- Trending Now:
കൊച്ചി: ഘാന കലാകാരനായ ഇബ്രാഹിം മഹാമയുടെ നേതൃത്വത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) സംഘടിപ്പിക്കുന്ന ശിൽപശാലയ്ക്ക് തുടക്കമായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് ഫൈൻ ആർട്സ് വിദ്യാർത്ഥികൾ അല്ലെങ്കിൽ ബിരുദധാരികളെ ക്ഷണിക്കുന്നു.
മട്ടാഞ്ചേരിയിലെ ആനന്ദ് വെയർഹൗസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇൻസ്റ്റാഗ്രാം ബയോയിലെയും വെബ്സൈറ്റിലെയും (kochimuzirisbiennale.org) ഗൂഗിൾ ഫോം പൂരിപ്പിച്ച് https://forms.gle/QvcGw29nsv9L7oc69 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് മുന്നോടിയായി കെ.ബി.എഫിൻറെ എ.ബി.സി ആർട്ട് റൂം ആണ് ശിൽപശാല നടത്തുന്നത്.
ബിനാലെ ആറാം ലക്കത്തിൽ ഇബ്രാഹിം മഹാമ തയ്യാറാക്കുന്ന 'പാർലമെൻറ് ഓഫ് ഗോസ്റ്റ്സ്' എന്ന പ്രതിഷ്ഠാപനത്തിൻറെ ഭാഗമാണ് ഈ വർക്ഷോപ്. ബസാർ റോഡിൽ നടക്കുന്ന പരിപാടി ഡിസംബർ 5 വരെ തുടരും. ഓർമ, അധ്വാനം, കൂട്ടായ ചരിത്രങ്ങൾ എന്നീ ആശയങ്ങളെ അന്വേഷിക്കുന്ന ഈ ശിൽപശാലയിൽ നിലവിൽ 20 പങ്കാളികളാണുള്ളത്.
ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ആർട്ട് റൂം ടീമുമായും പാർലമെൻറ് ഓഫ് ഗോസ്റ്റ്സ് പ്രോജക്റ്റുമായും അടുത്ത് പ്രവർത്തിക്കാൻ സാധിക്കും. സന്ദീപ് ആൻഡ് ഗീതാഞ്ജലി മൈനി ഫൗണ്ടേഷൻ (@sgmf2020) ആണ് മഹാമയുടെ ഈ പ്രോജക്റ്റിന് പിന്തുണ നൽകുന്നത്.
ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരനായ നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം ഡിസംബർ 12 ന് ആരംഭിച്ച് 110 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രദർശനത്തിന് ശേഷം മാർച്ച് 31 ന് സമാപിക്കും. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ ബിനാലെ പ്രമേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.