Sections

സാമ്പത്തിക ഉൾപ്പെടുത്തലിൻറെ ഭാഗമായി ഗുജറാത്തിലെ ഗൊസാരിയയിൽ ബാങ്ക് ഓഫ് ബറോഡ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

Friday, Aug 15, 2025
Reported By Admin
BoB Mega Camp in Gujarat for Financial Inclusion

കൊച്ചി: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) രാജ്യവ്യാപക സാച്ചുറേഷൻ കാമ്പയിൻറെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഗൊസാരിയ ഗ്രാമത്തിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന പ്രചാരണത്തിൽ ഗ്രാമപഞ്ചായത്ത് നഗര പ്രാദേശിക സ്ഥാപനങ്ങളെ 100 ശതമാനം സാമ്പത്തിക, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ഗുജറാത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ (എസ്എൽബിസി) കൺവീനറായ ബാങ്ക് ഓഫ് ബറോഡയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ്, ആർബിഐ റീജിയണൽ ഡയറക്ടർ രാജേഷ് കുമാർ, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജറും എസ്എൽബിസി കൺവീനറുമായ അശ്വിനി കുമാർ, ഗൊസാരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൃപ്തിബെൻ അമൃത്ഭായി മിസ്ട്രി എന്നിവർ പങ്കെടുത്തു. വിവിധ ബാങ്കുകളുടെ മുതിർന്ന ഉദ്യോഗസ്ഥരും, ആയിരത്തിലധികം നാട്ടുകാരും പ്രമുഖ പ്രദേശ വാസികളും ചടങ്ങിൽ പങ്കാളികളായി.

മുഖ്യപ്രഭാഷണത്തിൽ സാമ്പത്തിക ഉൾക്കൊള്ളലിൻറെയും ബാങ്കിംഗ് സേവനങ്ങൾ ഓരോ പൗരനും ലഭ്യമാക്കുന്നതിൻറെയും പ്രാധാന്യം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഊന്നിപ്പറഞ്ഞു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് സാമ്പത്തിക ശക്തീകരണത്തിലേക്കുള്ള ആദ്യ പടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അക്കൗണ്ട് ഉടമകൾ അവരുടെ അക്കൗണ്ടുകൾ സജീവമായി പ്രവർത്തിപ്പിക്കണമെന്നും അക്കൗണ്ടുകൾ പ്രവർത്തനക്ഷമവും സുരക്ഷിതവുമായിരിക്കാനായി റി-കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിൻറെയും പ്രാധാന്യം ഗവർണർ പ്രത്യേകമായി വ്യക്തമാക്കി. വളരെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സേവനകളെക്കുറിച്ചു ആളുകൾ ജാഗ്രത പാലിക്കണമെന്നും, ആകർഷകമായി തോന്നാമെങ്കിലും ഉയർന്ന തട്ടിപ്പ് സാധ്യതയുള്ള ചില പദ്ധതികളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും ഗവർണർ പറഞ്ഞു. അദ്ദേഹം ബിസിനസ് കറസ്പോണ്ടൻറുമാരുമായും, സ്വയം സഹായ സംഘം അംഗങ്ങളുമായും, ക്യാമ്പിലെ മറ്റ് പങ്കാളികളുമായും നേരിട്ട് സംസാരിച്ചു.

സാമ്പത്തിക ഉൾക്കൊള്ളൽ എന്നത് തുല്യമായ വളർച്ചയ്ക്കും സാമൂഹിക ശക്തീകരണത്തിനും അടിത്തറയാണ്. ഇത്തരത്തിലുള്ള സാച്ചുറേഷൻ ക്യാംപെയിനുകൾ വഴി യോഗ്യതയുള്ള ഓരോ വ്യക്തികളുടെ അടുത്ത് എത്തിച്ചേരാനും സാമ്പത്തിക, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ അവസാന തലത്തേക്കും എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഗൊസാരിയയിലെ പങ്കാളിത്തവും ആവേശവും നമ്മുക്ക് ഒരുമിച്ച് സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനത്തെ കാണിക്കുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ പറഞ്ഞു. ബാങ്കിൽ അക്കൗണ്ടുള്ള എല്ലാ ഉപഭോക്താക്കളോടും അവരുടെ റി-കെവൈസി പൂർത്തിയാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പ്രകാരമുള്ള ക്ലെയിം ചെക്കുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പുതുതായി ചേർന്നവർക്ക് പിഎംജെജെബിവൈ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും, അടൽ പെൻഷൻ യോജന പ്രകാരമുള്ള അംഗത്വ രസീതുകളും നൽകി.

ഗൊസാരിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ ബാങ്ക് ശാഖകളും മെഗാ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക സേവനങ്ങളുടെയും സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാരിൻറെ ദീർഘ വീക്ഷണത്തിന് അനുസൃതമായി പ്രവർത്തിക്കാനുള്ള ബാങ്കിങ് രംഗത്തിൻറെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് മെഗാ ക്യാമ്പ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.