Sections

ഇക്വിറ്റി നിക്ഷേപങ്ങള്‍ നടത്താം,ശ്രദ്ധയോടെ...

Monday, Oct 04, 2021
Reported By Admin
equity shares

ഇക്വിറ്റി നിക്ഷേപങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം..

 


ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നിങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ ഇക്വിറ്റി നിക്ഷേപം ആരംഭിക്കുന്നതിലൂടെ സാധിക്കും. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ് ഇക്വിറ്റി നിക്ഷേപങ്ങള്‍. സര്‍ക്കാറിന് കീഴിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിലും ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികളിലും സ്ഥിരമായ ആദായം വാഗ്ദാനം ചെയ്യുന്ന മറ്റ് നിക്ഷേപോപാധികളിലും നിക്ഷേപം നടത്തുന്നത് വഴി നിങ്ങള്‍ക്ക് ഉറപ്പുള്ള ആദായം ലഭിക്കും.എന്നാല്‍ അതേ സമയം പണപ്പെരുപ്പ നിരക്കും നികുതി ബാധ്യതകളും കണക്കിലെടുക്കുമ്പോള്‍ ഒടുവില്‍ നിങ്ങളുടെ പോക്കറ്റിലെത്തുന്ന തുക താരതമ്യേന ചെറിയ തുകയായിരിക്കുമെന്ന് കാണാം. ഇക്വിറ്റി അഥവാ ഓഹരി നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.


നിങ്ങള്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇക്വിറ്റികളില്‍ നേരിട്ട് നിക്ഷേപം നടത്തുവാന്‍ സാധിക്കും. എന്നാല്‍ തുടക്കക്കാരനായ ഒരു നിക്ഷേപകന് ഇത്തരത്തില്‍ നേരിട്ടുള്ള നിക്ഷേപ രീതി പലപ്പോഴും ഗുണകരമാകണമെന്നില്ല. എന്തെന്നാല്‍ ഇതിനായി ആദ്യം വിപണിയെക്കുറിച്ചും വിപണിയുടെ ചലനങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചു മനസ്സിലാക്കണം. ഒപ്പം നിക്ഷേപ തന്ത്രങ്ങളും മനസ്സിലാക്കണമെന്നതും പ്രധാനമാണ്. ആദ്യമായി നിക്ഷേപത്തിലേക്ക് ചുവടു വയ്ക്കുന്ന വ്യക്തിയ്ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് മതിയായ ധാരണയുണ്ടാവാതിരക്കാന്‍ സാധ്യതകളേറെയാണ്.


കൃത്യമായ അറിവില്ലാതെ നിക്ഷേപത്തിലേക്ക് കടന്നാല്‍ അത് നിങ്ങളെ നഷ്ടങ്ങളിലേക്കാണ് നയിക്കുക. അതുകൊണ്ട് സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഓഹരികളില്‍ നിക്ഷേപിക്കുവാനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. കാരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തെക്കുറിച്ചും വിപണിയെക്കുറിച്ചും ആഴത്തില്‍ അവഗാഹമുള്ള ഫണ്ട് മാനേജര്‍മാരായിരിക്കും നിങ്ങളുടെ തുക വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്. ദീര്‍ഘ കാലത്തേക്ക് അതായത് ഏറ്റവും ചുരുങ്ങിയത് 10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെയെങ്കിലും നിക്ഷേപം നടത്തുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് മാത്രമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ഗുണകരമാവുക. വിപണിയിലെ ചാഞ്ചാട്ടവും അസ്ഥിരതയും കാരണം ഹ്രസ്വ കാലാടിസ്ഥാനത്തിലും ഇടക്കാലത്തേക്കുമുള്ള നിക്ഷേപങ്ങളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കാതെ വരും.

 


പല തരത്തിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഫണ്ടുകള്‍ അവയ്ക്ക് ഉദാഹരണങ്ങളാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ ലാര്‍ജ് ക്യാപ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. അതായത് വിപണി മൂലധനമനുസരിച്ച് 1 മുതല്‍ 100 സ്ഥാനങ്ങളില്‍ വരെ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികളില്‍.അതുപോലെ മിഡ് ക്യാപ് ഫണ്ടുകള്‍ മിഡ് ക്യാപ് കമ്പനികളുമായും ബന്ധപ്പെട്ടിരിക്കുന്നു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250 വരെയുള്ള റാങ്കുകളിലുള്ള കമ്പനികളാണ് മിഡ് ക്യാപ് കമ്പനികള്‍. വിപണി മൂലധനത്തില്‍ 250ന് ശേഷം റാങ്കിംഗിലുള്ള കമ്പനികളാണ് സ്മോള്‍ ക്യാപ് കമ്പനികള്‍. സ്മോള്‍ ക്യാപ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത് ഇത്തരം കമ്പനികളിലാണ്.


സ്മോള്‍ ക്യാപ് പണ്ടുകളേക്കാളും മിഡ് ക്യാപ് ഫണ്ടുകളേക്കാളും നഷ്ട സാധ്യത ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ കുറവാണെന്ന് കാണാം. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ സ്മോള്‍, മിഡ് ക്യാപ് ഫണ്ടുകളായിരിക്കും കൂടുതല്‍ മികച്ചത്. അതിനാല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുമ്പായി എത്ര മാത്രം റിസ്‌ക് എടുക്കുവാന്‍ സാധിക്കുമെന്ന് വിലയിരുത്തേണ്ടതുണ്ട്. കുറഞ്ഞ അളവില്‍ മാത്രമേ റിസ്‌ക് എടുക്കുവാന്‍ നിങ്ങള്‍ക്ക് താത്പര്യമുള്ളൂ എങ്കില്‍ ലാര്‍ജ് ക്യാപ് കമ്പനികളില്‍ കമ്പനികളില്‍ നിക്ഷേപമുള്ള ഫണ്ടുകള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാം. അല്ലെങ്കില്‍ മള്‍ട്ടി ക്യാപ് ഫണ്ടിലും നിക്ഷേപം നടത്താവുന്നതാണ്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള കമ്പനികളിലും നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് മള്‍ട്ടി ക്യാപ് ഫണ്ടുകള്‍.


ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നികുതി കിഴിവ് ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ ഇഎല്‍എസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ്) സ്‌കീമില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്കാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി കിഴിവ് ലഭിക്കുക.തുടക്കക്കാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍. ആവറേജിംഗിന്റെ നേട്ടം സ്വന്തമാക്കുവാന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. കൂടാതെ നിക്ഷേപത്തിലും സമ്പാദ്യ ശീലത്തിലും അച്ചടക്കം കൊണ്ടുവരുവാനും എസ്ഐപി നിക്ഷേപത്തിലൂടെ കഴിയും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.