Sections

മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്‌കോ അംഗീകാരം ലഭിക്കാൻ കൂട്ടായ പരിശ്രമം വേണം- സ്‌പൈസ് റൂട്ട് ഉച്ചകോടി

Wednesday, Jan 07, 2026
Reported By Admin
Experts Call for Collective Effort for UNESCO Status of Muziris

കൊച്ചി: മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്കോ അംഗീകാരം ലഭിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട് ഉച്ചകോടിയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. മുസിരിസുമായി ബന്ധമുണ്ടായിരുന്ന ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രതലത്തിൽ സഹകരണം ഉറപ്പാക്കി വേണം ഈ നടപടികളുമായി മുന്നോട്ടു പോകാനെന്ന് ഉച്ചകോടിയിൽ നടന്ന ചർച്ചയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിൻറെ സഹകരണത്തോടെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ഡോ. വേണു വി, ഇൻറർനാഷണൽ കൗൺസിൽ ഫോർ മോണ്യുമൻറ്സ് ആൻഡ് സൈറ്റ്സ് (ഐസിമോസ്) പ്രസിഡൻറ് ഡോ. റിമ ഹൂജ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

മുസിരിസ് പട്ടണത്തിന് ലോകത്തിൻറെ മറ്റ് സ്ഥലങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡോ. റിമ പറഞ്ഞു. ഇത് ഒരു നിശ്ചിതസ്ഥലത്ത് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. അതിനാൽ തന്നെ മുസിരിസ് പൈതൃക ഇടങ്ങളുടെ ശൃംഖല തന്നെ ഉണ്ടാക്കിയെടുത്ത് അവതരിപ്പിക്കണം. മറ്റേതെങ്കിലും രാജ്യങ്ങളുമായി മുസിരിസിന് ഉണ്ടായിരുന്ന ബന്ധം പൂർണമായും ഉപയോഗപ്പെടുത്തണം. അതിനായി കേന്ദ്രസർക്കാരുമായി ചേർന്ന് നയതന്ത്രതലത്തിൽ ഈ രാജ്യങ്ങളുമായി ബന്ധം വികസിപ്പിച്ചെടുക്കണം. അത് എത്ര ചെറിയ രാജ്യമാണെങ്കിലും ഇതുമായി മുന്നോട്ടു പോകണമെന്നും അവർ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിൻറെ പിന്തുണ വളരെ പ്രധാനമാണെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി. ഇത്തരം സമ്മേളനങ്ങളിലൂടെ പൈതൃകപദ്ധതിയുടെ ഗൗരവം ദേശീയതലത്തിൽ എത്തിക്കാൻ സാധിക്കും. ഈ ഉച്ചകോടിയ്ക്ക് ശേഷമുള്ള സംക്ഷിപ്തം ടൂറിസം വകുപ്പ് നേരിട്ട് തന്നെ കേന്ദ്ര സാംസ്ക്കാരിക-ടൂറിസം മന്ത്രാലയത്തിൽ എത്തിക്കുകയും അതിൽ നിശ്ചിത ഇടവേളകളിൽ അന്വേഷണങ്ങൾ നടത്തുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

യുനെസ്കോ പൈതൃക അംഗീകാരം നേടിയെടുക്കാൻ ചൈന എടുക്കുന്ന നടപടികൾ ഇപ്പോൾ ഇന്ത്യയും പിന്തുടരുന്നുണ്ടെന്ന് ഡോ. വേണു പറഞ്ഞു. പൈതൃക പദ്ധതിയിടങ്ങളുടെ വികസനത്തിനായി കൂടുതൽ ഫണ്ട് ലഭ്യമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേണിംഗ് ആൻഡ് സസ്റ്റെയിനിംഗ് ട്രാൻസ്നാഷണൽ ഹെറിറ്റേജ് കോറിഡോർ- പോളിസി പാത്ത് വെയ്സ് എന്ന വിഷയത്തിലാണ് ഇരുവരും സംസാരിച്ചത്.

പൈതൃക മേഖലകളായാലും ടൂറിസം മേഖലകളായാലും സഞ്ചാരികൾ ഇന്ന് ആശ്രയിക്കുന്നത് ആധുനിക സാങ്കേതികവിദ്യകളെയാണെന്ന് ഡിജിറ്റൽ സ്പൈസ് റൂട്ട്സ് ടെക്നോളജി, ഇമേഴ്സീവ് മീഡിയ, ആൻഡ് ദി ഫ്യൂച്ചർ ഓഫ് ഹെറിറ്റേജ് ഇൻറർപ്രട്ടേഷൻ എന്ന വിഷയത്തിൽ നടന്ന ചർച്ച അഭിപ്രായപ്പെട്ടു. സഞ്ചാരികൾ ഡിജിറ്റൽ ഉള്ളടക്കത്തിലൂടെ നന്നായി ഗൃഹപാഠം ചെയ്താണ് ഓരോ സ്ഥലത്തേക്കും എത്തുന്നതെന്ന് സ്റ്റോറി ടെല്ലറായ രാജീഷ് രാഘവൻ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ പൊതുമണ്ഡലത്തിനപ്പുറത്തുള്ള വിവരങ്ങൾ മനസിലാക്കാൻ ആതിഥേയർ ശ്രദ്ധിക്കണം.

പൈതൃക പദ്ധതികളുടെ ലയനാനുഭവമാണ് (ഇമേഴ്സീവ് എക്സ്പീരിയൻസ്) ഭാവിയുടെ സാങ്കേതിക വിദ്യയെന്ന് എക്സ്ആർ ഹൊറൈസൺ സിഇഒ ഡെൻസിൽ ആൻറണി ചൂണ്ടിക്കാട്ടി. ഈ അനുഭവത്തിലൂടെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേവലം ബുക്കിംഗിനപ്പുുറത്തേക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഉപഭോക്താക്കൾ ഓരോ ലക്ഷ്യസ്ഥാനങ്ങളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നതെന്ന് ബുക്കിംഗ് ഡോട്കോം ഇന്ത്യാ മേധാവി അരുൺ അശോക് പറഞ്ഞു. ഓരോ ലക്ഷ്യസ്ഥാനത്തെക്കുറിച്ചും കഴിയാവുന്നത്ര വിവരങ്ങൾ പ്രാദേശികമായി തന്നെ മനസിലാക്കാൻ ആതിഥേയവ്യവസായത്തിലുള്ളവർ ശ്രദ്ധിക്കണമെന്ന് കൊച്ചി ഹെറിറ്റേജ് പ്രൊജക്ട് സ്ഥാപകൻ ജൊഹാൻ കുരുവിള പറഞ്ഞു. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എംഡി ഷാരോൺ വി മോഡറേറ്ററായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.