Sections

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പ് വിഖ്യാത ഫ്രഞ്ച് കലാകാരൻ ഖാദർ അത്തിയ ക്യൂറേറ്റ് ചെയ്യും

Sunday, May 10, 2026
Reported By Admin
Kader Attia Appointed Curator of Kochi-Muziris Biennale 2027

കൊച്ചി: പ്രശസ്ത കലാകാരനും അന്താരാഷ്ട്ര ക്യൂറേറ്ററുമായ ഖാദർ അത്തിയയെ കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രഖ്യാപിച്ചു. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്.

ജിതീഷ് കല്ലാട്ട് അധ്യക്ഷനായ സമിതിയാണ് അത്തിയയെ തിരഞ്ഞെടുത്തത്. ശില്പ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്നീം സക്കറിയ മേത്ത, മറിയം റാം, റിർക്രിത് തിരവനിജ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12 ന് ആരംഭിക്കും.

1970-ൽ ഫ്രാൻസിലെ ഡഗ്നിയിൽ ജനിച്ച ഖാദർ അത്തിയ ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സിലെ പ്രൊഫസറാണ്. ചരിത്രം, ഓർമ്മ, കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇൻസ്റ്റലേഷൻ, ശില്പം, സിനിമ, ആർക്കൈവൽ ഗവേഷണം എന്നിവയിലൂടെ കലയെ നരവംശശാസ്ത്രവുമായും ദർശനങ്ങളുമായും അദ്ദേഹം ബന്ധിപ്പിക്കുന്നു.

ക്യൂറേറ്റർ എന്ന നിലയിൽ, ബിനാലെ ഏഴാം പതിപ്പിലേക്ക് ആവശ്യമായ ഗവേഷണങ്ങളും ചർച്ചകളും അത്തിയ ഉടൻ ആരംഭിക്കും. കൊച്ചിയുടെ ചരിത്രപരവും സമകാലികവുമായ സവിശേഷതകളെ ഒരു പ്രധാന അടിസ്ഥാനമായി കണ്ട് വിപുലമായ കലാപരമായ അന്വേഷണങ്ങൾക്കാണ് അദ്ദേഹം തുടക്കം കുറിക്കുക.

സമകാലീന കലയിലെ വിജ്ഞാനവും ക്യൂറേറ്റോറിയൽ കാഴ്ചപ്പാടുകളിലെ വിശാലതയും ഖാദർ അത്തിയയുടെ സവിശേഷതയാണെന്ന് ജിതീഷ് കല്ലാട്ട് ചൂണ്ടിക്കാട്ടി. വിവിധ കലാസങ്കേതങ്ങളെ കൊച്ചിയുടെ ചരിത്രവും ജനങ്ങളുടെ ജീവിതവുമായി കൂട്ടിയിണക്കാൻ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സഹായിക്കും. 2014-ൽ നടന്ന രണ്ടാം ബിനാലെയിൽ അത്തിയ കലാകാരനെന്ന നിലയിൽ പങ്കെടുത്തിരുന്നു.

സാംസ്കാരിക വൈവിധ്യങ്ങളുള്ള കൊച്ചിയുടെ വിവിധ ഏടുകളെ ബന്ധിപ്പിക്കാൻ ഈ നഗരം ആദ്യം സന്ദർശിച്ച സമയം മുതൽ ആഗ്രഹിച്ചിരുന്നു എന്ന് ഖാദർ അത്തിയ പറഞ്ഞു. ഏഴാം പതിപ്പിലൂടെ ആ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. കലയെപ്പോലെ സ്വപ്നങ്ങളും നമ്മെ സുഖപ്പെടുത്തുന്നു. നമ്മുടെ സ്വപ്നങ്ങൾക്ക് മേൽ പരമാധികാരം വീണ്ടെടുക്കാനുള്ള സമയവും സ്ഥലവും ബിനാലെയും കേരളവും നമുക്ക് തരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിനാലെയുടെ ആറാം പതിപ്പ് സംവാദങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും വലിയ വേദിയായിരുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി പറഞ്ഞു. ഖാദർ അത്തിയയുടെ കടന്നുവരവ് പുതിയ കലായാത്രയുടെ തുടക്കമാണ്. ആഗോള ശബ്ദങ്ങളെ പ്രാദേശിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ യാത്ര ബിനാലെയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കും. ഓരോ ബിനാലെയും ലോകവുമായുള്ള ഒരു പുതിയ സംഭാഷണമാണ്. ഏഴാം പതിപ്പ് 'ജനങ്ങളുടെ ബിനാലെ'യിൽ ഒരു പുതിയ അധ്യായം തുറക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെ 2010-ൽ സ്ഥാപിതമായ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. കലാകാരൻ നിഖിൽ ചോപ്രയുടെയും എച്ച്.എച്ച്. ആർട്ട് സ്പേസസിന്റെയും നേതൃത്വത്തിൽ നടന്ന ആറാം പതിപ്പ് 2026 മാർച്ച് 31-ന് സമാപിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.