- Trending Now:
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ് യുഎം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ 'ഫ്യൂസ്ലേജ് ഇന്നൊവേഷൻസിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവൻ ചന്ദ്രശേഖരൻ ലോകപ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്സിന്റെ 2026-ലെ '30 അണ്ടർ 30 ഏഷ്യ' പട്ടികയിൽ ഇടം നേടി.
വ്യവസായം, ഉത്പാദനം, ഊർജ്ജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യാ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് ഈ നേട്ടം.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂസ്ലേജ് ഇന്നൊവേഷൻസ്, കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ആളില്ലാ വിമാനങ്ങളും ഓട്ടോണമസ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ രാജ്യത്തെ മുൻനിരയിലുള്ള സ്ഥാപനമാണ്. എയറോസ്പേസ് എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരൻ 2020-ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് (ആസ്പയർ) ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ സ്റ്റാർട്ടപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രോൺ വഴിയുള്ള കൃത്യതാ കൃഷിരീതികൾ,(പ്രിസിഷൻ അഗ്രികൾച്ചർ), കീടനാശിനി തളിക്കൽ, ഏരിയൽ ഇന്റലിജൻസ് എന്നിവയിലൂടെ പതിനായിരക്കണക്കിന് കർഷകർ ഫ്യൂസലേജിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഫോബ്സ് പട്ടികയിലെ അംഗീകാരം ഫ്യൂസ്ലേജ് ടീമിന്റെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്ന് ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഡീപ്-ടെക്, എയറോസ്പേസ് സൊല്യൂഷനുകൾ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വലിയ അഭിമാനമാണ് ഈ നേട്ടമെന്നും, ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ തക്ക വിധമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കേരളത്തിലെ യുവസംരംഭകരുടെ ആവാസവ്യവസ്ഥയ്ക്ക് കഴിയുമെന്നുള്ളതിന്റെ തെളിവാണ് ഈ നേട്ടമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.
10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഫ്യൂസ്ലേജിന്റെ 'എഫ്ഐഎ ക്യുഡി10' ഡ്രോണുകൾ കൃഷി, വിത്ത് വിതയ്ക്കൽ, കാട്ടുതീ പ്രതിരോധം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. കൂടാതെ, ആകാശത്ത് നിന്ന് വിള നിരീക്ഷണത്തിനായുള്ള 'നിരീക്ഷ് എജി' എന്ന ഏരിയൽ ഇന്റലിജൻസ് സിസ്റ്റവും, കപ്പലുകളിലും വ്യവസായശാലകളിലും വൻഭാരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള 'ലാർസ്' (എൽഎആർഎസ്- ലോഡ് അസിസ്റ്റഡ് റോട്ടറി സ്റ്റബിലൈസേഷൻ സിസ്റ്റം) സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കായി പ്രത്യേക മിഷൻ ഡ്രോണുകളും കമ്പനി രൂപകൽപ്പന ചെയ്യുന്നു.
ഗവേഷണം, നിർമ്മാണം എന്നിവയ്ക്ക് പുറമെ ഔദ്യോഗിക പൈലറ്റ് പരിശീലനവും (ആർപിടിഒ-റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ) ഫ്യൂസ്ലേജ് നൽകുന്നുണ്ട്. നിലവിൽ കാനഡ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് ഫ്യൂസലേജ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.