Sections

കൊച്ചി-മുസിരിസ് ബിനാലെയുടെ സമാന്തര കലാവിഷ്‌കാര പ്രദർശനം ഒമ്പത് വേദികളിൽ

Monday, Nov 24, 2025
Reported By Admin
Kochi-Muziris Biennale 2026 Collateral Shows Begin

  • ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമായി നടക്കുന്ന കൊലാറ്ററൽസ് പ്രോഗ്രാം ഡിസംബർ 14 മുതൽ

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ (കെഎംബി-6) ഭാഗമായി വിവിധ കലാവിഷ്‌കാരങ്ങളുടെ സമാന്തര പ്രദർശനം ഒമ്പത് ഇടങ്ങളിലായി ആരംഭിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. ഡിസംബർ 14 മുതൽ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായാണ്  പ്രദർശനം നടക്കുന്നത്.

ഡിസംബർ 12 നാണ് 110 ദിവസത്തെ ബിനാലെയ്ക്ക് തുടക്കമാകുന്നത്. ഗോവയിലെ എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസുമായി ചേർന്ന് നിഖിൽ ചോപ്രയാണ് 'ഫോർ ദി ടൈം ബീയിങ്' എന്ന പ്രമേയത്തിൽ നടക്കുന്ന ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 2026 മാർച്ച് 31 വരെ നടക്കുന്ന ബിനാലെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്.
 
കൊലാറ്ററൽസ് പ്രോഗ്രാം കെഎംബിയുടെ മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പുനർവിഭാവനം ചെയ്തിരിക്കുന്നതായി കെബിഎഫ് പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസ പറഞ്ഞു. 150-ലധികം അപേക്ഷകളിൽ നിന്നാണ് ജൂറി ഒമ്പത് പ്രദർശനങ്ങൾ തിരഞ്ഞെടുത്തത്. കൊലാറ്ററൽ പ്രോഗ്രാം കലാ രീതികളിലെ അതിശയകരമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. അത് ബിനാലെയുടെ ക്യൂറേറ്റോറിയൽ ചിന്തയുടെയും അവതരണങ്ങളുടെയും ശക്തി പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിദ്ധ അബ്സ്ട്രാക്ഷനിസ്റ്റ് ആയ ശോഭ ബ്രൂട്ട, പെയിന്റർ പ്രിന്റ്മേക്കർ നൈന ദലാൽ തുടങ്ങിയവരുടെ സൃഷ്ടികൾ പ്രദർശനത്തിലുണ്ടാകും. പരിപാടിയുടെ മറ്റൊരു ആകർഷണം വിഷ്വൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവനും അവരുടെ ദക്ഷിണ കേരളത്തിലെ കസവുനെയ്ത്ത് സമൂഹവുമാണ്.

റിസ്‌ക് ആർട്ട് ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്ന 'ലൈക്ക് ഗോൾഡ്' ഗ്രൂപ്പ് എക്സിബിഷൻ, സാറാ ചാണ്ടി സംഘടിപ്പിക്കുന്ന 'ലിലീസ് ഇൻ ദി ഗാർഡൻ ഓഫ് ടുമാറോ' മൾട്ടി-എലമെന്റ് എക്സിബിഷൻ ആൻഡ് റിസർച്ച് പ്രോജക്റ്റ് എന്നിവയും പ്രദർശനത്തിന്റെ ഭാഗമാണ്. അശ്വിൻ പ്രകാശിന്റെ ഡിസൈൻ-ഡ്രൈവൺ റിസർച്ച് സ്റ്റുഡിയോയായ 'മൺസൂൺ കൾച്ചർ', സ്വതന്ത്ര കലാകാരന്മാർ നയിക്കുന്ന സംരംഭമായ 'ഫോർപ്ലേ സൊസൈറ്റി' എന്നിവയാണ് മറ്റ് അവതരണങ്ങൾ. കൊൽക്കത്തയിലെ ഉത്സവകാല ദുർഗാ പൂജയുടെ കലാവൈഭവത്തെക്കുറിച്ചുള്ള മാസ് ആർട്ടിന്റെ അവതരണവും പൂനെയിലെ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്-   മാക്സ് മുള്ളർ അവതരിപ്പിക്കുന്ന ചലിക്കുന്ന ഇമേജ് ഇൻസ്റ്റലേഷനും സന്ദർശകർക്ക് മുന്നിലെത്തും.

ഡൽഹി ആസ്ഥാനമായ ആർഡീ ഫൗണ്ടേഷൻ ശോഭ ബ്രൂട്ടയുടെ അബ്‌സ്ട്രാക്ട് പെയിന്റിംഗുകൾ പ്രദർശിപ്പിക്കും. 'ദി ലൈറ്റ്‌നസ് ഓഫ് ബീയിംഗ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദർശനത്തിന്റെ ക്യൂറേറ്റർ ഇന പുരി ആണ്. മട്ടാഞ്ചേരി സിനഗോഗ് ലെയ്‌നിലുള്ള മോച്ച ആർട്ട് കഫേയിലാണ് പ്രദർശനം. സെൽജുക് റുസ്തം, ആൻഡ്രിയാസ് ഉൾറിക്ക് എന്നിവർ ചേർന്ന് കൊച്ചി ആസ്ഥാനമായി സ്ഥാപിച്ച ഫോർപ്ലേ സൊസൈറ്റിയുടെ പ്രദർശനം ബെംഗളൂരു ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.

