- Trending Now:
കൊച്ചി: രാജ്യത്തെ വിദ്യാർത്ഥികൾക്കായി സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) (സിഡിഎസ്എൽ) റീഇമാജിൻ ഐഡിയത്തോൺ 2.0 അവതരിപ്പിച്ചു. 2026-ലെ ലോക നിക്ഷേപക വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് 'സമജ് സേ ഇൻവെസ്റ്റിംഗ് സിമ്പിൾ' എന്ന പ്രമേയത്തിലാണ് നിക്ഷേപക വാരം ആചരിക്കുന്നത്. നിക്ഷേപകർക്കിടയിൽ സാമ്പത്തിക അവബോധവും സൈബർ സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കാൻ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ക്ഷണിക്കുന്നതാണ് ഈ ഐഡിയത്തോൺ.
2026 ഒക്ടോബർ 7 മുതൽ ഐഡിയത്തോണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന ആദ്യ അഞ്ച് ടീമുകൾക്കായി 11.5 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് സിഡിഎസ്എൽ ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://ideathon.cdslindia.com/ സന്ദർശിക്കാവുന്നതാണ്.
രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 23 കോടി കടന്നതോടെ സെക്യൂരിറ്റീസ് വിപണിയിലെ ജനങ്ങളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സെബിയുടെ 2025-ലെ നിക്ഷേപക സർവേ പ്രകാരം, രാജ്യത്തെ 33.72 കോടി കുടുംബങ്ങളിൽ ഏകദേശം 3.21 കോടി കുടുംബങ്ങൾ സെക്യൂരിറ്റീസ് വിപണിയിൽ നിക്ഷേപം നടത്തുന്നവരാണ്. എന്നാൽ സർക്കാരിന്റെ കണക്കുകൾ പ്രകാരം 2025-ൽ സൈബർ തട്ടിപ്പുകളിലൂടെ 22,495 കോടി രൂപയാണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇതിൽ 76 ശതമാനവും വ്യാജ നിക്ഷേപ, ട്രേഡിംഗ് തട്ടിപ്പുകളിലൂടെയാണ് സംഭവിച്ചത്. ഈ സാഹചര്യത്തിൽ കൃത്യമായ സാമ്പത്തിക അവബോധവും ഡിജിറ്റൽ സുരക്ഷയും അനിവാര്യമാണെന്ന് സിഡിഎസ്എൽ ചൂണ്ടിക്കാട്ടുന്നു.
സെക്യൂരിറ്റീസ് വിപണി കൂടുതൽ പേരിലേക്ക് എത്തുന്നതിൽ രാജ്യം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിവരങ്ങൾ വിലയിരുത്താനും കൂടുതൽ ആത്മവിശ്വാസത്തോടെ വിപണിയിൽ പങ്കുചേരാനും നിക്ഷേപകരെ സഹായിക്കുക എന്നതാണ് അടുത്ത ഘട്ടമെന്ന് സിഡിഎസ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നെഹാൽ വോറ വ്യക്തമാക്കി. നിക്ഷേപകർക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമാണ് ബോധവൽക്കരണം നൽകേണ്ടതെന്നും കുട്ടികളിൽ സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനായി അമർ ചിത്ര കഥയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെബിയുടെ 'പ്രൊജക്ട് ജാഗരൂക്', വിദ്യാർത്ഥികൾക്കായുള്ള 'മസ്റ്റ്' സംരംഭം എന്നിവയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് സിഡിഎസ്എല്ലിന്റെ ഈ ഐഡിയത്തോൺ.
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, ചാറ്റ്ബോട്ടുകൾ, ഗെയിമുകൾ, സിമുലേഷനുകൾ, ബോധവൽക്കരണ കാമ്പെയ്നുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റുകൾ എന്നിങ്ങനെ അനുയോജ്യമായ ഏത് സാങ്കേതികവിദ്യയിലൂടെയും ആശയങ്ങൾ അവതരിപ്പിക്കാം. ടിസിഎസിന്റെ മുൻ സിഇഒയും എംഡിയുമായ എസ്. രാമദൊരൈ അധ്യക്ഷനായ വിദഗ്ധ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ റീഇമാജിൻ ഐഡിയത്തോണിന് 21 സംസ്ഥാനങ്ങളിൽ നിന്നായി 100-ഓളം സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.