Sections

ഇ.ഡി മൂന്ന് മാസം കൊണ്ട് പിടിച്ചെടുത്തത് 100 കോടി

Sunday, Sep 11, 2022
Reported By admin
Enforcement Directorate

റെയ്ഡ് നടത്തി തുക കണ്ടുകെട്ടാന്‍ ഇഡിക്ക് അധികാരമുണ്ടെങ്കിലും കണ്ടെടുത്ത പണം അവരുടെ പക്കല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല

 

രാജ്യത്ത് അനധികൃതമായി പണം സൂക്ഷിക്കുന്നതും നികുതിവെട്ടിപ്പും തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിഭാഗം അതിതീവ്രമായ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇഡി കണ്ടുകെട്ടിയത് ഏകദേശം 100 കോടിയോളം രൂപയാണ്.മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായിയുടെ വസതിയില്‍ നിന്ന് 17 കോടിയിലധികം രൂപ പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.എട്ട് ബാങ്ക് ഉദ്യോഗസ്ഥരും കറന്‍സി എണ്ണുന്ന യന്ത്രവുമുപയോഗിച്ചാണ് പിടിച്ചെടുത്ത 100 കോടി ഇഡി ഉദ്യോഗസ്ഥര്‍ എണ്ണിയത്.

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 50 കോടി രൂപ കണ്ടെടുത്തതോടെയാണ് ഇഡി പിടിച്ചെടുത്ത തുക ചരിത്രത്തിലാദ്യമായി ഈ കുറഞ്ഞ കാലയളവില്‍ 100 കോടി കടന്നത്.24 മണിക്കൂറോളം നീണ്ടുനിന്ന പിടിച്ചെടുത്ത പണത്തിന്റെ കണക്കെടുപ്പിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പോലും മടുത്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആഴ്ചകളില്‍ തന്നെയാണ് ജാര്‍ഖണ്ഡ് ഖനന അഴിമതിക്കേസില്‍ 20 കോടി രൂപ ഇഡി പിടിച്ചെടുത്തത്.

റെയ്ഡ് നടത്തി തുക കണ്ടുകെട്ടാന്‍ ഇഡിക്ക് അധികാരമുണ്ടെങ്കിലും കണ്ടെടുത്ത പണം അവരുടെ പക്കല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇഡി റെയ്ഡില്‍ പണം പിടിച്ചെടുക്കുമ്പോഴെല്ലാം അതിന്റെ ഉറവിടം വിശദീകരിക്കാന്‍ പ്രതിക്ക് അവസരം നല്‍കും. നിയമാനുസൃതമായ ഉത്തരം നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താനായില്ലെങ്കില്‍ ആ പണം കണക്കില്‍പ്പെടാത്ത പണമായും അനധികൃതമായി സമ്പാദിച്ച പണമായും കണക്കാക്കും.

ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്കാണ് ഈ പണമെത്തുക.എന്നാല്‍ പിടിച്ചെടുത്ത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ ബാങ്കിനോ സര്‍ക്കാരിനോ ഉപയോഗിക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട കേസില്‍ വിചാരണ അവസാനിക്കുന്നതുവരെ പണം ബാങ്കില്‍ കിടക്കും. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പണം കേന്ദ്രത്തിന്റെ സ്വത്തായി മാറും. അതേസമയം പ്രതിയെ കോടതി തിരികെ വിട്ടാല്‍ പണവും തിരികെ നല്‍കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.