Sections

ഞായര്‍ ലോക്ഡൗണിന് സമാനം; അവശ്യ സര്‍വ്വീസുകള്‍ മാത്രം

Thursday, Jan 20, 2022
Reported By admin
covid

ശനി,ഞായര്‍ ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

 

അനിയന്ത്രിതമായി കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍.ജനുവരി 23,30 എന്നീ ഞായറാഴ്ചകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍,ക്യാന്‍സര്‍ രോഗികള്‍,തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവാദം നല്‍കും.അതിനായി ഡോക്ടര്‍ സര്‍ട്ടിഫിക്കേറ്റ് മാത്രം ഹാജരാക്കേണ്ടി വരും.

വ്യാപാര സ്ഥാപനങ്ങള്‍,മാളുകള്‍,ബീച്ചുകള്‍,തീം പാര്‍ക്കുകള്‍ അടക്കം വിനോദകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതായും സ്ഥാപനങ്ങള്‍ ഉറപ്പിക്കണം.

ശനി,ഞായര്‍ ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും.

കോവിഡ് സാഹചര്യത്തില്‍ ആശുപത്രികളില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി കൊണ്ടാകും ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചയും നല്‍കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി എന്നിങ്ങനെ ജില്ലകളെ മൂന്നായി തിരിക്കും.എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഗ്രൂപ്പിലുള്ള ജില്ലകളെ പ്രഖ്യാപിക്കും.

എ കാറ്റഗറിയില്‍ സാമൂഹ്യ,സാംസ്‌കാരിക,മത സാമുദായിക,രാഷ്ട്രീയ,പൊതു പരിപാടികള്‍ക്കും,വിവാഹം,മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ബി കാറ്റഗറിയില്‍ സാമൂഹ്യ,സാംസ്‌കാരിക,മത,സാമുദായിക,രാഷ്ട്രീയ,പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.വിവാഹം മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമെ അനുവദിക്കു.

സി കാറ്റഗറിയില്‍ സാമൂഹ്യ,സാംസ്‌കാരിക,മത,രാഷ്ട്രീയ,സാമുദായിക,രാഷ്ട്രീയ,പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.വിവാഹം,മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമെ അനുവദിക്കു.സിനിമ തിയേറ്ററുകള്‍,സ്വിമ്മിംഗ് പൂളുകള്‍,ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും10,12 ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കണം.റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ ആണെങ്കില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും. കൊവിഡിതര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റില്‍ കൊവിഡ് വാര്‍ റും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്.

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എറണാകുളം,ആലപ്പുഴ,കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍ വരുന്നത്.പാലക്കാട്,ഇടുക്കി,തിരുവനന്തപുരം,പത്തനംതിട്ട,വയനാട് ജില്ലകളാണ് ബി കാറ്റഗറിയില്‍.സി കാറ്റഗറിയില്‍ വരുന്ന ജില്ലകള്‍ ഇപ്പോള്‍ ഇല്ല.

ഒമിക്രോണ്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നത് അതുകൊണ്ട് സംസ്ഥാനത്ത് നല്ല ജാഗ്രത ഉണ്ടാകണം എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.രോഗബാധിതര്‍ കൂടുതലും വീടുകളിലാണുള്ളത്. അതിനാല്‍ ടെലിമെഡിസിന്‍ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കു വഹിക്കാനാകും. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികള്‍ വീടുകള്‍ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.