Sections

സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി

Friday, Feb 24, 2023
Reported By Admin
Clay Products

സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു


കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരം, അട്ടക്കുളങ്ങര ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻവശം, തമ്പാന്നൂർ ശ്രീകുമാർ തിയേറ്ററിനു മുൻവശം, പുത്തരിക്കണ്ടം മൈതാനത്തിനു മുൻവശം, കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപാസിനു കിഴക്കുവശം എന്നിവിടങ്ങളിൽ കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊങ്കാല കലങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മാർച്ച് 4, 6 തീയതികളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലും വിൽപ്പനയുണ്ടാകും. മാർച്ച് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വികാസ് ഭവനിലും 11 മണി മുതൽ പബ്ലിക് ഓഫിസിലും വിപണനശാലയെത്തും. വിവിധ തരത്തിലുള്ള അലങ്കാര പാത്രങ്ങളുടെ വിൽപ്പനയുമുണ്ടാകും.

സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ സി. ഹരികുമാർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. ദേവീദാസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ, അഡിഷണൽ ഡയറക്ടർ എസ്. ലത തുടങ്ങിയവരും പങ്കെടുത്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.