Sections

ഓഗസ്റ്റ് 1 മുതല്‍ വിവിധ ബാങ്കിങ് ഇടപാടുകളില്‍ മാറ്റം

Saturday, Jul 31, 2021
Reported By
RBI

കൂടുതല്‍ തുക ഈടാക്കും; പരിഷ്‌കാരം ഇങ്ങനെ

ഓഗസ്റ്റ് ഒന്നുമുതല്‍ ബാങ്കിങ് രംഗത്ത് നിരവധി പരിഷ്‌കാരങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

എടിഎം ഇടപാടിന് ചുമത്തുന്ന ഇന്റര്‍ചെയ്ഞ്ച് ഫീസിന്റെ ഘടന റിസര്‍വ് ബാങ്ക് പരിഷ്‌കരിച്ചത് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇടപാടിന് ചുമത്തുന്ന ഇന്റര്‍ചെയ്ഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായാണ് ഉയര്‍ത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ജൂണിലാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഉയര്‍ത്തുന്നത്. എടിഎം പ്രവര്‍ത്തിപ്പിക്കുന്നതിന് വരുന്ന ചെലവ് പരിഹരിക്കുന്നതിനാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് വര്‍ധിപ്പിച്ചത്.

സാമ്പത്തികേതര ഇടപാടുകളുടെ ഇന്റര്‍ചെയ്ഞ്ച് ഫീസ് അഞ്ചില്‍ നിന്ന് ആറു രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോഴാണ് ഉപയോക്താവില്‍ നിന്ന് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഈടാക്കുന്നത്.

വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ സേവനത്തിനും 20 രൂപ മുതലാണ് ചാര്‍ജ് ചെയ്യുന്നത്. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. നിലവില്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല.

അതേസമയം വാതില്‍പ്പടി സേവനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഒരു ഉപഭോക്താവ് ഒന്നിലധികം ഇടപാടുകള്‍ നടത്തിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കില്ല. ഒന്നിലധികം ആളുകള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തിയാല്‍ അതിനെ പ്രത്യേക ബാങ്കിങ് ഇടപാടായി കണ്ട് അവരില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു.

കൂടാതെ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ദിവസവും ലഭ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ലോണിന്റെ തിരിച്ചടവ് ഇതിനാല്‍ നടക്കും. മുന്‍പ് അവധി ദിവസങ്ങളിലാണ് ലോണിന്റെ തിരിച്ചടവ് തിയതിയെങ്കില്‍ ആ ദിവസം അക്കൗണ്ടില്‍ നിന്ന് കാശ് പിടിക്കാതെ അടുത്ത പ്രവര്‍ത്തി ദിവസമായിരുന്നു കാശ് പിടിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ബാങ്ക് അവധി ദിവസം ആയാലും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക പിടിക്കും.

ശമ്പളം, സബ്സിഡികള്‍, ലാഭവീതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്മെന്റ് സംവിധാനമായ കൂടാതെ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ദിവസവും ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.