- Trending Now:
സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസറാണ് സ്തനാർബുദം. അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും മുഴകൾ രൂപപ്പെടുകയും ചെയ്യുന്ന ഒരു രോഗമാണ് സ്തനാർബുദം. ശ്രദ്ധിച്ചില്ലെങ്കിൽ, മുഴകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും മാരകമായി മാറുകയും ചെയ്യും. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
സ്ത്രീകളുടെ പേടിസ്വപ്നമാണ് സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് ഈ രോഗത്തെ ഭീതിജനകമാക്കുന്നത്. ഇന്ത്യയിലെ മാത്രം കാര്യമെടുത്താൽ സ്തനാർബുദത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ എത്തുമ്പോഴാണ് പലരും തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും. സ്തനാർബുദത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണമെങ്കിൽ രോഗലക്ഷണങ്ങൾ ആദ്യം മനസ്സിലാക്കണം.
പാരമ്പര്യമായി ലഭിച്ച ചില ഉയർന്ന പെനിട്രൻസ് ജീൻ മ്യൂട്ടേഷനുകൾ സ്തനാർബുദ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു, BRCA1, BRCA2, PALB-2 എന്നീ ജീനുകളിലെ മ്യൂട്ടേഷനുകളാണ് ഏറ്റവും പ്രബലമായത്.
സ്തനത്തിൽ മുഴ, തടിപ്പ്, കക്ഷത്തിൽ മുഴ, സ്തനത്തിന്റെ തൊലിയിൽ നിറവ്യത്യാസം, വേദനയില്ലാത്ത മുറിവുകൾ, മുലക്കണ്ണിൽ നിന്ന് നീര് വരിക, വേദന, വ്രണങ്ങൾ എന്നിവയെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഈ ലക്ഷണങ്ങൾ മറ്റ് അസുഖത്തിന്റെ കൂടി ലക്ഷണങ്ങളാണ്. ഡോക്ടറുടെ നിർദേശപ്രകാരം ബയോപ്സി ചെയ്തതിനുശേഷമാണ് സ്തനാർബുദമുണ്ടോ എന്ന കാര്യം ഉറപ്പിക്കാൻ സാധിക്കുക.
ആരംഭത്തിൽ തന്നെ രോഗം മനസ്സിലാക്കിയാൽ ലളിതമായ ചികത്സാരീതികളിലൂടെ സ്തനം നീക്കം ചെയ്യാതെ തന്നെ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. സ്തനങ്ങളുടെ ആകൃതിയും സൗന്ദര്യവും നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ നടത്താനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. രോഗബാധിതമായ ഭാഗം മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ (breast conservation surgey) ചെയ്യാൻ സാധിക്കുന്ന സംവിധാനങ്ങൾ ഇന്നുണ്ട്. കൂടാതെ നീക്കം ചെയ്ത ഭാഗം പുനർനിർമ്മിക്കാൻ സഹായിക്കുന്ന ശസ്ത്രക്രിയകളും ഉണ്ട്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ (flap reconstruction), അതല്ലെങ്കിൽ മറ്റു കൃത്രിമ വസ്തുക്കളോ (breast implant devices) ഉപയോഗിച്ചാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്.
ശരിയായ ചികിത്സ ശരിയായ സമയത്ത് തേടുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് തുടർചികിത്സകളും. തുടർചികിത്സകളോട് വിമുഖത കാണിക്കുമ്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യതയിലേക്കാണ് നിങ്ങൾ വഴി തുറക്കുന്നത്. അതുകൊണ്ട് നിങ്ങളോട് നിർദ്ദേശിക്കുന്ന പ്രകാരം ആറ് മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കലോ തുടർചികിത്സ അനിവാര്യമാണ്.
വിട്ടുമാറാത്ത ചുമയ്ക്ക് വീട്ടിൽതന്നെ പരിഹാരം കാണാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.