- Trending Now:
തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നിൽ നടക്കുന്ന വസന്തോൽസവത്തിലെ ദീപാലങ്കാരം സന്ദർശകരിൽ വിസ്മയം തീർക്കുന്നു. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ദീപവിതാനം കാണാൻ അവധിക്കാലത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കനകക്കുന്നിൽ വസന്തോത്സവത്തിൻറെ പ്രവേശന കവാടത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിൻഡിയറുകൾ ഉൾപ്പെടുന്ന കമാനമാണ് ഇൻസ്റ്റലേഷൻറെ സവിശേഷത. ഇവ ഓരോന്നും 12 മുതൽ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പിൽ നിന്ന് 50 മുതൽ 60 അടി വരെ ഉയരമുണ്ട്.
തുടർന്ന് പ്രകാശം നിറഞ്ഞ നടപ്പാതയിലൂടെയാണ് സന്ദർശകർ സഞ്ചരിക്കേണ്ടത്. വിളക്കുകളുടെ ഒരു തുരങ്കപാതയിലേക്കും അത് ആനയിക്കും. പ്രകാശിതമായ ഒരു വനത്തെ ഉൾക്കൊള്ളുന്ന ഹൈടെക് ലൈറ്റിംഗ് സോൺ ആണ് മറ്റൊരു സവിശേഷത.
അതിഥികളെ ഭാവിയിലേക്കുള്ള അനുഭവത്തിലൂടെ കൊണ്ടുപോകുന്നതാണ് വസന്തോത്സവത്തിലെ കോസ്മിക്-തീം ലൈറ്റ് ഇടനാഴിയായ സ്പേസ് ടണൽ. വെളിച്ചവും നിഴലും ഇടകലർന്ന ഇൻസ്റ്റലേഷൻ വിവിധ ദൃശ്യ പാറ്റേണുകൾ സൃഷ്ടിക്കുന്നു. കൊട്ടാരവളപ്പിലെ പുൽത്തകിടികളിൽ ക്രിസ്റ്റൽ ഫോറസ്റ്റ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പിങ്ക്, നീല ലൈറ്റുകളാലാണ് കൊട്ടാരവളപ്പിലെ മരങ്ങൾ പൊതിഞ്ഞിരിക്കുന്നത്.
സന്ദർശകർക്ക് സഞ്ചരിക്കാൻ കഴിയുന്ന 'ലൈറ്റ് മേസ്' എന്ന സംവേദനാത്മക ലൈറ്റ് ഇൻസ്റ്റലേഷൻ മറ്റൊരു ആകർഷണമാണ്. വിൻഡ് മിൽ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷൻ, പ്രതലങ്ങളിലെ പ്രതിഫലനങ്ങളിൽ ലൈറ്റിംഗ് ഡിസൈനുകൾ പ്രയോജനപ്പെടുത്തുന്ന മിറർ ഗാർഡൻ, അനന്തമായ പ്രകാശമണ്ഡലത്തിൻറെ മിഥ്യാധാരണ സൃഷ്ടിക്കും വിധം രൂപകൽപ്പന ചെയ്ത ഇൻസ്റ്റലേഷൻ എന്നിവയാണ് സന്ദർശകരുടെ ആസ്വാദ്യതയേറ്റുന്ന മറ്റ് ആകർഷണങ്ങൾ.
കാലിഡോസ്കോപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടനയായ കലൈഡോ-ഹൗസ് തീർത്തും കൗതുകകരമായ അനുഭവം സമ്മാനിക്കാൻ പോന്നതാണ്. മാറുന്ന പാറ്റേണുകളും നിറങ്ങളും ഇതിൻറെ വിസ്മയം വർധിപ്പിക്കുന്നു.
സ്കാൻഡിനേവിയൻ ക്രിസ്മസ് (ദി ഇഗ്ലൂ) മഞ്ഞുപ്രദേശത്ത് എത്തിയ അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു. 'ജയൻറ് റെഡ് ഡ്രാഗൺ', 'പാത്ത് വേ ഓഫ് ദി ലാൻറേൺസ്' എന്നിവ ഉൾക്കൊള്ളുന്ന സാംസ്കാരിക പ്രമേയ മേഖലയായാണ് ചൈന ടൗൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തീയുടെ ചലനത്തെയും തിളക്കത്തെയും അനുകരിക്കുന്ന ലൈറ്റിംഗ് ഇൻസ്റ്റലേഷനാണ് ദി ഫ്ളേമിംഗ് ഗ്രൗണ്ട്സ്.
വ്യത്യസ്ത മേഖലകളിലൂടെ സന്ദർശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികൾ ഉൾക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദർശനത്തിൻറെ ഭാഗമാണ്.
ഡിസംബർ 24 ന് ആരംഭിച്ച ദീപങ്ങളുടെയും പൂക്കളുടെയും ഉത്സവമായ വസന്തോത്സവം ജനുവരി 4 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.