- Trending Now:
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് ഇന്ന് (ജൂൺ 3) വൈകിട്ട് 6 ന് കോവളം ഉദയസമുദ്ര ഹോട്ടലിൽ ടൂറിസം സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ജിടിഎമ്മിൽ അവതരിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ഗതാഗത മന്ത്രി സിപി ജോൺ, ശ്രീലങ്കൻ ടൂറിസം സഹമന്ത്രി പ്രൊഫ. റുവാൻ രണസിംഗെ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. എം. വിൻസെൻറ് എംഎൽഎ അധ്യക്ഷത വഹിക്കും. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല മുഖ്യപ്രഭാഷണം നടത്തും.
ജിടിഎമ്മിൻറെ ഭാഗമായുള്ള ഗ്ലോബൽ ട്രാവൽ മാർട്ട് എക്സ്പോ ജൂൺ നാലിന് രാവിലെ 10 ന് അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ആരംഭിക്കും.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവൽ-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കും.
ആന്ധ്രാപ്രദേശ് സ്പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയിൻ, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ അഞ്ജന എം, ഗോവ ടൂറിസം ഡയറക്ടർ കേദാർ എ നായിക്, ടിസിസിഐ പ്രസിഡൻറ് എസ്എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് പ്രസിഡൻറ് എംആർ നാരായണൻ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ജൂൺ 4 ന് ഹോസ്പിറ്റാലിറ്റി എജ്യുക്കേഷൻ, മെഡിക്കൽ ടൂറിസം, ആയുർവേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.
ജൂൺ 5 ന് 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളർച്ച' എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.
'സമൂഹ ക്ഷേമത്തിനും സമഗ്ര വളർച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത ടൂറിസം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ മിഷൻ ഡയറക്ടർ കെ. രൂപേഷ് കുമാർ സംസാരിക്കും. ആർടി മിഷൻ ജെൻഡർ ഓഡിറ്റ് ആൻഡ് സേഫ്റ്റി ഓഡിറ്റ് ടീം അംഗവും എസ്കേപ്പ് നൗ സ്ഥാപകയുമായ ഇന്ദു കൃഷ്ണ, ആർടി ക്ലബ് ലീഡർ ഇന്ദിര എന്നിവരാണ് മറ്റ് പാനലിസ്റ്റുകൾ. 'കേരളത്തിൻറെ വികസനം' എന്ന വിഷയത്തിൽ കേരള ഡെവലപ്മെൻറ് മീഡിയ ചെയർമാൻ നസീർ സലാം സംസാരിക്കും.
1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മിൽ ഉണ്ടായിരിക്കും. ആയുർവേദത്തെ ആഗോള ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ് കമ്പനി പ്രതിനിധികളെ ഉൾപ്പെടുത്തി കോർപ്പറേറ്റ് ബിസിനസ് നെറ്റ് വർക്കിംഗ് സെഷനും നടക്കും. ജൂൺ 4, 5 ദിവസങ്ങളിലാണ് ബിടുബി സെഷനുകൾ നടക്കുക.
ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും.
ട്രാവൻകൂർ എക്സ്പീരിയൻസ് സോൺ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മിൽ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ് വർക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.
ജിടിഎം മെട്രോ എക്സ്പെഡിഷൻ അവാർഡ് നൈറ്റ് ജൂൺ 4 ന് വൈകുന്നേരം 6 ന് കോവളം ലീല ഹോട്ടലിൽ നടക്കും. ജൂൺ 5 ന് വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന ജിടിഎം 2026 ൻറെ സമാപന സമ്മേളനം നടക്കും.
എക്സ്പോയിലേക്ക് ജൂൺ 5 ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in, 9995139933, ഇമെയിൽ: info@gtmt.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.