Sections

പാരമ്പര്യ കലകൾ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്നതിനായുള്ള നയം രൂപപ്പെടുത്തണമെന്ന് സ്പൈസ് റൂട്ട്സ് സമ്മേളനം

Thursday, Jan 08, 2026
Reported By Admin
Experts Call for Cultural Policy to Link Kerala Arts with Tourism

കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകൾ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികൾ കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധർ. കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ 'സ്പൈസ് റൂട്ടിൻറെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയപരിപാടികൾ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകർ കൂടിയായ പ്രഭാഷകർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചർച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടിയാട്ടം ഉൾപ്പെടെയുള്ള കലകളുടെ സൗന്ദര്യത്തെ പൂർണതയിൽ അവതരിപ്പിക്കാനുള്ള വേദികൾ ആവശ്യമാണെന്ന് കൂടിയാട്ട ആചാര്യൻ ഡോ. മാർഗി മധു പറഞ്ഞു. കൂടിയാട്ടത്തിൻറെ മിനിയേച്ചർ രൂപമാണ് ഇപ്പോൾ പലയിടത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതല്ലാതെ പൂർണതയിൽ ഇത് കാണികൾക്കു മുന്നിൽ എത്തിക്കണം. ഇതിന് ടൂറിസത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് മാർഗി മധു ചൂണ്ടിക്കാട്ടി.

വർഷത്തിൽ എല്ലാ ദിവസവും അവതരിപ്പിക്കാവുന്ന തരത്തിൽ സ്ഥിരം പാവകളി വേദി കേരളത്തിന് ആവശ്യമാണെന്ന് തോൽപ്പാവക്കൂത്ത് കലാകാരൻ ഡോ. രാജീവ് പുലവർ പറഞ്ഞു. ടൂറിസവുമായി കോർത്തിണക്കി കേരളത്തിലെ പ്രധാന നഗരങ്ങൾ കേന്ദ്രമാക്കി ഇത്തരം വേദികൾ ഒരുക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇത് പാവകളിയെ സംരക്ഷിക്കുന്നതിനും വരുംതലമുറയിലേക്ക് ഈ കലാരൂപത്തെ പകർത്തുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനത്തിനും സഹായമാകും.

വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി നാല് തരത്തിലുള്ള പ്രധാന പാവകളി രീതികൾ കേരളത്തിൽ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് പുലവർ ഇവയെ സംരക്ഷിക്കാനുള്ള ശ്രമം വേണമെന്നും ഉത്സവകാലം കഴിഞ്ഞാൽ തോൽപ്പാവക്കൂത്ത് കാണാൻ അവസരമില്ലെന്നതാണ് നിലവിലെ സ്ഥിതിയെന്നും കൂട്ടിച്ചേർത്തു.

കൃത്യമായ അക്കാദമിക ചട്ടക്കൂട്, ചിട്ടയായ പരിശീലനം, പ്രൊഫഷണൽ സമീപനം, സാമ്പത്തിക പിന്തുണ എന്നിവയോടെ കൂടുതൽ പേരെ കളരിയിലേക്ക് ആകർഷിക്കുകയും അവർക്ക് കൃത്യമായ അവസരങ്ങൾ നൽകുകയും ചെയ്യണമെന്ന് അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് പറഞ്ഞു. കേരള ടൂറിസത്തിന് ആഗോള തലത്തിൽ ഉയർത്തിക്കാണിക്കാവുന്ന ഏറ്റവും മികച്ച ആയോധന മാതൃകയാണ് കളരിപ്പയറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാരമ്പര്യ, അനുഷ്ഠാന കലകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ടൂറിസം മേഖലയ്ക്ക് കൈക്കൊളളാവുന്ന നടപടികളിൽ ഫലപ്രദമായ ചർച്ചകൾ മുന്നോട്ടുപോകണമെന്ന് സെഷനിൽ മോഡറേറ്ററായിരുന്ന സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ്കുമാർ കെ പറഞ്ഞു.

ഐജിഎൻഎ ആദി ദൃഷ്ട ഡയറക്ടർ ഡോ. റിച്ച നേഗിയും സെഷനിൽ പങ്കെടുത്ത് സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.