Sections

80 കടകളില്‍ നിന്ന് 8,610 കടകളിലേക്ക്, 7 കോടിയില്‍ നിന്ന് 900 കോടിയുടെ വരുമാനത്തിലേക്ക്; സാധാരണക്കാര്‍ക്ക് ആശ്വാസമേകി ജന്‍ ഔഷധി കുതിക്കുന്നു

Monday, May 30, 2022
Reported By Ambu Senan

പുതിയ  കണക്ക് പ്രകാരം രാജ്യത്തുടനീളം 8,610 സ്റ്റോറുകളുണ്ട് ജന്‍ ഔഷധിക്ക്

 

ഗുണനിലവാരമുള്ള മരുന്നുകള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് തുടങ്ങിയതാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍. ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങളാണ് ഇതില്‍ നൂറിലധികവുമുള്ളത്.പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭിക്കുന്നതാണ്. ഇവിടെ ഈ മരുന്നുകള്‍ക്കൊക്കെയും അമ്പത് ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവുണ്ട്.

പുതിയ  കണക്ക് പ്രകാരം രാജ്യത്തുടനീളം 8,610 സ്റ്റോറുകളുണ്ട് ജന്‍ ഔഷധിക്ക്. കേരളത്തില്‍ 977 മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 143 കടകളുള്ള തൃശ്ശൂര്‍ ജില്ലയാണ് ഇതില്‍ മുന്നില്‍. എറണാകുളത്തും മലപ്പുറത്തും നൂറിലധികം കടകളുണ്ട്. 1616 ഇനം ജനറിക് മരുന്നുകളും 250 സര്‍ജിക്കല്‍ ഉപകരണങ്ങളും ഇവയിലൂടെ ലഭിക്കുകയും ചെയ്യും.  

2014ല്‍  80 ഷോപ്പുകള്‍ മാത്രമുണ്ടായിരുന്ന ജന്‍ ഔഷധിക്ക് 8 വര്‍ഷത്തിനിപ്പുറം 8,610 സ്റ്റോറുകളാണുള്ളത്. 7.29 കോടി രൂപ മാത്രം വിറ്റുവരവ് മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് 900 കോടിക്ക് മേലെയാണ് വിറ്റുവരവ്. സാധാരണക്കാരും മരുന്നിന് ആവശ്യമുള്ളവരും ജന്‍ ഔഷധിയെ മനസിലാക്കുകയും കുപ്രചരണങ്ങളെ തള്ളിക്കളയുകയും ചെയ്തു എന്നതിന്റെ തെളിവാണിത്. 

ജനറിക് മരുന്നുകളെക്കുറിച്ചുള്ള ആളുകളുടെ അവബോധം വര്‍ധിച്ചതും ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരമായി അതേ ഗുണനിലവാരമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നുള്ള തിരിച്ചറിവുമാണ് ജനങ്ങളെ ജന്‍ ഔഷധിയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. എങ്കിലും ഇപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ക്കും ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് നിലവാരമുണ്ടോ എന്ന സംശയമുണ്ട്. അവര്‍ക്കായി ഒരു വിവരണം നല്‍കാം. 

 ജന്‍ ഔഷധിക്ക് മരുന്ന് നിര്‍മ്മാണ കമ്പനി ഇല്ല. അതായത് സര്‍ക്കാര്‍ ഈ മരുന്നുകള്‍ നിര്‍മിക്കുന്നില്ല. ജന്‍ ഔഷധി എല്ലാ കമ്പനികളില്‍ നിന്നും മരുന്ന് മേടിച്ചിട്ട് വിപണിയില്‍ എത്തിക്കുകയാണ്. കമ്പനികളില്‍ നിന്ന് മരുന്നുകള്‍ മേടിക്കുന്നത് ടെണ്ടര്‍ ക്ഷണിച്ചിട്ടാണ്. ഈ ടെണ്ടര്‍ അയയ്ക്കാന്‍ കമ്പനികള്‍ ചില ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കണം. അങ്ങനെയുള്ള കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങി കുറഞ്ഞ വിലയ്ക്ക് ജന്‍ ഔഷധി വില്‍ക്കുമ്പോള്‍ അതേ മരുന്ന് കൂടിയ വിലയ്ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ഈ കമ്പനികളില്‍ നിന്ന് വാങ്ങുന്ന മരുന്ന് ഡബിള്‍ ക്വാളിറ്റി പരിശോധന നടത്തിയാണ് ജന്‍ ഔഷധി വാങ്ങുന്നത്. ഇങ്ങനെ പരിശോധനയില്‍ ഗുണനിലവാരത്തിന് എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ സര്‍ക്കാര്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഡബിള്‍ ക്വാളിറ്റി പരിശോധന ഉള്ളത്കൊണ്ട് തന്നെ പല ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ ഗുണനിലവാരം ജന്‍ ഔഷധിയിലെ മരുന്നുകള്‍ക്കുണ്ട്.  

'ഞാന്‍ എന്റെ അച്ഛനും അമ്മയ്ക്കും മരുന്നുകള്‍ മേടിച്ചുക്കൊണ്ടിരുന്നത് മറ്റു മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നായിരുന്നു. ഇപ്പോള്‍ 4 മാസമായി ജന്‍ ഔഷധിയില്‍ നിന്നാണ് മേടിക്കുന്നത്. മുന്‍പ് മാസം 4,000 രൂപയിലധികം ചെലവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 1,500 രൂപയ്ക്കടുത്ത് മാത്രമാണ് ഒരു മാസം ചെലവ്. ആദ്യമൊക്കെ ഗുണനിലവാരം ഉണ്ടാകുമോ എന്ന സംശയമാണ് ജന്‍ ഔഷധിയില്‍ നിന്ന് മരുന്ന് മേടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നാല്‍ ആ തെറ്റിദ്ധാരണ മാറിയപ്പോള്‍ ഇപ്പോള്‍ സ്ഥിരം ജന്‍ ഔഷധിയില്‍ നിന്നാണ് മരുന്നുകള്‍ മേടിക്കുന്നത് ', ബാലരാമപുരം സ്വദേശി പ്രശാന്ത് പറഞ്ഞു.      

2024 മാര്‍ച്ച് മാസത്തോടെ ജന്‍ ഔഷധി പരിയോജന കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 406 ജില്ലകളിലെ 3575 ബ്ലോക്കുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡിപ്പാര്‍ട്മെന്റ് ഓഫ് ഫര്‍മസ്യൂട്ടിക്കല്‍സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ രാജ്യത്തെ 739 ജില്ലകളിലായി 8,710 വിപണന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.