- Trending Now:
കൊച്ചി: മാരിടൈം വിദ്യാഭ്യാസത്തിൻറെ മികവിൻറെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള യത്നത്തിൻറെ ഭാഗമായി കേരള മാരിടൈം ബോർഡിൻറെ നേതൃത്വത്തിൽ ഡിസംബർ 2ന് കൊച്ചിയിൽ വെച്ചു കേരള മാരിടൈം എഡ്യൂക്കേഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോൺഫറൻസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിചക്ഷണർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഡിസംബർ രണ്ടിന് നഗരത്തിൽ നടക്കുന്ന കേരള മാരിടൈം വിദ്യഭ്യാസ കോൺഫറൻസ് മാരിടൈം വിദ്യാഭ്യാസത്തിൻറെ ഭാവി, തുറമുഖം ഷിപ്പിംഗ് മറ്റു അനുബന്ധ മേഖലകളിലെ വിദ്യാഭാസ നൈപുണ്യ സാധ്യതകൾ എന്നിവയെ സംബന്ധിച്ച ചർച്ചകൾക്ക് വേദിയാകും. മാരിടൈം വ്യവസായത്തിൻറെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന കോൺഫറൻസിൽ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങൾക്കുമുള്ള പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും.
ബോൾഗാട്ടി പാലസ് ആൻഡ് ഐലൻറ് റിസോർട്ടിൽ വെച്ചു നടക്കുന്ന തിങ്കളാഴ്ചയിലെ പരിപാടി തുറമുഖ സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മാരിടൈം മേഖലയിലെ പ്രമുഖരുമായി ബി ടു ബി സെഷനുകൾ, അക്കാദമിക് വിദഗ്ദ്ധർ, നയം രൂപകൽപ്പന ചെയ്യുന്നവർ എന്നിവർക്കുള്ള സെഷനുകൾ തുടങ്ങിയവ കോൺഫറൻസിൽ ഉണ്ടാകും.
ശ്രീ.സുജിത് വിജയൻപിള്ള മുഖ്യതിഥിയാകും. പ്രിൻസിപ്പൽ സെക്രട്ടറി (ഫിഷറീസ് തുറമുഖ വകുപ്പ്) ശ്രീ.കെ.എസ്.ശ്രീനിവാസ് മുഖ്യപ്രസംഗം നടത്തും. കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർമാൻ ശ്രീ.ബി.കാശിവിശ്വനാഥൻ ഡയറക്ടർ ജനറൽ (ഷിപ്പിങ്) ശ്രീ.ശ്യാം ജഗന്നാഥൻ, വേൾഡ് മാരിടൈം യൂണി. എക്സിക്യൂട്ടീവ് ബോർഡംഗം ശ്രീമതി സൻജം സായി ഗുപ്ത, ഗുജറാത്ത് മാരിടൈം യൂണി. വൈസ് ചാൻസിലർ ഡോ.എസ്.ശാന്തകുമാർ, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ. ശ്രീ.പ്രദീപ് ജയരാമൻ, തുടങ്ങിയ പ്രമുഖരുടെ മുഖ്യപ്രഭാഷണങ്ങളും പാനൽ ചർച്ചകളും സെഷനിലുണ്ടാകും.
മികച്ച ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാനത്തെയും നവീന സാങ്കേതിക മേഖലകളെയും ബന്ധിപ്പിക്കുന്ന ശ്രമങ്ങൾക്കായി മാരിടൈം, ലോജിസ്റ്റിക്സ് എന്നിവയെ പുതിയ വ്യവസായ നയപ്രകാരം 22 മുൻഗണനാ മേഖലകളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന വെല്ലുവിളികൾ, മാറ്റങ്ങൾ, മാരിടൈം വിദ്യാഭ്യാസത്തിൻറെ ഭാവി എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾക്ക് ചോദ്യം ഉന്നയിക്കാനും സംശയനിവാരണത്തിനുമുള്ള സൗകര്യമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. മേഖലയിലെ പാർട്ണർഷിപ്പുകളെ ദൃഢപ്പെടുത്തുന്ന കോൺഫറൻസ് വ്യവസായത്തിനും വിദ്യാഭ്യാസത്തിനും ഗുണകരമാകുമെന്ന് കേരളത്തിലെ 17 നോൺ മേജർ തുറമുഖങ്ങളെ നിയന്ത്രണവും നടത്തിപ്പും ചെയ്യുന്ന കേരള മാരിടൈം ബോർഡിൻറെ ചെയർമാൻ ശ്രീ.എൻ.എസ്.പിള്ള അറിയിച്ചു. വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരം കാണാനുള്ള നീക്കത്തിന് പ്രത്യേക പരിഗണന നൽകുന്നതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ മാരിടൈം പരിശീലനത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിൽ നേരിട്ട് ഊന്നൽ നൽകുന്ന കോൺഫറൻസിന് കേരള മാരിടൈം ബോർഡ് മികച്ച സ്ഥാപനങ്ങളിലെ പ്രമുഖരുടെ പങ്കാളിത്തമാണ് ഉറപ്പാക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഡിപി വേൾഡ്, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ഇന്ത്യൻ മാരിടൈം യൂണിവെഴ്സിറ്റി, എ.എ.ഇ.ടി.യൂണിവെഴ്സിറ്റി, അസാപ്, കേരള അക്കാദമി ഫോർ സ്ക്കിൽ എക്സലൻസ് എന്നിവയിൽ നിന്നുൾപ്പടെയുള്ളവരാണ് പങ്കെടുക്കുന്നത്.
കോൺഫറസിൻറെ കുറിച്ചു കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 9544410029 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.