Sections

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: വനിതാ സംരംഭകരുടെ കാര്യത്തിലും ചരിത്രം സൃഷ്ടിക്കുന്നു

Tuesday, Jan 03, 2023
Reported By admin
business

അഭിമാനത്തോടെ മാത്രമേ ഈ മുന്നേറ്റഗാഥ നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ


8 മാസം കൊണ്ട് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതി വനിതാ സംരംഭകരുടെ കാര്യത്തിലും മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയർത്തി സംരംഭക വർഷം മുന്നോട്ടുപോകുമ്പോൾ വ്യവസായ വകുപ്പിനും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഇത് അഭിമാന നേട്ടമാണ്, ഫുഡ് പ്രൊസസിങ്ങ്, ബയോടെക്നോളജി, ഐ. ടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാന്റ്ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുൾപ്പെടെ സമസ്ത മേഖലകളിലും സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റർ ചെയ്തത് സ്ത്രീകളുടെ പേരിലാണെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ മാത്രം നാലായിരത്തിലധികം സംരംഭകർ വനിതകളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മൂവായിരത്തിലധികം വീതം വനിതാ സംരംഭകരുള്ളപ്പോൾ താരതമ്യേന വ്യവസായ രംഗത്ത് പിന്നോക്കം നിൽക്കുന്ന കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം വനിതകൾ സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായി. അഭിമാനത്തോടെ മാത്രമേ ഈ മുന്നേറ്റഗാഥ നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിനായി ഈ സംരംഭകർക്ക് സ്കെയിൽ അപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ടാകും. ടെക്നോളജി ക്ലിനിക്കുകളും ഹെൽപ് ഡെക്സുകളും ഇൻവസ്റ്റർ ഹെൽപ് കോൾ സെന്ററുകളുമെല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് സഹായം ലഭ്യമാക്കും. സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കൂടുതൽ വനിതകൾക്ക് കരുത്ത് പകരാൻ ഈ സംരംഭകർക്ക് സാധിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

സംരംഭകത്വ മേഖലയിൽ മുന്നേറി വയനാട്

കാർഷിക ഗോത്ര സംസ്കൃതിയുടെ പെരുമയുളള വയനാട് സംരംഭകത്വ മേഖലയിലും മുന്നേറുന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതി എട്ട് മാസത്തിനുള്ളിൽ തന്നെ ലക്ഷ്യം കണ്ടപ്പോൾ വയനാട് ജില്ലയാണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. ഉത്പാദന, സേവന, വിപണന മേഖലയിലുൾപ്പെടെ 3010 പുതിയ സംരംഭങ്ങൾ തുടങ്ങി ലക്ഷ്യത്തിന്റെ 81.64 ശതമാനം കൈവരിച്ചാണ് ജില്ല ഈ നേട്ടത്തിലെത്തിയത്. 178.01 കോടിയുടെ നിക്ഷേപവും 6272 തൊഴിലവസരങ്ങളും ഇക്കാലയളവിൽ സൃഷ്ടിച്ചു. കൊല്ലം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

2022-23 വർഷത്തിൽ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭം തുടങ്ങാനാണ് വ്യവസായ- വാണിജ്യ വകുപ്പ് ലക്ഷ്യമിട്ടത്. നാല് മാസം ബാക്കി നിൽക്കെ സംസ്ഥാനത്ത് ചെറുകിട ഇടത്തരം മേഖലകളിൽ 100004 സംരംഭങ്ങൾ ആരംഭിക്കാൻ വ്യവസായ വകുപ്പിന് സാധിച്ചു. ജില്ലയിൽ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങൾ ആരംഭിക്കാനാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ലക്ഷ്യമിട്ടത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളും വെളളമുണ്ട, വൈത്തിരി, കണിയാമ്പറ്റ, മീനങ്ങാടി, മുട്ടിൽ ഗ്രാമപഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വെളളപ്പൊക്കവും കോവിഡും തീർത്ത പ്രതിസന്ധികളും അതിജീവിച്ചാണ് സംരംഭക മേഖലയിലെ ജില്ലയുടെ ഈ കുതിപ്പ്.

അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് വികസന സൂചികളിലും പിന്നാക്കം നിൽക്കുമ്പോഴും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തുടങ്ങിയവർക്കും ജില്ലാ വ്യവസായ കേന്ദ്രം ഉറച്ച പിന്തുണയാണ് നൽകി വരുന്നത്. സംരംഭം തുടങ്ങാൻ താൽപര്യമുളളവർക്ക് വായപയടക്കമുളള സൗകര്യങ്ങൾ സമയബന്ധിതമായി ഉറപ്പിക്കുന്നു. തദ്ദേശ സ്ഥാപന തലങ്ങളിൽ സംരംഭകത്വ സാധ്യതകളെ കുറിച്ചും ലൈസൻസ്, സബ്സിഡി, മറ്റ് ധനസഹായങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനായി 29 ഇന്റേൺസിനേയും നിയമിച്ചിട്ടുണ്ട്. സംരംഭകർക്ക് ആവശ്യമായ സഹായം നൽകുന്നതിന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ സഹായക കേന്ദ്രങ്ങളും സജ്ജമാക്കി.

ജില്ലാ കളക്ടർ ചെയർമാനായ മോണിറ്ററിംഗ് കമ്മിറ്റി സംരംഭകർ നേരിടുന്ന വിവിധ വിഷയങ്ങിൽ അടിയാന്തര പരിഹാരം കാണുന്നു. ഇതര വകുപ്പുകളുടെ സാധ്യതയും പ്രയോജനപ്പെടുത്തി വരുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, സംരംഭകത്വ വായ്പ പദ്ധതികൾ തുടങ്ങിയ സർക്കാർ നയങ്ങളും പദ്ധതികളും സംരംഭം തുടങ്ങുന്നതിന് പ്രചോദനമാണ്. ജില്ലയിൽ സംരംഭങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയും നിക്ഷേപക സംഗമവും കൽപ്പറ്റയിൽ സംഘടിപ്പിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.