Sections

ഇൻഫോപാർക്കിന്റെ 'ഐ ബൈ ഇൻഫോപാർക്ക്' കൊ-വർക്കിംഗ് സ്പേസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Wednesday, Oct 29, 2025
Reported By Admin
CM Inaugurates ‘i by Infopark’ Co-working Hub in Kochi

550 ൽപരം തൊഴിലവസരം

കൊച്ചി: സംസ്ഥാനത്തെ ഐടി രംഗത്ത് പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഇൻഫോപാർക്കിന്റെ പ്രീമിയം കോ-വർക്കിങ് സ്പേസായ 'ഐ ബൈ ഇൻഫോപാർക്ക്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംസ്ഥാന ഇലക്ട്രോണിക് ഐടി വകുപ്പ് സംഘടിപ്പിച്ച റീ കോഡ് സെമിനാർ വേദിയിലായിരുന്നു ഉദ്ഘാടനം. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് ഐ ബൈ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചത്.

സെമിനാർ വേദിയിൽ നിന്ന് വെർച്വലായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ വച്ച് ഐ ബൈ ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങുന്ന ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷൻ സഹസ്ഥാപകൻ ടോണി തോമസിന് മുഖ്യമന്ത്രി അനുമതിപത്രം കൈമാറി. 48,000 ചതുരശ്രയടിയിൽ പ്രവർത്തിക്കുന്ന ഈ പദ്ധതി വഴി 550 ൽപരം തൊഴിലവസരം സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. പി വി ശ്രീനിജൻ എംഎൽഎ, മേയർ എം അനിൽകുമാർ എന്നിവർ സംബന്ധിച്ചു. ഐടി വകുപ്പിന്റെ പത്ത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു അവതരണം നടത്തി. ഇൻഫോപാർക്ക്,സൈബർപാർക്ക് എന്നിവയുടെ സിഇഒ സുശാന്ത് കുറുന്തിൽ കൃതജ്ഞത അറിയിച്ചു.

മൂന്നാം നില മുതൽ ഒൻപതാം നില വരെയായി ഏഴ് നിലകളിലായാണ് ഐ ബൈ ഇൻഫോപാർക്ക് പ്രവർത്തിക്കുന്നത്. 48,000 ചതുരശ്ര അടിയിൽപരം വിസ്തീർണ്ണമുള്ള ഇവിടെ 580-ൽ അധികം വർക്ക്സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ വർക്ക്സ്പേസിൽ ഓരോ നിലയ്ക്കും 6,530 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്.

പ്ലഗ് ആൻഡ് പ്ലേ ഫർണിഷ്ഡ് ഓഫീസുകൾ, വർക്ക് സ്റ്റേഷനുകൾ, ഇവന്റ് സ്പേസുകൾ, ട്രെയിനിംഗ് റൂം, മീറ്റിംഗ് റൂം, കോൺഫറൻസ് റൂം, ലോഞ്ച്, സഹകരണ ചർച്ചകൾക്കുള്ള കൊളാബ് ഏരിയ, ഫോൺ ബൂത്ത്, പാൻട്രി എന്നിവ ഐ ബൈ ഇൻഫോപാർക്കിലുണ്ട്.

സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഐ ബൈ ഇൻഫോഴ്പാർക്കിലേക്ക് നേരിട്ടുള്ള പ്രവേശനം ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, എന്നിവയുടെയെല്ലാം തൊട്ടടുത്താണ് ഈ ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടി-മോഡൽ ട്രാൻസിറ്റ് ഹബ്ബിന്റെ പ്രയോജനം ഇത് നൽകുന്നു.

കേരളത്തിലെ ആദ്യത്തെ ന്യൂറോഡൈവേഴ്സിറ്റി സൗഹൃദ കോ-വർക്കിങ് കേന്ദ്രമാണിത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, എഡിഎച്ച്ഡി, ഡിസ്ലെക്സിയ തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകമായി ചെയ്ത ഡിസൈൻ ശൈലിയിലാണ് ഓരോ നിലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ നിലയ്ക്കും ഓരോ ഇന്ദ്രിയത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന്, മൂന്നാം നില 'കാഴ്ച' യെ കേന്ദ്രീകരിച്ച് പ്രത്യേക വാൾപേപ്പറുകളും ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. നാലാം നില 'രുചിയെ അടിസ്ഥാനമാക്കിയാണെങ്കിൽ അഞ്ചാം നില 'ഗന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറാം നില 'സ്പർശവും ശേഷിക്കുന്ന മൂന്ന് നിലകൾ (ഏഴ്, എട്ട്, ഒൻപത് നിലകൾ) 'കേൾവി'യെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഫ്രീ-ലാൻസ്, ഗിഗ് വർക്ക്സ്, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയവയ്ക്ക് പറ്റിയ സ്ഥലമാണിത്. കൊച്ചിയിൽ പ്രീമിയം വർക്ക്സ്പേസ് തേടുന്ന ബിസിനസ്സുകൾക്ക് 'ഐ ബൈ ഇൻഫോപാർക്ക്' പ്രധാന ആകർഷണമായി മാറും. സമാനമായ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനും ഐടി വകുപ്പിന് പദ്ധതിയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.