Sections

പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ കേരളം

Tuesday, Dec 23, 2025
Reported By Admin
Kerala to Host First International Spice Route Conference

  • ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതൽ എറണാകുളം ബോൾഗാട്ടി പാലസിൽ

കൊച്ചി: സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കേരളം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതൽ 8 വരെ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും.

പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തെ ഒരു സ്പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്റെയും സമുദ്ര നാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.

22 രാജ്യങ്ങളിൽ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാർ, ചരിത്രകാരന്മാർ, പ്രശസ്ത പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം മേഖലയിലെ പ്രഗത്ഭർ, പ്രശസ്ത കലാകാരന്മാർ, സാംസ്കാരിക പരിശീലകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സ്പൈസ് റൂട്ടുകളെ വ്യാപാര ഇടനാഴി എന്നതിലുപരി ഭൂഖണ്ഡങ്ങളിലുടനീളമുള്ള സമൂഹങ്ങളെ രൂപപ്പെടുത്തിയ വിശാലവും പരസ്പരബന്ധിതവുമായ സാംസ്കാരിക ആവാസവ്യവസ്ഥയായി പര്യവേഷണം ചെയ്യുന്ന കാഴ്ചപ്പാടുകൾ അവർ മുന്നോട്ടുവയ്ക്കും.

കേരളത്തിന്റെ പൈതൃക ടൂറിസം മേഖലയിൽ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ഒരു പുതിയ ഘട്ടമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആഗോള സമുദ്ര വിനിമയ ചരിത്രവും സാധ്യതകളും അടയാളപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഹെറിറ്റേജ് ടൂറിസം ഇന്ന് 600 ബില്യൺ യുഎസ് ഡോളറിന്റെ ആഗോള വിപണിയെ പ്രതിനിധീകരിക്കുന്ന മേഖലയാണ്. സ്പൈസ് റൂട്ട്സ് കേരളത്തിന് ശക്തവും ആധികാരികവുമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന്റെ സമുദ്ര ചരിത്ര ബന്ധങ്ങളെ പുനർവിചിന്തനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പൈതൃക കേന്ദ്രീകൃത മേഖലയ്ക്ക് ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയിൽ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയർന്ന മൂല്യമുള്ളതും അനുഭവവേദ്യവും സാംസ്കാരികമായി ആഴത്തിലുള്ളതുമായ യാത്രകൾക്കുള്ള വർദ്ധിച്ചുവരുന്ന ആഗോള ആവശ്യം പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്റെ ഉദ്ദേശ്യത്തെ സമ്മേളനം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിലെ സമുദ്ര ചരിത്രത്തിൽ ഉൾച്ചേർന്നിരിക്കുന്ന ജീവിതത്തെ കുറിച്ച് സമ്മേളനം ചർച്ചചെയ്യും. പ്രധാന വിഷയാധിഷ്ഠിത സെഷനുകളിൽ ഇവ പരിശോധിക്കും. സമുദ്ര വ്യാപാരത്താൽ രൂപപ്പെട്ട ഭാഷാ, സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കൽ, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും.

മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടൽ, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉൾപ്പെടുന്ന കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള യാത്രയിലും സമ്മേളനത്തിലെ പ്രതിനിധികൾ ഭാഗമാകും. പുരാതന സമുദ്ര പാതകളുടെ ഭാഗമായ മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ആഗോള കലാ വേദികളിലൊന്നായ കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദർശനം, കേരള ജൂത ഗാനങ്ങളുടെ ആലാപനം, ലാറ്റിൻ-ക്രിസ്ത്യൻ ക്ലാസിക്കൽ നൃത്തനാടകമായ ചവിട്ടുനാടകത്തിന്റെ അവതരണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾ.

പണ്ഡിതന്മാർ, പൈതൃക പ്രൊഫഷണലുകൾ, ടൂറിസം പങ്കാളികൾ, സാംസ്കാരിക-കലാ പരിശീലകർ, വിദ്യാർത്ഥികൾ, ആഗോള പൈതൃക പ്രേമികൾ എന്നിവർക്ക് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന്റെ ഭാഗമാകാം. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://www.keralatourism.org/muzsiris എന്ന പോർട്ടലിലോ മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റുമായോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.