Sections

റോഡപകടങ്ങൾ ഇല്ലാതാക്കാൻ 'ക്രാഷ്ഫ്രീ ഇന്ത്യ'യുമായി കാർസ് 24

Tuesday, Jun 24, 2025
Reported By Admin
Cars24 Launches 'Crash-Free India' Mission to Eliminate Road Accident Deaths by 2040

കൊച്ചി: ഇന്ത്യയിൽ ഓരോ നാല് മിനിറ്റിലും ഒരാൾ വാഹനാപകടത്തിൽപെട്ട് മരിക്കുന്നു എന്നാണ് കണക്ക്. ഇതിനൊരു മാറ്റമുണ്ടാക്കാൻ കാർസ് 24 'ക്രാഷ്ഫ്രീ ഇന്ത്യ'എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 2040 ഓടെ റോഡപകട മരണങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാർസ് 24 ക്രാഷ്ഫ്രീ ഇന്ത്യ മിഷൻ ആരംഭിച്ചിരിക്കുന്നത്.

ക്രാഷ് ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ, നയ പരിഷ്കരണം, റോഡ് ഡിസൈൻ, സാങ്കേതികവിദ്യ, റോഡിലെ പെരുമാറ്റ വൈകല്യങ്ങൾ എന്നിവയിൽ മാറ്റം കൊണ്ടു വന്നാണ് 'ക്രാഷ്ഫ്രീ ഇന്ത്യ' എന്ന ലക്ഷ്യം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആഗോളതലത്തിൽ സംഭവിക്കുന്ന റോഡപകട മരണങ്ങളിൽ ഏകദേശം 11% ഇന്ത്യയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, നിയമം നടപ്പാക്കുന്നതിലെ അപര്യാപ്തത തുടങ്ങിയവയാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്.

ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അപകടമേഖലകൾ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക, ഇതിനാവശ്യമായ എഐ അധിഷ്ഠിത സംവിധാനങ്ങൾ പൊതുജനങ്ങളുടെയും സർക്കാരിന്റെയും ഉപയോഗത്തിനും വേണ്ടി നിർമിക്കുക തുടങ്ങിയവയും ക്രാഷ്ഫ്രീ ഇന്ത്യ' പരിപാടിയിലൂടെ നടത്തും. ഇതിനായി വിവിധ ഗതാഗത വകുപ്പുകളുമായും എൻഫോഴ്സ്മെന്റ് ഏജൻസികളുമായും ചേർന്ന് പൊതുജനങ്ങളുടേയും റോഡ് ഡിസൈനർമാരുടേയും സഹായത്തോടെ പ്രവർത്തിക്കും. ഇന്ത്യൻ റോഡ് സേഫ്റ്റി കൗൺസിലിന്റെ (ഐആർഎസ്സി) സഹസ്ഥാപകരായ റോഡ് സുരക്ഷാ വിദഗ്ധരായ അമർ ശ്രീവാസ്തവ, ദീപാൻഷു ഗുപ്ത എന്നിവർ ഉപദേശം നൽകുന്ന വിഷൻ സീറോ ട്രസ്റ്റാണ് ക്രാഷ്ഫ്രീ ഇന്ത്യ നടപ്പിലാക്കുന്നത്.

ക്രാഷ്ഫ്രീ ഇന്ത്യയുടെ ഭാഗമാകാൻ താത്പര്യമുള്ള സർക്കാർ ഏജൻസികൾ, എൻജിഒകൾ, സ്റ്റാർട്ടപ്പുകൾ, ടൗൺ പ്ലാനർമാർ, അക്കാദമിക് സ്ഥാപനങ്ങൾ, പൗരന്മാർ, വിവിധ സംഘടനകൾ എന്നവർക്ക് www.crashfreeindia.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ നൽകാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.