Sections

സംരംഭം തുടങ്ങാന്‍ 25 ശതമാനം സബ്‌സിഡിയോടെ 5 ലക്ഷം രൂപ വായ്പ നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാര്‍

Monday, Dec 13, 2021
Reported By Admin
business

വായ്പാ തുകയുടെ 25 ശതമാനം അതായത് ഏകദേശം ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തില്‍ നേടാവുന്നതാണ്


സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. ഇവയില്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയും കുട്ടികള്‍ക്ക് വേണ്ടിയും ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ എണ്ണവും വളരെ കൂടുതലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്നും സ്വന്തം നാടുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. 

സ്വന്തമായി ഒരു സംരംഭം തുടങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റുമോ എന്ന് ചിന്തിക്കുന്നവര്‍ ആയിരിക്കും ഇതില്‍ മിക്കവരും. ഇവര്‍ക്കെല്ലാം ഒരു ആശ്വാസമെന്നോണം കെഎസ്എഫ്ഇയും നോര്‍ക്ക റൂട്ടും സംയുക്തമായി ഒരു സാമ്പത്തിക സഹായം പദ്ധതി ആരംഭിച്ചിട്ടുണ്ട്. പ്രവാസി ഭദ്രത മൈക്രോ എന്നാണ് പദ്ധതിയുടെ പേര്. അതിന്റെ കുറിച്ച കൂടുതലറിയാം.

കെഎസ്എഫ്ഇ നോര്‍ക്കറൂട്ട്‌സ് സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈയൊരു വായ്പാ പദ്ധതിയില്‍ 5 ലക്ഷം രൂപ വരെ ലോണായി നേടാവുന്നതാണ്. ഇതില്‍ ഒരു ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടതില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തു തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

നാട്ടില്‍ സ്ഥിരതാമസമാക്കി സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ചവര്‍, ഉപജീവനത്തിനായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. 01/04/2021 നു ശേഷം വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആര്‍ക്കുവേണമെങ്കിലും ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്. ഈ തീയതിക്ക് മുന്‍പ് നാട്ടില്‍ എത്തിയവര്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുമെങ്കിലും മേഖലാ അടിസ്ഥാനത്തിലാണ് വായ്പയ്ക്കായി പരിഗണിക്കുക.

9% മാണ് പലിശ ഇനത്തില്‍ അടയ്‌ക്കേണ്ടി വരുന്നത് എങ്കിലും നോര്‍ക്കറൂട്ട്‌സില്‍ നിന്നും 3 ശതമാനം സബ്‌സിഡി ഇനത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ട് ബാക്കിവരുന്ന 6 ശതമാനം മാത്രമാണ് തിരികെ അടയ്‌ക്കേണ്ടി വരുന്നുള്ളൂ. വായ്പാ തുകയുടെ 25 ശതമാനം അതായത് ഏകദേശം ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തില്‍ നേടാവുന്നതാണ്. കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് ആണ് സബ്‌സിഡി തുക ലഭിക്കുക. 36 മാസം മുതല്‍ 48 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

ഏതെല്ലാം സംരംഭങ്ങള്‍ തുടങ്ങാം?

കാര്‍ഷിക സേവന കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, പശു,ആട്, കോഴി വളര്‍ത്തല്‍, സ്വയംതൊഴില്‍ ആവശ്യങ്ങള്‍ക്കുള്ള വാഹനം വാങ്ങുന്നതിന്, സ്റ്റാര്‍ട്ടപ്പ്, കച്ചവടസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് എന്നീ കാര്യങ്ങള്‍ക്കെല്ലാം വായ്പാതുക വിനിയോഗിക്കാവുന്നതാണ്.

ജാമ്യവ്യവസ്ഥകള്‍ എന്തെല്ലാം?

കെഎസ്എഫ്ഇ നിലവില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അതെ ജാമ്യവ്യവസ്ഥകള്‍ അനുസരിച്ച് തന്നെയാണ് ഈ ഒരു പദ്ധതിയും രൂപീകരിച്ചിട്ടുള്ളത്. അതായത് വ്യക്തി ജാമ്യം, ശമ്പള സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അല്ലെങ്കില്‍ സറണ്ടര്‍ വാല്യൂ, കിസാന്‍ വികാസ് പത്ര, സ്ഥിരനിക്ഷേപ റസീറ്റ്, ബാങ്ക് ഗ്യാരണ്ടി, വസ്തു ജാമ്യം സ്വര്‍ണം എന്നിവയെല്ലാം ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. ജാമ്യവ്യവസ്ഥ സംബന്ധിച്ച് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് കെഎസ്എഫ്ഇ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള കെഎസ്എഫ്ഇ ബ്രാഞ്ച് മായി ബന്ധപ്പെടുകയാണെങ്കില്‍ യാതൊരുവിധ ഫീസും നല്‍കാതെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കെഎസ്എഫ്ഇ പ്രോസസിംഗ് ഫീസായി 100 രൂപ നല്‍കേണ്ടതുണ്ട്. ജാമ്യമായി വസ്തുവാണ് നല്‍കുന്നത് എങ്കില്‍ അതിന് ആവശ്യമായ ലീഗല്‍, വാല്വേഷന്‍ ഫീസ് എന്നിവയുടെ 50 ശതമാനം നല്‍കേണ്ടതുണ്ട്. വായ്പ ലഭിക്കുന്ന സമയത്ത് 200 രൂപയുടെ മുദ്രപത്രം എഗ്രിമെന്റിനായി ആയി നല്‍കേണ്ടതുണ്ട്.

സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെ?

നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം, കെഎസ്എഫ്ഇ ആവശ്യപ്പെടുന്ന കെവൈസി രേഖ, പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജിന്റെ കോപ്പി, യാത്ര നടത്തിയെന്ന് തെളിയിക്കുന്നതിനുള്ള പേജ്, എക്‌സിറ്റ് പേജ്, വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് കോപ്പി , എന്നിവയോടൊപ്പം ഇവ ശരിയാണ് എന്ന് തെളിയിക്കുന്നതിനായി ഒറിജിനല്‍ പാസ്‌പോര്‍ട്ട് റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം.

ഇതോടൊപ്പം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, തുടങ്ങിയ സംരംഭങ്ങള്‍ ആണെങ്കില്‍ അത് സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട്, ലൈസന്‍സുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ചില സംരംഭങ്ങള്‍ക്ക് അനുമതിപത്രം ആവശ്യമാണ് അത്തരം സാഹചര്യങ്ങളില്‍ അവ കൂടി അപേക്ഷയോടൊപ്പം നല്‍കണം.

നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ നോര്‍ക്കറൂട്ട്‌സ് പരിശോധിക്കുകയും പദ്ധതിക്ക് എലിജിബിള്‍ ആണ് എന്ന് ഉറപ്പു വരുത്തി നല്‍കുന്ന കണ്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജര്‍ ആണ് ലോണിന് ആവശ്യമായ അനുമതി നല്‍കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.