Sections

കന്നുകാലികൾക്കായി വീടുകളിൽ പുൽകൃഷി വ്യാപകമാക്കണം

Saturday, Dec 31, 2022
Reported By admin
farming

പശുവിനെ വാങ്ങുമ്പോൾ തന്നെ ഇൻഷുറൻസ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം


കന്നുകാലികൾക്കായി വീടുകളിൽ പുൽകൃഷി വ്യാപകമാക്കണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നന്മണ്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ക്ഷീര കർഷകർ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ഫീഡുകളാണ് ഉപയോഗിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാൻ വീടുകളിൽ പുൽകൃഷി വ്യാപിപ്പിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പുൽകൃഷി കർഷകർക്ക് ഒരു ഏക്കറിന് 16000 രൂപ സബ്സിഡി ഉൾപ്പെടെ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ ആവശ്യങ്ങൾ അറിയിക്കാനായി കോൾ സെന്റർ സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കർഷകർക്കായി ക്ഷീര വികസന വകുപ്പ് 28 കോടി രൂപ ഇൻസെന്റീവായി മാറ്റിവെച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും ഫണ്ടുകൾ മാറ്റിവെച്ചിട്ടുണ്ട്. ഫണ്ടുകൾ വരുന്നുമുറയ്ക്ക് അതാത് ക്ഷീര വികസന ഓഫീസുകൾ വഴി അടുത്തമാസം വരെ കർഷകരുടെ അക്കൗണ്ടിലേക്ക് ഈ തുകകൾ വരുമെന്നും മന്ത്രി പറഞ്ഞു.

പാലിന് വില വർദ്ധിപ്പിക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ പണം കർഷകർക്ക് കിട്ടണമെന്നാണ് ഗവൺമെന്റ് മിൽമയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി നടപ്പാക്കിക്കൊണ്ട് അഞ്ച് രൂപ മൂന്ന് പൈസയും കർഷകർക്കാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാഹനങ്ങൾ നൽകും. ഒരു നൈറ്റ് ഡോക്ടർ, ഒരു ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഇതിനായി ഡ്രൈവർ കം അറ്റെൻഡർ തസ്തികയിലേക്ക് ആളെ എടുക്കും. സംസ്ഥാനത്ത് 29 വാഹനങ്ങൾ സജ്ജമായി കഴിഞ്ഞെന്നും ഇവയുടെ ഉദ്ഘാടനം ജനുവരി 5 ന് കേന്ദ്രമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലകളിൽ രണ്ടു വാഹനങ്ങൾ വീതം നൽകും. ഇടുക്കി ജില്ലയിൽ മൂന്നു വാഹനങ്ങൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കന്നുകാലികൾക്കുള്ള ഈ വർഷത്തെ പുതിയ മരുന്നുകൾ ഉടൻ ലഭ്യമാകും. മരുന്ന് ലഭ്യമാക്കുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആവശ്യമായ മരുന്നുകൾ സംബന്ധിച്ച പ്രോജക്ട് വെറ്റിനറി ഡോക്ടർ പഞ്ചായത്തിൽ സമർപ്പിച്ചാൽ ഗവൺമെന്റ് കൂടി കൈകോർത്ത് പ്രൊജക്ടുകൾ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

പശുവിനെ വാങ്ങുമ്പോൾ തന്നെ ഇൻഷുറൻസ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം. കേന്ദ്രവുമായി ആലോചിച്ച് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി കേരളത്തിൽ എല്ലാ പശുക്കൾക്കും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ക്ഷീര ഗ്രാമം പദ്ധതി കഴിഞ്ഞവർഷം വരെ 10 പഞ്ചായത്തുകളിലാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 20 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്ക് ഓരോ പശുവിനെ വീതം കൊടുക്കുന്ന പദ്ധതി വകുപ്പ് കൊണ്ടുവന്നിട്ടുണ്ട്. പദ്ധതി വിജയപ്രദമാണെങ്കിൽ അടുത്തവർഷം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കും.എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീര ശ്രീ പോർട്ടൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പോർട്ടൽ വഴി അപേക്ഷകൾ ഓൺലൈനിലൂടെ കൊടുക്കാനുള്ള സംവിധാനം ഉണ്ട്. ക്ഷീര ക്ഷേമനിധി ബോർഡ് വഴി നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷനായിരുന്നു.

സംസ്ഥാനത്ത് ക്ഷീരവികസന മേഖല ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ക്ഷീര മേഖലയെ സ്വയം പര്യാപ്തതയിൽ എത്തിക്കാനും ക്ഷീരകർഷകരുടെ അവകാശ സംരക്ഷണത്തിനായി മാതൃകാപരമായ പ്രവർത്തനമാണ് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.