Sections

എംഎസ്എംഇകൾക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കാൻ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സുമായി ഗോദ്റെജ് ക്യാപ്പിറ്റൽ

Thursday, Jul 16, 2026
Reported By Admin
Godrej Finance Launches Supply Chain Finance for MSMEs

കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗമായ ഗോദ്റെജ് ക്യാപ്പിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്റെജ് ഫിനാൻസ് വഴി പുതിയ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സ് ആരംഭിച്ചു. രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വേഗത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രവർത്തന മൂലധനം ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അടുത്ത 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ സപ്ലൈ ചെയിൻ ഫിനാൻസ് പോർട്ട്ഫോളിയോ കെട്ടിപ്പടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഗോദ്റെജ് ഫിനാൻസിന്റെ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ എട്ട് ശതമാനത്തോളം വരുമെന്നും കമ്പനി വ്യക്തമാക്കി.

ജിഎസ്ടിയും ഡിജിറ്റൽ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളും കാരണം ഇന്ത്യയിലെ ബിസിനസ്സ് ഇടപാടുകൾ കൂടുതൽ കൃത്യവും നിയമപരവുമായി മാറിയെങ്കിലും മികച്ച ബിസിനസ്സ് പശ്ചാത്തലമുള്ള പല എംഎസ്എംഇകളും ഇപ്പോഴും പ്രവർത്തന മൂലധനമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കമ്പനികളുടെ സുതാര്യമായ ഇടപാടുകളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ അംഗീകൃത വായ്പകൾ ലഭ്യമാക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഗോദ്റെജ് ഫിനാൻസ് പുതിയ ബിസിനസ്സിലൂടെ ശ്രമിക്കുന്നത്.

രാജ്യത്തെ സപ്ലൈ ചെയിൻ വ്യവസ്ഥിതിയുടെ നട്ടെല്ലാണ് എംഎസ്എംഇകൾ. എങ്കിലും ആവശ്യമായ സമയത്ത് പ്രവർത്തന മൂലധനം ലഭിക്കുക എന്നത് ഇപ്പോഴും അവർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നും സപ്ലൈ ചെയിൻ ഫിനാൻസ് ആരംഭിക്കുന്നതിലൂടെ വലിയ കമ്പനികളുമായി കച്ചവടം നടത്തുന്നവർക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ വേഗത്തിൽ വായ്പ ലഭ്യമാക്കുമെന്നും ഗോദ്റെജ് ഫിനാൻസ് എംഡിയും സിഇഒയുമായ പങ്കജ് ഗുപ്ത പറഞ്ഞു.

ഡീലർ ഫിനാൻസിങ്, വെണ്ടർ ഫിനാൻസിങ്, പർച്ചേസ് ഇൻവോയ്സ് ഫിനാൻസിങ്, സെയിൽസ് ഇൻവോയ്സ് ഫിനാൻസിങ് എന്നിവയിലൂടെ ബിസിനസ്സ് സുഗമമാക്കാൻ സാധിക്കും. 10 ലക്ഷം രൂപ മുതൽ 25 കോടി രൂപ വരെയാണ് വായ്പയായി നൽകുന്നത്. പരമ്പരാഗത ഈട് അധിഷ്ഠിത വായ്പകൾക്ക് പകരം കമ്പനികളുടെ വിശ്വസനീയമായ ക്യാഷ്ഫ്ലോയും ഇടപാടുകളും വിലയിരുത്തിയാണ് വായ്പകൾ നൽകുക.

പ്രതിവർഷം 500 കോടി രൂപ മുതൽ 1 ലക്ഷം കോടിയിലധികം വരെ വിറ്റുവരവുള്ളതും, ബിബിബി മുതൽ എഎഎ വരെ റേറ്റിംഗ് ഉള്ളതുമായ വലിയ കമ്പനികളുമായി ചേർന്ന് ബിസിനസ്സ് നടത്തുന്ന സംരംഭങ്ങൾക്ക് ഈ വായ്പ ലഭ്യമാകും. വായ്പയ്ക്ക് അപേക്ഷിക്കുന്നത് മുതൽ പണം അനുവദിക്കുന്നതും തിരിച്ചടയ്ക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുന്നത്.

നിലവിൽ മുപ്പതിലധികം വലിയ കോർപ്പറേറ്റ് കമ്പനികളുമായി ഗോദ്റെജ് ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.