Sections

നൂതന ഫാഷന്‍ ഡിസൈനുകളില്‍ കൈത്തറി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും : മന്ത്രി പി. രാജീവ് 

Monday, Aug 09, 2021
Reported By Admin
P Rajeev

ദിവസം 500 ഷര്‍ട്ടുകള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ഹാന്‍ടെക്‌സ് ഉടന്‍ ആരംഭിക്കും

 

എറണാകുളം : നൂതന ഫാഷന്‍ ഡിസൈനുകളില്‍ കൈത്തറി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ഫാഷന്‍ ഡിസൈനര്‍മാരുടെ സഹായം തേടുമെന്ന് വ്യവസായ - നിയമ - കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ കൈത്തറി ദിനം സംസ്ഥാന തല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിയുടെ സവിശേഷത നിലനിര്‍ത്തി കൊണ്ട്  ആധുനികവത്ക്കരിക്കും. മൂല്യവര്‍ദ്ധനവും വൈവിധ്യവത്ക്കരണവും ഈ മേഖലക്ക് ആവശ്യമാണ്.  കൂടാതെ കൈത്തറി ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണനം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി ഉറപ്പ് വരുത്തി വിപണി ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ കൈത്തറി  സ്‌കൂള്‍ യൂണിഫോമുകള്‍ പ്രോത്സാഹിപ്പിച്ചത്. ദിവസം 500 ഷര്‍ട്ടുകള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ഹാന്‍ടെക്‌സ് ഉടന്‍ ആരംഭിക്കും. ഇത് കൈത്തറി മേഖലയില്‍ മാറ്റം ഉണ്ടാക്കും. എല്ലാ കൈത്തറിയും കേരള എന്ന ബ്രാന്‍ഡില്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കും. നെയ്ത്തുകാരന് ഒരു ദിവസത്തെ വേതനം ഉറപ്പാക്കുന്നതിന് ഓണത്തിന് ഒരു കൈത്തറി വസ്ത്രമെങ്കിലും വാങ്ങി കൈത്തറി ചലഞ്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. 

ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്‌സില്‍ കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് 20 % ഗവ. റിബേറ്റും ഗാര്‍മെന്റ്‌സ് തുണിത്തരങ്ങള്‍ക്ക് 30 % ഡിസ്‌കൗണ്ടും കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വില്‍പനയ്ക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഓഗസ്റ്റ് 20 വരെയാണ് ഓഫര്‍ ലഭിക്കുക. മധുരം മലയാളം തുണി മാസ്‌കുകളും  ലഭ്യമാണ്. 

ടി.ജെ വിനോദ് എംഎല്‍എ  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഹാന്റ്ലൂം ഡയറക്ടര്‍ പ്രദീപ്കുമാര്‍ കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ലതിക കെ. എന്‍, ഹാന്‍ടെക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍ , ഹാന്‍ടെക്‌സ് ഭരണസമിതി അംഗം ടി.എസ്. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.