- Trending Now:
കൊച്ചി: അനുഭവേദ്യ ടൂറിസത്തെ ഗൗരവത്തോടെ കാണുന്ന കാലഘട്ടമാണെന്നും അത് വലിയ അവസരങ്ങൾ തുറന്നുതരുന്ന അക്കാദമിക്, സാംസ്കാരിക ടൂറിസം എന്ന നിലയിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്നുന്നെും വിദഗ്ദ്ധർ. കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിൽ 'ഹെറിറ്റേജ് ടു എക്സ്പീരിയൻസ് റീ-ഇമാജിനിംഗ് സ്പൈസ് റൂട്ട്സ് ഫോർ ടൂറിസം എന്ന സെഷനിലാണ് ഈ അഭിപ്രായം ഉയർന്നത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ അനുഭവവേദ്യ ടൂറിസത്തിൻറെ ഗൗരവം വർധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ സഞ്ചാരികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്കാര, പൈതൃക, അഡ്വഞ്ചർ ടൂറിസം മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും ടൂറിസം വകുപ്പും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചർച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പൈതൃക കേന്ദ്രങ്ങളിലെ നിർമ്മിതികളെ കുറിച്ചുള്ള വിവരങ്ങൾക്കപ്പുറം വിനോദസഞ്ചാരികൾ തേടുന്നത് വിദേശ സംസ്കാരം, ആ സ്ഥലത്തെ ഭാഷാപ്രയോഗങ്ങൾ, ആഹാരരീതികൾ എന്നിവയെ എങ്ങനെ സ്വാധിനിച്ചു എന്നുള്ളതാണെന്ന് കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റിൻറെ സ്ഥാപകനായ ജോഹാൻ കുരുവിള പറഞ്ഞു.
സ്മാരകങ്ങളെ അടിസ്ഥാനമാക്കിയുള്ള അനുഭവകഥകൾക്കു പകരം അതത് സ്ഥലങ്ങളിലെ ജീവിതരീതിയിൽ അടങ്ങിയിരിക്കുന്ന അർത്ഥവത്തായ കഥകളാണ് സഞ്ചാരികൾ അനുഭവവേദ്യ ടൂറിസത്തിൽ തേടുന്നത്. വിനോദസഞ്ചാരികളിൽ മറ്റ് സ്ഥലങ്ങളെക്കുറിച്ച് ജിജ്ഞാസ ഉണർത്തുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കപ്പൽക്കടവ് എന്നും അറിയപ്പെടുന്ന പഴയ കവ്വായി തുറമുഖത്ത് അറബികളും ചൈനീസ് കപ്പലുകളും എത്തിയിരുന്നത് പ്രാദേശിക നെയ്ത്തുകാരിൽ നിന്ന് തുണികൾ വാങ്ങാനായിരുന്നുവെന്ന് കവ്വായി സ്റ്റോറീസിൻറെ സ്ഥാപകൻ രാഹുൽ നാരായണൻ പറഞ്ഞു. പയ്യന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവകാലത്ത് ഏകദേശം 200 ഓളം പേർ കവ്വായി കായലിൽ മീൻ പിടിക്കാൻ എത്തുകയും അവർ 21 കെട്ട് മത്സ്യങ്ങളുമായി ക്ഷേത്രത്തിലേത്തി ദേവിക്ക് സമർപ്പിക്കുകയും ചെയ്യും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരം ഇന്നും നിലനിൽക്കുന്നുവെന്നത് അതിശയകരമാണ്. കണ്ണൂരിലും കാസർഗോഡിലുമായി വ്യാപിച്ചുകിടക്കുന്ന കവ്വായി കായൽ കയാക്കിംഗിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻറെ സംസ്കാരവും ഭൂമിശാസ്ത്രവും മനസ്സിലാക്കുക എന്ന ആഗ്രഹമാണ് ഇവിടുത്തെ പ്രകൃതിദൃശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരണയായതെന്ന് ആയുർവേദ ട്രെയിൽസിൻറെ സ്ഥാപകയും ഡയറക്ടറുമായ സുസാന സ്വീബെൽ പറഞ്ഞു.
ഹിയറിറ്റേജിലെ സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ കഥപറച്ചിൽ പുതുക്കുന്നതിന് പുതിയ സ്ഥലങ്ങളും സംസ്കാരവും തിരിച്ചറിയേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. സിറ്റി ഹെറിറ്റേജ് എംഡി ഷിഹാദ് മുഹമ്മദ് മോഡറേറ്ററായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.