- Trending Now:
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനും എക്സ്പിരിമെന്റ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'എക്സ്പിരിമെന്റ ഇന്ത്യ സ്പെഷ്യൽ എഡിഷൻ: വൺ വേ ഓർ അനദർ' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി. എറിക്ക ബാൽസം, ഷായ് ഹെരേദിയ എന്നിവർ ക്യൂറേറ്റ് ചെയ്യുന്ന ഈ ചലച്ചിത്രമേള ജനുവരി 10 വരെ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിലാണ് നടക്കുന്നത്.
വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീപക്ഷ ഡോക്യുമെന്ററികളും രാഷ്ട്രീയ പ്രാധാന്യമുള്ള പരീക്ഷണ സ്വഭാവമുള്ള സിനിമകളുമാണ് മേളയുടെ പ്രധാന ആകർഷണം. രാജ്യത്തെ ആദ്യ സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയായ 'യുഗാന്തർ' നിർമ്മിച്ച ചിത്രങ്ങളും കുഞ്ഞില മസ്സിലാമണി സംവിധാനം ചെയ്ത 'അസംഘടിതർ' എന്ന സിനിമയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആഭാ ഭയ്യ, ദീപ ധൻരാജ്, മീര റാവു, നവ്റോസ് കോൺട്രാക്ടർ എന്നിവർ ചേർന്ന് 1980-ലാണ് യുഗാന്തർ ചലച്ചിത്ര കൂട്ടായ്മ രൂപീകരിച്ചത്.
തിങ്കളാഴ്ച കൊറിയൻ സംവിധായിക ഹാൻ ഓക് ഹീയുടെ 'അൺടൈറ്റിൽഡ് 77-എ', ഓസ്ട്രേലിയൻ സംവിധായിക ട്രേസി മോഫറ്റിന്റെ 'നൈസ് കളേർഡ് ഗേൾസ്', പെറുവിൽ നിന്നുള്ള ഗ്രുപ്പോ ചാസ്കിയുടെ 'മിസ് യൂണിവേഴ്സ് ഇൻ പെറു' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ചൊവ്വാഴ്ച രണ്ട് യുഗാന്തർ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പുകയില തൊഴിലാളികളായ സ്ത്രീകളുടെ പോരാട്ടം പ്രമേയമായ 'ടൊബാക്കോ എംബേഴ്സ്', ഗാർഹിക പീഡനത്തിനെതിരെയുള്ള പ്രമേയമായ 'ഈസ് ദിസ് ജസ്റ്റ് എ സ്റ്റോറി' എന്നിവ പ്രദർശിപ്പിക്കും. പ്രദർശനത്തിന് ശേഷം സംവിധായിക ദീപ ധൻരാജും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ. ഷീബ കെ.എമ്മും തമ്മിലുള്ള സംവാദവും നടക്കും.
രാജസ്ഥാനിലെ സ്ത്രീകളുടെ അതിജീവനവും വിശ്വാസങ്ങളും പ്രമേയമായ നിലിത വച്ചാനിയുടെ 'ഐസ് ഓഫ് സ്റ്റോൺ' പ്രദർശിപ്പിക്കും. കോഴിക്കോട്ടെ വഴിവാണിഭക്കാരായ സ്ത്രീകളുടെ അവകാശ പോരാട്ടം പ്രമേയമായ കുഞ്ഞില മസ്സിലാമണിയുടെ 'അസംഘടിതർ' വ്യാഴാഴ്ച പ്രദർശിപ്പിക്കും. ചിത്ര പ്രദർശനത്തിന് ശേഷം ദീപ ധൻരാജും കുഞ്ഞില മസ്സിലാമണിയും തമ്മിലുള്ള ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നളിനി മലാനി(ബാറ്റിൽഗ്രൗണ്ട്), സുസാന ബ്ലാസ്റ്റൈൻ മുനോസ്(സുസാന), സാറ ഗോമസ് (മി അപോർത്തെ) എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മേളയുടെ അവസാന ദിവസമായ ശനിയാഴ്ച ലെബനൻ, പലസ്തീൻ എന്നിവിടങ്ങളിലെ സ്ത്രീകളുടെ പോരാട്ടങ്ങളും പ്രവാസ ജീവിതവും കത്തുകളിലൂടെ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോസെലിൻ സാബ്, മോണ ഹാത്തൂം എന്നിവരുടെ സിനിമകൾ അന്ന് പ്രദർശിപ്പിക്കും. സമാപന ദിവസം ദീപ ധൻരാജും ഡോ. ഷീബ കെ.എമ്മും തമ്മിലുള്ള സംവാദവും ഉണ്ടാകും.
ചലച്ചിത്രമേളയോടനുബന്ധിച്ച് ഗാവതി വാദ് നയിക്കുന്ന അഞ്ചു ദിവസത്തെ '16 എംഎം ക്യാമറരഹിത ഫിലിം വർക്ക്ഷോപ്പ്' ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെയാണ് വർക്ക്ഷോപ്പ് നടക്കുന്നത്. ക്യാമറ ഉപയോഗിക്കാതെ തന്നെ 16 എംഎം സെല്ലുലോയ്ഡ് ഫിലിമിനെ ക്യാൻവാസായി കണ്ട് വൈവിധ്യമാർന്ന ദൃശ്യങ്ങൾ സൃഷ്ടിക്കാനാണ് പരിശീലനം നൽകുന്നത്. ഇത്തരത്തിൽ കൈകൊണ്ട് നിർമ്മിക്കുന്ന 16 എംഎം ഫിലിമുകൾ വർക്ക്ഷോപ്പിന് ശേഷം പ്രൊജക്ടറിലൂടെ പ്രദർശിപ്പിക്കും.ഓരോ ദിവസവും പത്തുപേർക്ക് വീതം ഈ ശില്പശാലയിൽ പങ്കെടുക്കാം.
പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനായി https://shorturl.at/wWEcM എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രധാനമായും 16 എംഎം സെല്ലുലോയ്ഡിൽ പ്രവർത്തിക്കുന്ന ഗാവതി വാഡ്, ഫിലിം, വീഡിയോ, ഫോട്ടോഗ്രഫി, പെർഫോമൻസ്, ഇല്ലസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള കലാരീതിയാണ് പിന്തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.