- Trending Now:
കൊച്ചി: സുസ്ഥിരതയോടൊപ്പം സാമ്പത്തിക സ്വാശ്രയത്വവും പൈതൃക ടൂറിസം വികസനത്തിൽ അനിവാര്യമാണെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം. ഇതിൻറെ മികച്ച മാതൃകയാണ് കേരളത്തിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നും 'പൈതൃക ടൂറിസം: സുസ്ഥിരതയുടെ ചോദ്യം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വി സെഷൻ മോഡറേറ്റ് ചെയ്തു.
പല രാജ്യങ്ങളും തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ടൂറിസം പദ്ധതികളിൽ വൻതുക ചെലവഴിക്കുന്നതായി കെഐടിടിഎസ് ഡയറക്ടർ ഡോ. ദിലീപ് എം ആർ പറഞ്ഞു. ടൂറിസം തൊഴിലും വരുമാനവും നൽകുമെങ്കിലും അച്ചടക്കമില്ലാത്ത വികസന പ്രവർത്തനങ്ങൾ വിലക്കയറ്റത്തിനും സാമൂഹിക അസമത്വത്തിനും പ്രാദേശിക എതിർപ്പിനും വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രളയവും മണ്ണിടിച്ചിലും പോലുളള കാലാവസ്ഥാ ദുരന്തങ്ങൾ പൈതൃക കേന്ദ്രങ്ങൾക്ക് കനത്ത ഭീഷണിയാണെന്ന് ഐസിഒഎംഒഎസിലെ സയൻറിഫിക് കൗൺസിലർ ഡോ. വേണുഗോപാൽ പറഞ്ഞു. പൈതൃക സംരക്ഷണത്തിൽ പരമ്പരാഗത അറിവുകൾ കൂടി ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൈതൃക ടൂറിസം ഇക്കാലത്ത് സ്മാരകങ്ങൾ കാണുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ട കെടിഐഎൽ ഡയറക്ടർ മനോജ് കുമാർ കിനി, പ്രാദേശിക സമൂഹങ്ങളെ കേന്ദ്രമാക്കി സുസ്ഥിരതയിൽ മുൻനിർത്തിയ പുതിയ സമീപനങ്ങളാണ് വളർന്നുവരുന്നതെന്ന് വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ഉത്തരവാദിത്തപരവും യഥാർത്ഥവുമായ ടൂറിസം സാധ്യമാകുമെന്നും, ടൂറിസ്റ്റുകൾ സ്വന്തം മൂല്യങ്ങൾക്കനുസരിച്ചാണ് യാത്രകൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക ടൂറിസം വിജയിക്കണമെങ്കിൽ അതിൻറെ വികസനം സുസ്ഥിരത, സാമൂഹ്യ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വേണമെന്നും ചർച്ച വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.