ജിനോയ് പയ്യപ്പിള്ളി സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായ ഗാലറി സ്പ്ലാഷ് ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയോട് ചേർന്നുള്ള ബർഗർ സ്ട്രീറ്റിലെ ഓയ്സ് കഫേയിൽ നൈന ദയാലിന്റെ ഡ്രോയിംഗുകൾ, പെയിന്റിംഗുകൾ, പ്രിന്റുകൾ എന്നിവ അവതരിപ്പിക്കും.

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൈത്തറി കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ബാലരാമപുരത്തെ നെയ്ത്ത് സമൂഹത്തോടൊപ്പം വർഷങ്ങളോളം ചെലവഴിച്ച ലക്ഷ്മി മാധവൻ 'ലൂമിംഗ് ബോഡീസ്' അവതരിപ്പിക്കും. ബാലരാമപുരം വീവിംഗ് കമ്മ്യൂണിറ്റി, കോട്ടുകാൽ, പുലിയൂർക്കോണം, പുലിവിള എന്നിവിടങ്ങളിലെ കൈത്തറി വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, കസ്തൂർഭ സ്മാരക വനിതാ ഹാൻഡ്‌ലൂം സൊസൈറ്റി എന്നിവ ഈ പ്രദർശനത്തിന്റെ ഭാഗമാകും. ഫോർട്ട് കൊച്ചിയിലെ കൽവത്തി റോഡിലെ പെപ്പർ ഹൗസിന് എതിർവശത്തുള്ള കെഎം ബിൽഡിംഗിലാണ് പ്രദർശനം നടക്കുക.

ബംഗാളിന്റെ വൈവിധ്യമാർന്ന കലയെയും സംസ്‌കാരത്തെയും ഉൾക്കൊള്ളുന്ന പ്രദർശനത്തിന് മാസ് ആർട്ടിലെ കലാകാരന്മാർ നേതൃത്വം നൽകും. മട്ടാഞ്ചേരി ജൂത ടൗൺ റോഡിലെ ജിആർസി മറൈനിലാണ് ഇതിന്റെ വേദി. അശ്വിൻ പ്രകാശിന്റെ മൺസൂൺ കൾച്ചർ 'ദി എംപറേഴ്‌സ് ന്യൂ ക്ലോത്ത്സ്' എന്ന പ്രദർശനം മട്ടാഞ്ചേരി ജൂത തെരുവിൽ ഒരുക്കുന്നു. ഇത് മലയാളി സ്വത്വത്തെ അണിയിച്ചൊരുക്കിയ തുണിത്തരങ്ങൾ അനാവരണം ചെയ്യുന്നു.

പൂനെയിലെ മാക്സ് മുള്ളർ-ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന പിപിയോയിൽ ഒരു മൂവിങ് ഇമേജ് ഇൻസ്റ്റലേഷനാണ്. മട്ടാഞ്ചേരി ബസാർ റോഡിലെ കെയ്‌സി കോർപ്പറേഷന് എതിർവശത്തുള്ള ഫോർപ്ലേ സൊസൈറ്റിയിൽ ഇത് പ്രദർശിപ്പിക്കും. സ്വതന്ത്ര ആർട്ട് ഗാലറിയും സാമൂഹിക സംരംഭവുമായ റിസ്‌ക് ആർട്ട് ഇനിഷ്യേറ്റീവ് 'ലൈക്ക് ഗോൾഡ്' (പൊന്നുപോലെ) അവതരിപ്പിക്കും. ഈ പ്രദർശനത്തിൽ സ്വർണത്തെ മിത്തും ആഭരണവുമായി ഉൾപ്പെടുത്തുകയും അതിന്റെ ഇടപാട്, പരിവർത്തന സ്വഭാവം എന്നിവ അന്വേഷിക്കുകയും ചെയ്യുകയും ചെയ്യുന്നു. പെപ്പർ ഹൗസിന് എതിർവശത്തുള്ള കെഎം ബിൽഡിംഗിലാണ് അവതരണം.

സ്വതന്ത്ര കലാകാരിയായ സാറാ ചാണ്ടിയുടെ 'ലില്ലീസ് ഇൻ ദി ഗാർഡൻ ഓഫ് ടുമാറോ' (2025), ദക്ഷിണേന്ത്യയിൽ നിന്നുള്ള സിറിയൻ ക്രിസ്ത്യാനിയായ ഏലിയാമ്മ മാത്തന്റെ ഡയറിക്കുറിപ്പുകളിലൂടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതിസന്ധികൾക്കിടയിലും ഒരു കുടുംബത്തിന്റെ പ്രതിരോധശേഷിയുടെ കഥ ചർച്ച ചെയ്യുന്ന ബഹുതല പ്രദർശന-ഗവേഷണ പദ്ധതിയാണ്. ബകുൾ പട്കി ക്യൂറേറ്റ് ചെയ്ത ഈ പരിപാടി മട്ടാഞ്ചേരിയിലെ ജ്യൂ ടൗൺ റോഡിലുള്ള ആരോ മാർക്കിൽ പ്രദർശിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.