Sections

ഇറ്റാലിയൻ കോൺസൽ ജനറൽ ടെക്നോപാർക്ക് സന്ദർശിച്ചു; ടെക്നോളജി മേഖലയിലെ കേരളത്തിൻറെ വളർച്ചയ്ക്ക് അഭിനന്ദനം

Wednesday, Dec 24, 2025
Reported By Admin
Italian Consul General Explores Tech Collaboration with Kerala

തിരുവനന്തപുരം: കേരളത്തിലെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ടെക്നോളജി മേഖലയുമായുള്ള സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച് മുംബൈയിലെ ഇറ്റാലിയൻ കോൺസൽ ജനറൽ വാൾട്ടർ ഫെറാറ. കഴിഞ്ഞ ദിവസത്തെ ടെക്നോപാർക്ക് സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരുമായി (റിട്ട.) വാൾട്ടർ ഫെറാറ ആശയവിനിമയം നടത്തി. കേരളത്തിൻറെ ശക്തവും അനുകൂലവുമായ വിജ്ഞാന ആവാസവ്യവസ്ഥയെ പ്രദർശിപ്പിക്കുന്നതിനായി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ട്രേഡ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടെക്നോളജി മേഖലയിലെ ഡാറ്റ ഷെയറിംഗ് ഉൾപ്പെടെയുള്ളവയിൽ ഇറ്റലിയും കേരളവുമായുള്ള സഹകരണ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നതിൽ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് ആൻറ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, സീനിയർ മാനേജർ (മാർക്കറ്റിംഗ്) ജോർജ് ജേക്കബ് എന്നിവരും ആശയവിനിമയ വേളയിൽ സന്നിഹിതരായി.

കോൺസൽ ജനറലിനെ സ്വാഗതം ചെയ്ത കേണൽ സഞ്ജീവ് നായർ (റിട്ട.) ടെക്നോളജി മേഖലയിലെ കേരളത്തിൻറെ മുന്നേറ്റങ്ങളെക്കുറിച്ച് വിശദമായ അവതരണം നടത്തി. സാങ്കേതിക വിദ്യാധിഷ്ഠിത സംരംഭങ്ങൾക്കുള്ള പ്രധാന ആവാസവ്യവസ്ഥയായി തിരുവനന്തപുരം ഉയർന്നുവന്നിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാദമിക്, ഗവേഷണ- വികസന, വ്യവസായ മേഖലകളെ പരസ്പരം സമന്വയിപ്പിക്കുന്ന ശൃംഖലയാണ് കേരളത്തിൻറെ ഐടി ആവാസവ്യവസ്ഥയെന്ന് കേണൽ സഞ്ജീവ് നായർ (റിട്ട) അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിഎസ്എസ്സി പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്കൊപ്പം ബഹിരാകാശ മേഖലയുടെ വ്യാവസായിക സാധ്യതകൾ ടെക് ആവാസവ്യവസ്ഥ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യ, വ്യോമയാന, പ്രതിരോധ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള സ്പേസ് പാർക്ക് (കെ-സ്പേസ്) സംരംഭത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ കേരളത്തിൻറെ ശക്തിയെക്കുറിച്ചും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും കേണൽ സഞ്ജീവ് നായർ (റിട്ട) അവലോകനം നടത്തി.

കേരളത്തിൻറെ മനുഷ്യവിഭവ ലഭ്യതയേയും നൂതന സാങ്കേതികവിദ്യയിലെ മികവിനേയും വാൾട്ടർ ഫെറാറ പ്രശംസിച്ചു. പരമ്പരാഗതമായി കേരളത്തെ ഞങ്ങൾ ടൂറിസവുമായി ബന്ധപ്പെടുത്താറുണ്ട്. എന്നാൽ സാങ്കേതിക മേഖലയിൽ സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതി ആഗോള അംഗീകാരം അർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്ക് ശേഷം ടെക്നോപാർക്കിലെ ഫേസ്-1 കാമ്പസ് വാൾട്ടർ ഫെറാറ സന്ദർശിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.