലെ ഏറ്റവും ഉയർന്ന 'ശബ്ദ് സമ്മാൻ' ആയ 'ആകാശ്ദീപ്' പുരസ്കാരം ഹിന്ദി വിഭാഗത്തിൽ പ്രമുഖ ഹിന്ദി ചെറുകഥാകൃത്ത് മമ്താ കാലിയയ്ക്കും, ഹിന്ദിയേതര ഇന്ത്യൻ ഭാഷകളുടെ വിഭാഗത്തിൽ പ്രശസ്ത മണിപ്പൂരി എഴുത്തുകാരി അരംബം ഓങ്ബി മെംചൗബിക്കും സമ്മാനിക്കും.
1975നെ അന്താരാഷ്ട്ര വനിതാവർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. 2025, അതിൻറെ സുവർണ ജൂബിലി വർഷമാണ് 2026-നെ കാർഷിക മേഖലയിലെ സ്ത്രീകളുടെ സംഭാവനകൾക്കായി സമർപ്പിക്കാനും ഐക്യരാഷ്ട്രസഭ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഈ രണ്ട് വനിതാ എഴുത്തുകാരെ ആദരിക്കുന്നത് ശ്രദ്ധേയമാണ്.
അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശംസാ ഫലകവും ഗംഗാ പ്രതിമയുമാണ്
പുരസ്കാരം. മറ്റ് 5 പേരെ കൂടി ഈ വർഷത്തെ മികച്ച സാഹിത്യ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
പോസ്റ്റ്കോളോണിയൽ ചിന്തയിലേക്കും വനിതാ വ്യക്തിത്വത്തിലേക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന തൻറെ രചനകളിലൂടെ മണിപ്പൂരി സാഹിത്യത്തിൽ അപൂർവമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അരംബം ഓങ്ബി മെംചൗബി. ഡോ. തൗനോജം ചാനു ഇബെംഹാൽ എന്ന പേരിൽ 1957 ജനുവരി 1-നാണ് അവർ ജനിച്ചത്. മെയ്തേയ് പുരാണങ്ങളെ ആസ്പദമാക്കിയുള്ള രചനകളിലൂടെ പ്രശസ്തയായ അവർ സമകാലിക മണിപ്പൂരി സാഹിത്യലോകത്തെ കരുത്തുറ്റ ശബ്ദമാണ്.
ഹിന്ദിയിലെ പരമോന്നത ബഹുമതിയായ 'ആകാശ്ദീപ്' പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മമ്താ കാലിയ 1940 നവംബർ 2ന് ജനിച്ചത്. ഫെമിനിസത്തിൻറെ ആദ്യകാല തരംഗങ്ങൾ ഉയർന്നുവന്ന കാലഘട്ടത്തിൽ തന്നെ തൻറെ രചനകളിലൂടെ അവർ ഒരു പുതിയ പാത സൃഷ്ടിച്ചു. പന്ത്രണ്ടിലധികം ശ്രദ്ധേയ കൃതികൾ രചിച്ചിട്ടുള്ള അവർ, മധ്യവർഗ്ഗത്തിൻറെ സങ്കീർണതകൾക്കും സ്ത്രീ സ്വത്വത്തിനായുള്ള പോരാട്ടത്തിനും കരുത്തുറ്റ ശബ്ദം നൽകിയ എഴുത്തുകാരിയായി അറിയപ്പെടുന്നു.
ആകാശ്ദീപ് പുരസ്കാരത്തിന് കീഴിൽ ഹിന്ദിക്ക് പുറമെ കന്നഡ, മറാത്തി, ബംഗാളി, ഒഡിയ, മലയാളം, ഗുജറാത്തി ഭാഷകളിലെ സാഹിത്യ സംഭാവനകളും മുമ്പ് ആദരിക്കപ്പെട്ടിട്ടുണ്ട്; ഈ വർഷം മണിപ്പൂരി ഭാഷയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദിയേതര ഇന്ത്യൻ ഭാഷകളിൽ ഗിരീഷ് കർണാട്, ഭാൽചന്ദ്ര നമദേ, ശംഖ ഘോഷ്, പ്രതിഭാ റായ്, എം. ടി. വാസുദേവൻ നായർ, സിതാൻഷു യശശ്ചന്ദ്ര എന്നിവർ ബഹുമതി നേടിയിട്ടുണ്ട്. ഹിന്ദി വിഭാഗത്തിൽ നാംവർ സിംഗ്, ഗ്യാൻരഞ്ജൻ, വിശ്വനാഥ് ത്രിപാഠി, ശേഖർ ജോഷി, വിനോദ് കുമാർ ശുക്ല, ഗോവിന്ദ് മിശ്ര എന്നിവർക്ക് ആകാശ്ദീപ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അമർ ഉജാല ശബ്ദ് സമ്മാൻ 25ൻറെ ഭാഗമായി 2024ൽ പ്രസിദ്ധീകരിച്ച മികച്ച ഹിന്ദി കൃതികൾക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.