Sections

ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി; 24 മണിക്കൂറിനുള്ളിൽ 155 പരിശോധനകൾ

Saturday, Aug 26, 2023
Reported By Admin
Onam Inspections

24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ 6 മണിമുതലാണ് രാത്രിയും പകലും തുടർച്ചയായ പരിശോധനകൾ ആരംഭിച്ചത്. കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓണ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ ശക്തമായ പരിശോധനയാണ് വകുപ്പ് നടപ്പാക്കുന്നത്. അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന തുടരുകയാണ്. ഇതുകൂടാതെ ഓണം വിപണിയിലെ പരിശോധനയും തുടരുന്നു.

വ്യാപാരസ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജിയുടെ പരിശോധന

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ വിവിധ സ്ക്വാഡുകൾ ആഗസ്റ്റ് 28 വരെ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും. മുദ്രചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമാനുസൃതമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക, അളവിലും തൂക്കത്തിലും കൃത്രിമം എന്നിവ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. ലീഗൽ മെട്രോളജി കൺട്രോളറുടെ ഓഫീസ് 0471 2496227, 0471 2303821, ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) - 8281698011 ഡെപ്യൂട്ടി കൺട്രോളർ (ഫ്ളയിംഗ് സ്ക്വാഡ്) 8281698020, അസിസ്റ്റന്റ് കൺട്രോളർ 8281698012, ഇൻസ്പെക്ടർ (സർക്കിൾ 2) തിരുവനന്തപുരം-8281698014, ഇൻസ്പെക്ടർ നെയ്യാറ്റിൻകര (സർക്കിൾ 1) -8281698018, ഇൻസ്പെക്ടർ നെടുമങ്ങാട് -8281698016, ഇൻസ്പെക്ടർ ആറ്റിങ്ങൽ-8281698015, ഇൻസ്പെക്ടർ കാട്ടാക്കട-9400064081, ഇൻസ്പെക്ടർ വർക്കല -9400064080. ഈ നമ്പരുകളിൽ ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്.

പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്റെയും ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പൊതുവിപണിയിലെ 25 കടകൾ പരിശോധിച്ചതിൽ 3 കടകളിൽ ക്രമക്കേട് കണ്ടെത്തി.

ജില്ലയിലെ പരിശോധനയിൽ നിയമാനുസൃത രീതിയിലുള്ള വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് ഏകീകൃത വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന വ്യാപാരികൾക്കെതിരെയും ഓണക്കാലത്ത് പൂഴ്ത്തി വച്ച് വില വർദ്ധിപ്പിക്കുന്നവർക്കെതിരെയും അവശ്യസാധന നിയമ പ്രകാരം നടപടികൾ സ്വീകരിക്കും.

ജില്ല സപ്ലൈ ഓഫീസർ റ്റി. ഗാനാദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കളക്ടറുടെ പ്രത്യേക നിർദേശവും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തും.

ഓണക്കാല പരിശോധന: 70 സ്ഥാപനങ്ങൾക്കെതിരെ നടപടി

ആലപ്പുഴ: ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണക്കാല പരിശോധന തുടരുന്നു. ഇതുവരെ 70 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. 3 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.

കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ചുള്ള കച്ചവടം, ഉത്പ്പനത്തിന്റെ പേര്, അളവ്, എണ്ണം, പാക്ക് ചെയ്ത മാസം, ഉപയോഗ കാലാവധി തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളുടെ വിൽപ്പന, പൂക്കടകളിലെ അളവിലെ ക്രമക്കേടുകൾ തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർമാരായ ഷൈനി വാസവൻ, ഷെയ്ക്ക് ഷിബു എന്നിവർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ രണ്ട് സ്ഥാപനത്തിന് പിഴ അടക്കാൻ നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി. ഷൺമുഖൻ അറിയിച്ചു. വാളയാർ, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെ 82 പരിശോധനകളാണ് നടന്നത്. രണ്ട് സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നിർദ്ദേശം നൽകി. മൂന്ന് നിയമാനുസൃത സാമ്പിളുകളും 51 നിരീക്ഷണ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്.

ജില്ലയിലെ 12 സർക്കിൾ പരിധികളിലും പരിശോധനകൾ നടത്തുന്നതിനായി മൂന്ന് സ്പെഷ്യൽ സ്ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവടസാധനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയുടെ ഭാഗമായി പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്

മലപ്പുറം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി, ജില്ലയിലുടനീളം പൊതുവിതരണ വകുപ്പ് വ്യാപക നടത്തുന്ന പരിശോധനകൾ തുടരുന്നു. പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിൽ കരിങ്കല്ലത്താണി, അധികാരിപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ ഇന്നലെ (ആഗസ്റ്റ് 25) നടത്തിയ പരിശോധനയിൽ ആറു കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ക്രമക്കേട് കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസർ മോഹൻദാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ അനിൽകുമാർ , ആശാറാണി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പൊതുവിതരണം, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും ജില്ലയിൽ ഉടനീളം വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.