- Trending Now:
കൊച്ചി: കേരളത്തിൻറെ വൈവിധ്യത്തിലേക്കുള്ള സാംസ്കാരിക ജാലകം തുറക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ എക്സ്പോ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് നവ്യാനുഭവം.
മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തോടനുബന്ധിച്ചാണ് കേരളത്തിൻറെ ഭൂതകാലത്തെയും സമ്പന്നമായ വർത്തമാനത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുക്കളും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുള്ളത്.
വ്യാപാര പാതകൾക്കും ചരക്കുകൾക്കും അപ്പുറം സമുദ്ര വ്യാപാരത്താൽ രൂപപ്പെട്ട ഭാഷാ, സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത തുടങ്ങിയവയിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു കാലത്ത് ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൻറെ കേന്ദ്രമായിരുന്നതും കേരളത്തെ വിദൂര ദേശങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്ത മുസിരിസ് എന്ന പുരാതന തുറമുഖ നഗരത്തിൻറെ അനുഭവങ്ങളിലേക്ക് കാണികളെ എക്സ്പോ കൂട്ടിക്കൊണ്ട് പോകും.
ചരിത്ര രേഖകൾ, ആർക്കൈവൽ സ്കെച്ചുകൾ, ഓർമ്മ എന്നിവയിൽ നിന്ന് കലാകാരൻമാർ രൂപപ്പെടുത്തിയെടുത്ത പെയിൻറിംഗുകൾ, കരകൗശല വസ്തുക്കൾ, ഇൻസ്റ്റലേഷനുകൾ എന്നിവയും കാണാനാകും. കേരളത്തിൻറെ വാസ്തുവിദ്യ, സാംസ്കാരിക- പാരിസ്ഥിതിക ഭൂപ്രകൃതി എന്നിവയിലൂടെയും സഞ്ചരിക്കാനാകും. മിഷനറി പ്രവർത്തനങ്ങൾ, പള്ളികളുടെ നിർമ്മാണം, കൊളോണിയൽ ഏറ്റുമുട്ടലുകൾ എന്നിവയിലൂടെ പ്രദേശത്തിൻറെ ഭൗതികവും സാമൂഹികവുമായ ഘടന മാറിമറിഞ്ഞതിൻറെ കാഴ്ചകളും ഇതിലുണ്ട്.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാണിജ്യപരമായ സ്വാധീനങ്ങൾ കേരളത്തിൻറെ സാംസ്കാരിക ഘടനയുമായി എങ്ങനെ ഇഴചേർന്നുവെന്നും പ്രദർശനത്തിലൂടെ തിരിച്ചറിയാം. വെള്ളപ്പൊക്കം, മാറുന്ന തീരപ്രദേശങ്ങൾ, പാരിസ്ഥിതിക മാറ്റം എന്നിവയെ തുറമുഖങ്ങൾ പുനർനിർമ്മിച്ച, നഗരങ്ങളെ ഇല്ലാതാക്കിയ, മനുഷ്യ ചലനത്തെ വഴിതിരിച്ചുവിട്ട ഘടകങ്ങളായി അവതരിപ്പിക്കുന്നു. ഭൂഖണ്ഡങ്ങൾ, സംസ്കാരങ്ങൾ, നൂറ്റാണ്ടുകൾ എന്നിവ തമ്മിലുള്ള ബന്ധത്തിൻറെ ഒരു ദൃശ്യ ശേഖരം കൂടിയാണ് പ്രദർശനം.
രാജ്യങ്ങൾക്കിടയിൽ നടന്നിട്ടുള്ള ആശയകൈമാറ്റങ്ങൾ പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യൻ സൗന്ദര്യശാസ്ത്രത്തെ ആധാരമാക്കിയുള്ള ചുവർചിത്രങ്ങളിലൂടെ തെളിഞ്ഞു കാണുന്നു. ക്രിസ്തുവിൻറെയും വിശുദ്ധരുടെയും മാലാഖമാരുടെയും ബൈബിൾ സംഭവങ്ങളുടെയും ജീവിതഗന്ധിയായ രംഗങ്ങൾ വിശ്വാസം, കൂട്ടായ്മ തുടങ്ങിയവയുടെ ഓർമ്മപ്പെടുത്തലാകുന്നു.
കെ. ആർ സുനിലിൻറെ ഒരു പ്രോജക്റ്റായ ചവിട്ടുനാടകത്തിൻറെ ചിത്രങ്ങൾ ചലനം, പ്രകടനം, ശരീരം എന്നിവയിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചവിട്ടുനാടക കലാകാരൻമാരുടെ ദൈനംദിന ജീവിതം, കേരളത്തിൻറെ ആയോധന പാരമ്പര്യം, യൂറോപ്യൻ കലാസ്വാധീനം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയും പ്രദർശനത്തിലുണ്ട്.
ക്രിസ്ത്യൻ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ബിജു ഇബ്രാഹിമിൻറെ 'സീയിംഗ് ഈസ് ബിലീവ്', 'മൈഗ്രൻറ് ഡ്രീംസ്' (ആഴി ആർക്കൈവ്സ്) എന്നീ ഫോട്ടോഗ്രാഫിക് പ്രദർശനങ്ങളും എക്സ്പോയിലുണ്ട്. എംഎച്ച് ഇലിയാസിൻറെ 'മൈഗ്രൻറ് ഡ്രീംസ്' ഫോട്ടോ പ്രദർശനത്തിൽ 1950 കൾക്കും 1970 കൾക്കും ഇടയിൽ കേരളം വിട്ട് ഗൾഫിലേക്ക് പോയ മലയാളികളെ ചൂണ്ടിക്കാണിക്കുന്നു. കുടുംബ ഫോട്ടോഗ്രാഫുകൾ, കത്തുകൾ, വ്യക്തിഗത ആർക്കൈവുകൾ എന്നിവയിലൂടെ കുടിയേറ്റം അനിശ്ചിതത്വത്തിലായിരുന്ന ഒരു കാലത്തെ ഇവിടെ പുനർനിർമ്മിക്കുന്നു.
സംസ്കാരം, ഓർമ്മ, മനുഷ്യൻറെ ആഗ്രഹങ്ങൾ എന്നിവ സുഗന്ധദ്രവ്യങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്നും ഇത് സമൂഹങ്ങളെ രൂപപ്പെടുത്താൻ സഹായകമായതായും പ്രദർശനത്തിലെ ചിത്രങ്ങൾ പറയുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻറെ ഡിജിറ്റൽ 3ഡി പ്രിൻറിംഗ് സാങ്കേതികവിദ്യാ പ്രദർശനവും എക്സ്പോയെ ആകർഷകമാക്കുന്നു. ഡിജിറ്റൽ നിർമ്മാണം, സുസ്ഥിര വസ്തുക്കൾ, സ്മാർട്ട് ഡിസൈൻ എന്നിവയിലൂടെ പരമ്പരാഗത രൂപങ്ങളെ പുനർനിർമ്മിക്കാനാകുമെന്നതിന് എക്സ്പോ തെളിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.