Sections

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് ഇന്ന് (ജനുവരി 6 ചൊവ്വാഴ്ച) തുടക്കം

Tuesday, Jan 06, 2026
Reported By Admin
International Spice Routes Conference Begins in Kerala

  • കൊച്ചി ബൊൾഗാട്ടി പാലസിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരളത്തെ ആഗോള സമുദ്ര വ്യാപാരത്തിന്റെയും പൈതൃകത്തിന്റെയും ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് ഇന്ന് (ജനുവരി 6 ചൊവ്വാഴ്ച) തുടക്കമാകും. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം ഇന്ന് രാവിലെ 10 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഷാർജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടർ ജനറൽ മനൽ അതായ മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടെയ്സൺ, പി.പി ചിത്രരഞ്ജൻ, എച്ച്. സലാം എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. ടൂറിസം സെക്രട്ടറി ബിജു കെ ചടങ്ങിൽ സംബന്ധിക്കും. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതപ്രസംഗം നടത്തും.

സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്വർക്കിന്റെ പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തിൽ നടക്കും. മാപ്പ് മൈ ഹെറിറ്റേജ് മത്സരത്തിന്റെ പ്രഖ്യാപനം, സിഗ്നേച്ചർ ട്രെയിൽസ്, ഹെറിറ്റേജ് വാക്ക്സ് ബ്രോഷറുകളുടെ പ്രകാശനം എന്നിവയും ചടങ്ങിൽ നടക്കും.

ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, ടൂറിസം അഡീഷണൽ സെക്രട്ടറി ഡി. ജഗദീഷ്, സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (കെസിഎച്ച്ആർ) ഡയറക്ടർ ദിനേശൻ വടക്കിനി, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. ഇ.ദിനേശൻ, കെടിഐഎൽ എംഡി മനോജ് കിനി, ബിആർഡിസി എംഡി ഷിജിൻ പി, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ്കുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡന്റ് കെ. ജോസ് പ്രദീപ്, കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ, കോൺഫറൻസ് അക്കാദമിക് ക്യൂറേറ്റർ എം.എച്ച് ഇലിയാസ്, ആഴി ആർക്കൈവ്സ് പ്രൊഫ. റിയാസ് കോമു എന്നിവർ പങ്കെടുക്കും. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് എംഡി ഷാരോൺ വി നന്ദി പറയും.

പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണ് ജനുവരി 8 വരെ നടക്കുന്ന സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിഷയാധിഷ്ഠിത അവതരണങ്ങൾക്ക് പുറമേ അന്തർദേശീയ പൈതൃക ഇടനാഴികൾ നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനർവിഭാവനം, ഡിജിറ്റൽ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനർവിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും.

പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയിൽ വരുന്ന ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ സമ്മേളനം മുന്നോട്ടുവയ്ക്കും.

22 രാജ്യങ്ങളിൽ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാർ, ചരിത്രകാരന്മാർ, പ്രശസ്ത പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം മേഖലയിലെ പ്രഗത്ഭർ, പ്രശസ്ത കലാകാരന്മാർ, സാംസ്കാരിക പരിശീലകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

സമുദ്ര വ്യാപാരത്താൽ രൂപപ്പെട്ട ഭാഷാ, സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കൽ, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും.

മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടൽ, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉൾപ്പെടുന്ന കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള യാത്രയിൽ സമ്മേളനത്തിലെ പ്രതിനിധികൾ ഭാഗമാകും. മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദർശനം എന്നിവ ഇതിൽ പ്രധാനമാണ്.

പേപ്പർ പ്രസന്റേഷനുകൾ, സംഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, കലാ പ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനം, കലാപ്രകടനങ്ങൾ, സ്ഥല സന്ദർശനങ്ങൾ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്കാരങ്ങളും സമ്മേളനത്തിലുണ്ടാകും.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫിക് പ്രദർശനങ്ങളും കലാ പ്രദർശനങ്ങളും നടത്തുന്നതിനായി പ്രശസ്ത മൾട്ടിമീഡിയ ആർട്ടിസ്റ്റായ റിയാസ് കോമുവിന്റെ നേതൃത്വത്തിലുള്ള ആഴി ആർക്കൈവ്സുമായി മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സമ്മേളനത്തിൽ സഹകരിക്കുന്നുണ്ട്. അക്കാദമിക് സെഷനുകൾ രൂപകൽപ്പന ചെയ്യുന്ന അക്കാദമിക് കൺസൾട്ടന്റായി എംജി സർവകലാശാലയിലെ പ്രൊഫ.എം.എച്ച്. ഇലിയാസ് സമ്മേളനവുമായി സഹകരിക്കും.

ചവിട്ടുനാടകം (കെ.ആർ സുനിൽ), സീയിംഗ് ഈസ് ബിലീവ് (ബിജു ഇബ്രാഹിം), മൈഗ്രന്റ് ഡ്രീംസ് (ആഴി ആർക്കൈവ്സ്) എന്നീ ഫോട്ടോഗ്രാഫിക് പ്രദർശനങ്ങൾ സമ്മേളനത്തിന്റെ പ്രധാന വേദിയിൽ നടക്കും. പിന്നണി ഗായിക രശ്മി സതീഷിന്റെ കാർക്കുഴലി (കൊച്ചിയിലെ ജൂതന്മാരുടെ ഗാനങ്ങൾ), ഗോതുരുത്തിലെ തമ്പി ആശാന്റെയും സംഘത്തിന്റെയും ചവിട്ടുനാടകം എന്നിവയും അരങ്ങേറും.

ആധുനിക വ്യാപാര ശൃംഖലകളും അതിർത്തികളും രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ മുസിരിസ് ഉൾപ്പെടെയുള്ള മലബാർ തീരത്തെ തുറമുഖങ്ങൾ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഊർജ്ജസ്വലമായ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നു. സ്പൈസ് റൂട്ട് തിരക്കേറിയ സമുദ്ര വാണിജ്യ പാതയായി മാത്രമല്ല ആശയങ്ങൾ, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് ജനങ്ങൾ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക ഇടനാഴിയായും പ്രവർത്തിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: https://www.keralatourism.org/muzirsi


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.