Sections

സമകാലീനകലയ്ക്കൊപ്പം അത്ഭുതവും കൗതുകവും:കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ആവേശത്തോടെ സന്ദർശകർ

Thursday, Dec 18, 2025
Reported By Admin
Kochi-Muziris Biennale 2025 Gets Strong Response in Opening Week

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിന് തിരശീല ഉയർന്ന ആദ്യ വാരത്തിൽ തന്നെ സന്ദർശകരിൽ നിന്നും സമകാലീന കലാലോകത്ത് നിന്നും മികച്ച പ്രതികരണം. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനത്തിന്റെ ആദ്യ നാളുകളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ മുതൽ ഇന്ത്യൻ ആർട്ട് വിദ്യാർത്ഥികളും കലാസ്വാദകരുമടക്കം പൊതുജനവും ബിനാലെ വേദികളിലേക്ക് ഒഴുകിയെത്തുകയാണ്.

ഗോവയിലെ എച് എച് ആർട്ട്സ്പേസുമായി ചേർന്ന് പ്രശസ്ത ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലന്റ്, എറണാകുളം ദർബാർ ഹാൾ എന്നിവിടങ്ങളിലായാണ് 22 ബിനാലെ വേദികൾ. ഇൻവിറ്റേഷനുകൾ, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ ആർട്ട് റൂം , പ്രാദേശിക കലാകാരന്മാർക്കുള്ള ഇടം' എന്നിവ ഇതിലുൾപ്പെടും. ഇതിനു പുറമെ ഏഴ് കൊളാറ്ററൽ വേദികളുമുണ്ട്.

സമകാലീന കലയിലെ അത്ഭുതങ്ങളാണ് നേരിട്ട് കാണാൻ കഴിയുന്നതെന്നതിനൊപ്പം തന്നെ ജനങ്ങൾക്കും സ്ഥലത്തിനും പ്രാധാന്യം നൽകുന്ന മേളയാണിതെന്ന് ചെന്നൈ സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന സംരംഭകനുമായ കാർത്തിക് പരീജ ചൂണ്ടിക്കാട്ടി. ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ എത്തിയതിനാൽ പ്രതിഷ്ഠാപനങ്ങൾ രൂപപ്പെട്ട് വരുന്നതെങ്ങിനെയെന്ന് നേരിട്ട് കാണാനായി. ബിനാലെ നേതൃത്വത്തിന്റെ കൂട്ടായ പരിശ്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കലയ്ക്കൊപ്പം പ്രാദേശികജനതയ്ക്കും ദേശവൈവിധ്യത്തിനും ബിനാലെ പ്രാധാന്യം നൽകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരിയായ ജോൺ ജൂലിയാർഡ് ആദ്യമായാണ് കൊച്ചി ബിനാലെ സന്ദർശിക്കുന്നത്. ബിനാലെയുടെ വൈവിധ്യവും സംഘാടനവും അദ്ദേഹത്തെ ആകർഷിച്ചു. പ്രദർശനത്തിലുള്ള സമകാലിക കലാരീതികളുടെ വൈവിധ്യവും, ഈ മേഖലയെക്കുറിച്ച് അറിവില്ലാത്തവർക്ക് പോലും ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ക്യൂറേഷനും ജോൺ ചൂണ്ടിക്കാട്ടി.

ദുബായിൽ സേഫ്റ്റി എൻജിനീയറായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശി അഭയ് ജോയ് ആകസ്മികമായാണ് ബിനാലെ സന്ദർശിച്ചത്. മുൻകൂട്ടി നിശ്ചയിക്കാത്ത സന്ദർശനമാണെന്ന് മാത്രമല്ല, സമകാലീനകലയെക്കുറിച്ച് വലിയ പരിജ്ഞാനമില്ലാത്ത വ്യക്തികൂടിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. കലയിൽ മുൻപരിചയമില്ലാത്തവർക്കും ബിനാലെ തീർച്ചയായും ആസ്വദിക്കാവുന്ന തരത്തിലാണ് ഓരോ കലാസൃഷ്ടികളുടെയും വിവരണങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയിലെ ദാവൻഗെരെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് വിഷ്വൽ ആർട്സിലെ വിദ്യാർത്ഥിയായ രാഹുൽ കണ്ണൻ ആദ്യമായാണ് ബിനാലെ സന്ദർശിക്കുന്നത്. പ്രദർശനത്തിലെ സൃഷ്ടികൾ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്. ചെറിയ നഗരങ്ങളിൽ ആഗോള കലാ പ്രസ്ഥാനങ്ങളുമായി ഇടപഴകാൻ അവസരങ്ങൾ കുറവാണ്. സ്റ്റുഡന്റ്സ് ബിനാലെ പോലുള്ള വേദികളിലൂടെ വിദ്യാർത്ഥികൾക്ക് പുതിയ കലാ ചർച്ചകളെക്കുറിച്ച് അറിയാനും ഇടപെടാനും സാധിക്കുമെന്നും കണ്ണൻ പറഞ്ഞു. ബിനാലെയിലെ കലയെന്നത് അനുഭവത്തേക്കാളേറെ ഒരു ജീവിതരീതിയായി കണക്കാക്കാമെന്ന് ചെന്നൈ സ്വദേശിയും യുഎസിൽ സ്ഥിരതാമസക്കാരനുമായ ആർട്ടിസ്റ്റ് സാമുവൽ ജയദേവ് പറഞ്ഞു. സ്റ്റുഡന്റ്സ് ബിനാലെ പോലുള്ള സംരംഭങ്ങൾ യുവാക്കളിൽ വിമർശനാത്മക ചിന്തയും കലാസ്വാദനവും വളർത്താൻ സഹായിക്കുമെന്ന് തിരുവനന്തപുരത്ത് നിന്നുള്ള കലാ ഗവേഷകനായ അജുനേഷ് വിശ്വം പറഞ്ഞു.

ബിനാലെ പ്രദർശനങ്ങൾ കാണുന്നതിന് ഓൺലൈനായും ബിനാലെ വേദികളിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്. മുതിർന്നവർക്ക് 200 രൂപയും വിദ്യാർത്ഥികൾക്കും 60 വയസ് പിന്നിട്ടവർക്കും 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.