- Trending Now:
തിരുവനന്തപുരം: കാൻസർ ഗവേഷണമേഖലയ്ക്ക് ആക്കം കൂട്ടുന്നതിന് ബ്രിക്- ആർജിസിബി പോലുള്ള സ്ഥാപനങ്ങൾക്ക് സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരണം തേടാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ന്യൂക്ലിയർ മെഡിസിൻ മേഖലയെ സർക്കാർ ഉദാരവൽക്കരിച്ചതിനാൽ ഇത് സാധ്യമാകും. ബയോഇ3 (സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ എന്നിവയ്ക്കുള്ള ബയോടെക്നോളജി) നയം കേന്ദ്രസർക്കാറിൻറെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്-ആർജിസിബി യുടെ ആക്കുളം കാമ്പസിൽ നടന്ന ശാസ്ത്ര ദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആക്കുളം കാമ്പസിൽ പണികഴിപ്പിച്ച അത്യാധുനിക കറൻറ് ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (സിജിഎംപി) കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിട്ടു. റീകോമ്പിനൻറ് സെല്ലുകൾക്കും സെൻസറുകൾക്കും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബയോടെക്നോളജി മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന അത്യാധുനിക കേന്ദ്രമാണിത്.
ന്യൂക്ലിയർ മെഡിസിൻ ഗവേഷണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ധാരാളം സാധ്യതകളുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ രാജ്യത്ത് എല്ലാ ശാസ്ത്ര മേഖലകൾക്കും പ്രത്യേകിച്ച് ബയോടെക്നോളജി മേഖലയ്ക്ക് വൻ തോതിലുള്ള മുൻഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ബയോഇ3 നയം' എന്ന പേരിൽ പ്രത്യേക ബയോടെക്നോളജി നയം പുറത്തിറക്കാൻ മുൻകൈയെടുത്ത ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇക്കൊല്ലത്തെ ബജറ്റിലെ ബയോഫാർമ ശക്തി മിഷൻറെ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ജൈവസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തിലേക്കാണ്. ഏതൊരു രാജ്യത്തിൻറെയും സമ്പദ് വ്യവസ്ഥയുടെ നിർണ്ണായക ഘടകങ്ങളായി ഇവ മാറും.
റീകോമ്പിനൻറ് സെല്ലുകൾക്കും സെൻസറുകൾക്കും വേണ്ടിയുള്ള പുതിയ ദേശീയ കേന്ദ്രം കാൻസർ ചികിത്സയ്ക്ക് സഹായകമാകുന്ന 'സ്പെഷ്യൽ എഞ്ചിനീയറിംഗ് കോശങ്ങളുടെ' ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണിത്. ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ വ്യാപ്തിയും ഗുണമേന്മയും കൂട്ടുന്നതിനൊപ്പം അക്കാദമിക് തലത്തിലും സംരംഭകത്വത്തിലും പുത്തൻ ആശയങ്ങൾ സംഭാവന ചെയ്യാൻ ആർജിസിബി യ്ക്ക് കഴിഞ്ഞു. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ധാരാളം സംരംഭങ്ങളുടെ ഉദയത്തിന് ഇത് കാരണമായി. മോളിക്യുലാർ ബയോളജി, ഡിസീസ് ബയോളജി, ജീനോമിക്, കാൻസർ ഗവേഷണം എന്നിവയിൽ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായി ആർജിസിബി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുസാറ്റിലെ പ്രൊഫ. വി പി എൻ നമ്പൂരി രചിച്ച 'ക്വാണ്ടം ഫിസിക്സ്: വൺ ഹൺഡ്രഡ് മാജിക്കൽ ഇയേഴ്സ്' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിൻറെ ബയോഇ3 നയത്തിൻറെ ഭാഗമായി ബയോമാനുഫാക്ചറിങ്ങിലൂടെ സാങ്കേതിക വികസനവും വാണിജ്യവത്ക്കരണവും വേഗത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്പിവി വാക്സിനേഷനെക്കുറിച്ചുള്ള ആർജിസിബി യിലെ ഗവേഷണങ്ങൾ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. സാമൂഹിക പ്രസക്തമായ പ്രവർത്തനങ്ങൾ ആർജിസിബി യുടെ മുഖമുദ്രയാണെന്നും ഡോ. രാജേഷ് ഗോഖലെ അഭിപ്രായപ്പെട്ടു.
ബ്രിക്-ആർജിസിബിയുടെ ഡിബിടി നോഡൽ ഓഫീസർ ഡോ. ജ്യോതി ലോഗാനി സ്വാഗതം ആശംസിച്ചു. കഴിഞ്ഞ 35 വർഷമായി ദേശീയ ആരോഗ്യ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകുന്ന ഒരു മാതൃകാ സ്ഥാപനമായി ബ്രിക-ആർജിസിബി വേറിട്ടുനിൽക്കുന്നുവെന്ന് പറഞ്ഞു.
ചടങ്ങിൽ ബ്രിക്-ആർജിസിബി ഡയറക്ടരുടെ ചുമതല വഹിക്കുന്ന ഡോ. ടി.ആർ. സന്തോഷ് കുമാർ സംസാരിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെൽ എഞ്ചിനീയറിംഗിലൂടെ റീകോമ്പിനൻറ് സെൽ മോഡലുകൾ നിർമ്മിക്കാൻ റീകോമ്പിനൻറ് സെല്ലുകൾക്കും സെൻസറുകൾക്കും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേന്ദ്രത്തിലൂടെ കാൻസർ പരിശോധനകൾ ചെലവ് കുറഞ്ഞ രീതിയിൽ നടത്താനാകുമെന്നും ഡോ.സന്തോഷ് കൂട്ടിച്ചേർത്തു.
ബ്രിക്-ആർജിസിബിയിലെ ഡീൻ റിസർച്ച് അഡ്മിനിസ്ട്രേഷൻ ഡോ. ആശ നായർ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.