Sections

നിക്ഷേപത്തില്‍ നിന്ന് മികച്ച ആദായം ലഭിക്കേണ്ടേ ?; ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ മതി

Monday, Oct 11, 2021
Reported By admin
investment mistakes

വലിയ പ്രതീക്ഷയോടെ ഭാവിയിലെ സാമ്പത്തിക നില ഭദ്രമാക്കുക എന്ന ഉദ്ദേശത്തിലാണ് പലരും നിക്ഷേപങ്ങള്‍ നടത്തുന്നത്.എന്നാല്‍ കൃത്യമായ പഠനമില്ലാതെ നടത്തുന്ന പല നിക്ഷേപങ്ങളും അതിലെ ചെറിയ പിഴവുകളും വരേണ്ട മികച്ച വരുമാനത്തെ ഇല്ലാതാക്കിയേക്കും.നിക്ഷേപിക്കുമ്പോള്‍ അത് കൃത്യതയോടെ ചെയ്യാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ പൂര്‍ണവിജയം ഉറപ്പാണ്. 

നിക്ഷേപങ്ങള്‍ക്കു മുമ്പ് ജാഗ്രത പാലിക്കുകയെന്നതാണ് വരുമാന നഷ്ടം ഒഴിവാക്കാനുള്ള ഏക മാര്‍ഗം. നിക്ഷേപ സമയത്ത് നിക്ഷേപകര്‍ വരുത്തുന്ന പ്രധാനപ്പെട്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഒന്നു നോക്കിയാലോ.

ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാണം നിങ്ങളുടെ ഓരോ നിക്ഷേപങ്ങളും.എവിടെങ്കിലും എന്തെങ്കിലും നിക്ഷേപിക്കണമല്ലോ എന്നത് കാരണമാക്കി നിക്ഷേപം നടത്തുന്നത് അപകടമാണ്.ഉദാഹരണത്തിന് കുട്ടികളുടെ പഠനം, വിദേശ യാത്ര, റിട്ടയര്‍മെന്റ്, കല്യാണം ഇവയെല്ലാം സാമ്പത്തിക ലക്ഷ്യങ്ങളാകാം. ലക്ഷ്യങ്ങള്‍ ആദ്യം നിശ്ചയിക്കുന്നതിലൂടെ എത്ര തുക നിക്ഷേപിക്കണം, എത്രനാള്‍ നിക്ഷേപം തുടരണം എന്നീ കാര്യങ്ങളില്‍ വ്യക്തത വരും. 

ഹ്രസ്വകാല നിക്ഷേപങ്ങളാണെങ്കില്‍ റിസ്‌ക് കൂടിയ ഓഹരികള്‍ പോലുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ബാങ്ക്, പോസ്റ്റ് ഓഫീസ് എഫ്.ഡികള്‍ പരിഗണിക്കാം. ഇവയില്‍ എഴു ദിവസം മുതലുള്ള നിക്ഷേപങ്ങള്‍ സാധ്യമാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഓഹരികളും മ്യൂച്വല്‍ഫണ്ടുകളും പരിഗണിക്കാം.സാമ്പത്തികലക്ഷ്യങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പണപ്പെരുപ്പത്തെ ഒരിക്കലും അവഗണിക്കരുത്. ഇന്ന് പത്തു രൂപയ്ക്കു ലഭിക്കുന്ന ഒരു വസ്തു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പത്തു രൂപയ്ക്കു ലഭിക്കണമെന്നില്ല.പണപ്പെരുപ്പം കണക്കാകാതെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു നിങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സാധിച്ചെന്നുവരില്ല. ഓഹരി വിപണി നിക്ഷേപങ്ങള്‍ തന്നെയാണ് പണപ്പെരുപ്പത്തെ മറികടക്കാന്‍ മികച്ച നിക്ഷേപ മാര്‍ഗം.

ഇന്‍ഷുറന്‍സും നിക്ഷേപവും രണ്ടു തരം നിക്ഷേപ രീതികള്‍ തന്നെയാണ്. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ഇവ രണ്ടും ഒരിക്കലും ഒന്നാണെന്ന് കരുതരുത്. ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രഥമലക്ഷ്യം നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിനു ജീവിക്കാനാവശ്യമായ തുക ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10- 15 ശതമാനം ഇന്‍ഷുറന്‍സിനായി മാറ്റിവയ്ക്കണമെന്നാണു വിദഗ്ധര്‍ പറയുന്നത്. ചിലര്‍ ഇന്‍ഷുറന്‍സിനെ ഒരു നിക്ഷേപമാര്‍ഗമായി കണാറുണ്ട് .ഇതു പാടില്ല. ഇത്തരം പോളിസികള്‍ക്കു നിങ്ങള്‍ക്കാവശ്യമായ ലൈഫ് കവറോ മികച്ച വരുമാനമോ നേടിത്തരാന്‍ സാധിക്കില്ല. 

കൈയിലുള്ള മുഴുവന്‍ തുകയും നിക്ഷേപിക്കുകയെന്നതു മണ്ടത്തരമാണ്. നമ്മുടെ ജീവിതച്ചെലവിനും അടിയന്തര ആവശ്യങ്ങള്‍ക്കും ആവശ്യമായ തുക മാറ്റിയശേഷം മാത്രമേ നിക്ഷേപം പാടുള്ളു. എത്ര പറ്റും അല്ലെങ്കില്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാന്‍ പറ്റുമെങ്കില്‍ അതില്‍ നിക്ഷേപിച്ചോ എന്ന് നിങ്ങളെ ഉപദേശിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകാം. ചെയ്യരുത് ഒരിക്കലും. അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് എന്നും കൈയില്‍ കരുതണം. 

എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. മറ്റൊരാള്‍ക്ക് ഒരു നിക്ഷേപത്തില്‍നിന്നു മികച്ച ആദായം ലഭിച്ചെന്നു കേട്ട് എടുത്തുചാടുകയും അരുത്. നിങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങളും പരിതസ്ഥിതിയും വ്യത്യസ്തമായിരിക്കും.നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുക. മറ്റുള്ളവരുടേതുമായി താരതമ്യം ചെയാതിരിക്കുക.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.