Sections

എളുപ്പത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന കോഴി വളര്‍ത്തലിന് കേരള സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍

Thursday, Dec 16, 2021
Reported By Admin
chicken

ചില പദ്ധതികള്‍ സുപരിചിതമാണെങ്കിലും അതിന് വേണ്ടി ശ്രമിക്കാത്തവര്‍ നമ്മുക്ക് ചുറ്റുമുണ്ട്


ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും ഒരു സംരംഭം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മിക്ക സ്ത്രീകളും. കുടുംബശ്രീ വഴിയും അല്ലാതെയും നിരവധി പദ്ധതികളാണ് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്.

കൃഷിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സംസ്ഥാനമായതു കൊണ്ട് തന്നെ കേരളത്തിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വീട്ടില്‍ കോഴിവളര്‍ത്തല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ കോഴി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള വിവിധ പദ്ധതികളെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

വാണിജ്യ അടിസ്ഥാനത്തില്‍ കോഴികൂട് നിര്‍മ്മിക്കുന്നതിനും കോഴി വളര്‍ത്തുന്നതിനും വേണ്ടി വ്യത്യസ്ത രീതിയിലുള്ള വായ്പാ പദ്ധതികളും, അതിന് ആവശ്യമായ സബ്‌സിഡികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കിവരുന്നുണ്ട്. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ പദ്ധതികളായ കെപ്‌കോ വനിതാ മിത്ര, കെപ്‌കോ ആശ്രയ, നഗര പ്രിയ എന്നിങ്ങനെയുള്ള വ്യത്യസ്ത പദ്ധതികള്‍ക്ക് കീഴിലായി ധനസഹായ പദ്ധതികളും സബ്‌സിഡികളും നല്‍കി വരുന്നുണ്ട്.

കെപ്‌കോ നഗര പ്രിയ പദ്ധതി

നഗരപ്രദേശങ്ങളിലെ മുട്ടയുത്പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും, അടുക്കള മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി മുട്ട ഉല്‍പാദന ചിലവ് കുറയ്ക്കുക, ഒരു പരിധിവരെ മാലിന്യസംസ്‌കരണത്തെ സഹായിക്കുക എന്നീ ഉദ്ദേശങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റികള്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നഗര പ്രിയ.

നഗരപരിധി പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് എപിഎല്‍, ബിപിഎല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ അഞ്ചു കോഴി, അഞ്ചു കിലോ തീറ്റ, ആധുനികരീതിയിലുള്ള കൂട്, ആവശ്യമായ മരുന്ന് എന്നിവ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. ഒരു നിശ്ചിത തുക ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടിവരും.

കെപ്‌കോ വനിതാ ആശ്രയപദ്ധതി 

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകള്‍ക്ക് കീഴില്‍ ഉള്ള വിധവകളായ സ്ത്രീകള്‍ക്ക് പത്തു കോഴി, 10 കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ നല്‍കുന്ന ഒരു പദ്ധതിയാണ് ഇത്. ഇത്തരം പദ്ധതികള്‍ പഞ്ചായത്ത് മുഖേന നടപ്പാക്കുന്നതു കൊണ്ടു തന്നെ അപേക്ഷകള്‍ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും വേണ്ടി പഞ്ചായത്തുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

കെപ്‌കോ വനിതാ മിത്ര പദ്ധതി

നിലവില്‍ നിരവധിപേരാണ് പശു, ആട് ഫാമുകള്‍ കേരളത്തില്‍ നടത്തുന്നത്. എന്നാല്‍ ഇതേ രീതിയില്‍ കോഴിഫാമുകള്‍ നടത്തുന്നതിനുവേണ്ടി പഞ്ചായത്തുകള്‍ മുഖേന സര്‍ക്കാര്‍ നല്‍കുന്ന ഒരു പദ്ധതിയാണ് കെപ്‌കോ വനിതാ മിത്ര പദ്ധതി. തിരഞ്ഞെടുക്കുന്ന പഞ്ചായത്തിന് കീഴിലുള്ള 500 വനിതകള്‍ക്കാണ് കോഴി വളര്‍ത്തുന്നതിനുള്ള ധനസഹായം ലഭിക്കുക. ഓരോരുത്തര്‍ക്കും എട്ട് കോഴികള്‍, അഞ്ച് കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.

തീര്‍ച്ചയായും കോഴി വളര്‍ത്തല്‍ വരുമാന മാര്‍ഗമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം ഉപകാരപ്രദമായ പദ്ധതിയാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച ഈ പദ്ധതികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ചില പദ്ധതികള്‍ സുപരിചിതമാണെങ്കിലും അതിന് വേണ്ടി ശ്രമിക്കാത്തവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തെ മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ രൂപീകരിച്ച ഇത്തരം പദ്ധതികള്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകള്‍ വഴി എളുപ്പത്തില്‍ ലഭ്യമാകുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.